SignIn
Kerala Kaumudi Online
Tuesday, 21 April 2026 12.02 PM IST

ജ്ഞാനശിഖയിലെ ശങ്കരദീപം

Increase Font Size Decrease Font Size Print Page
a

അജ്ഞാനത്തിൽ ആണ്ടുപോയ ഭാരത സാംസ്‌കാരത്തിൽ ജ്ഞാനത്തിന്റെ വെളിച്ചം നിറച്ച് അക്ഷരവഴി തെളിച്ച ആദി ശങ്കരാചാര്യരുടെ ജയന്തി ദിനമാണ് ഇന്ന്. ജ്ഞാനത്തിന്റെ കെടാവിളക്കാണ് ആദി ശങ്കരാചാര്യർ. വൈശാഖ മാസത്തിലെ വെളുത്ത പക്ഷത്തിലെ പഞ്ചമിയാണ് ശങ്കരജയന്തി ദിനമായി ആഘോഷിക്കുന്നത്. അറിവാണ് സത്യമെന്ന് ഒരു ജനതയെ നിരന്തരം ഉദ്‌ബോധിപ്പിച്ച ശങ്കരാചാര്യരുടെ ജയന്തി, തത്ത്വജ്ഞാനി ദിനമായാണ് ആചരിക്കുന്നത്. ദാർശനികനും തത്ത്വജ്ഞനുമായ അദ്ദേഹം കൊളുത്തിയ ആത്മജ്ഞാനത്തിന്റെ ദീപമാണ് ഭാരതീയ തത്വചിന്തയ്ക്ക് കരുത്തു പകരുന്നത്.

വേദാന്ത തത്ത്വചിന്തയിൽ അധിഷ്ഠിതമായ അദ്വൈതത്തിന്റെ വക്താവും പ്രയോക്താവുമായിരുന്നു ശങ്കരാചാര്യ‌ർ. പരമജ്ഞാനത്തിന്റെ കൊടുമുടിയേറുമ്പോഴും സ്വയം അറിയുവാനുള്ള യാത്രയായിരുന്നു ശങ്കരന്റേത്. അദ്വൈത സിദ്ധാന്തത്തിന് യുക്തിഭദ്രമായ വ്യാഖ്യാനം നൽകിയ അദ്ദേഹത്തെ ഭാരത ദാർശനികന്മാരിൽ പ്രമുഖ സ്ഥാനം നൽകിയാണ് ലോകം ആദരിക്കുന്നത്. 32വയസുവരെയുള്ള ഹ്രസ്വമായ ജീവിത കാലത്തിനിടയിൽ ജ്ഞാനരഹസ്യം തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര ചരിത്രപരമായ ഏടുകളാണ്.

ക്രിസ്തുവിനു ശേഷം എട്ടാം ശതകത്തിന്റെ അന്തിമപാദവും ഒൻപതാം ശതകത്തിന്റെ ആദ്യപാദവുമാണ് ശങ്കരാചാര്യരുടെ ജീവിതകാലമായി ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് (എ.ഡി :788- 820). ചരിത്രരേഖകളിലെ അന്തരങ്ങൾ കാരണം അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ച് അഭിപ്രായാന്തരങ്ങൾ (ഉദാഹരണത്തിന് ബി.സി. അഞ്ചാം നൂറ്റാണ്ട്,​ എ.ഡി. ആറാം നൂറ്റാണ്ട് എന്നിങ്ങനെ) നിലവിലുണ്ട്, എങ്കിലും എട്ട്, ഒൻപത് നൂറ്റാണ്ടുകൾ എന്നതാണ് വ്യാപകമായി അംഗീകരിക്കപ്പെട്ട കാലഘട്ടം.

ഗുരുവിനായി

അന്വേഷണം

ശിവഗുരുവും ആര്യാംബയുമായിരുന്നു മാതാപിതാക്കൾ. പിതാവിന്റെ മരണശേഷം സന്ന്യാസത്തിനായി ശങ്കരൻ വീടു വിട്ടിറങ്ങി. ഉത്തര ഭാരതത്തിൽ,​ ഗോവിന്ദപാദർ എന്ന യോഗിയെക്കുറിച്ച് അറിഞ്ഞതോടെ അദ്ദേഹത്തെ അന്വേഷിച്ചായി യാത്ര. വേദത്തെ നാലായി ക്രമപ്പെടുത്തിയ വേദവ്യാസന്റെ ശിഷ്യ പരമ്പരയിൽപ്പെട്ട പണ്ഡിതനായിരുന്നു ഗോവിന്ദപാദർ എന്നാണ് വിശ്വാസം. നർമദാ നദിയുടെ തീരത്തുവച്ച് അദ്ദേഹം ഗോവിന്ദ ഭഗവത്പാദരെ കണ്ടുമുട്ടി. ശങ്കരന്റെ വിശദാംശങ്ങൾ അന്വേഷിച്ച അദ്ദേഹത്തോട്, അദ്വൈത വേദാന്തത്തിന്റെ പൊരുൾ ഉൾക്കൊള്ളുന്ന പത്തു ശ്ലോകങ്ങൾ നിമിഷാർദ്ധത്തിൽ സൃഷ്ടിച്ച് ശങ്കരൻ മറുപടി നല്കിയത്രേ!

ഭൂമിയല്ല ഞാൻ, ജലമല്ല, അഗ്നിയല്ല, വായുവല്ല, ആകാശമല്ല, ഇന്ദ്രിയങ്ങളോ മനസോ അല്ല, യാതൊരു വിധ മാറ്റത്തിനും വിധേയമാകാത്ത, എല്ലാം നശിച്ചാലും അവശേഷിക്കുന്ന, ലൗകിക ദു:ഖങ്ങൾക്കെല്ലാം അതീതമായ മംഗളസ്വരൂപമാണ് ഞാൻ എന്ന് അർത്ഥംവരുന്നതായിരുന്നു ശ്ളോകം. മതിപ്പു തോന്നിയ ഗോവിന്ദ ഭഗവത്പാദർ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. ദ്വൈതവാദത്തെ ഖണ്ഡിച്ച് അദ്വൈത വാദത്തെ പുനഃസ്ഥാപിക്കാനായി ശങ്കരാചാര്യർ ഭാരതം മുഴുവൻ സഞ്ചരിച്ചു. അദ്വൈതവാദത്തെ സ്ഥാപിക്കാനായി ശങ്കരാചാര്യർ നടത്തിയ യാത്രകളും വാദങ്ങളും 'ദിഗ്വിജയം' എന്ന് അറിയപ്പെടുന്നു.


അതിനിടെ 150-ൽ അധികം സംസ്‌കൃത ഗ്രന്ഥങ്ങൾ രചിച്ചു. പ്രസ്ഥാനത്രയം എന്നറിയപ്പെടുന്ന ഉപനിഷത്ത്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നിവകളുടെ ഭാഷ്യങ്ങളാണ് (വ്യാഖ്യാനങ്ങൾ) ഏറെ പ്രസിദ്ധം. ഭക്തിയും കാവ്യസൗന്ദര്യവും നിറഞ്ഞ ധാരാളം സ്‌തോത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 'വിവേകചൂഡാമണി" എന്ന കൃതിയിൽ അദ്ദേഹം അദ്വൈതചിന്തകളെ ലളിതമായി പ്രതിപാദിക്കുന്നു. ആത്മബോധം എന്ന കൃതി മനുഷ്യനും ബ്രഹ്മവുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നു. വ്യാസൻ പതഞ്ജലിയുടെ യോഗസൂത്രത്തിന് എഴുതിയ വ്യാഖ്യാനത്തിന് ശങ്കരാചാര്യർ വിവരണം എന്ന വ്യാഖ്യാനം എഴുതിയിട്ടുണ്ട്.

അറിവിന്റെ

ജനാധിപത്യം

ഹ്രസ്വമായ ജീവിതകാലത്ത് താൻ സമ്പാദിച്ച അറിവുകൾ കാലാതിവർത്തിയായി നിലനിൽക്കണമെന്ന ലക്ഷ്യത്തോടെയാണ് ആദിശങ്കരൻ നാലു മഠങ്ങൾ സ്ഥാപിച്ചത്. വടക്ക് ഉത്തരാഖണ്ഡിലെ ബദരീനാഥിൽ ജ്യോതിർമഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ ദ്വാരകാപീഠം, കിഴക്ക് ഒറീസയിലെ പുരിയിൽ ഗോവർദ്ധനമഠം, തെക്ക് കർണാടകയിലെ ശൃംഗേരിയിൽ ശാരദാപീഠം എന്നിവയാണ് ആ നാല് മഠങ്ങൾ. സുരേശ്വരാചാര്യർ, ഹസ്താമലകാചാര്യർ, പദ്മപാദാചാര്യർ, തോടകാചാര്യർ എന്നീ നാലു ശിഷ്യന്മാരെ മഠങ്ങളുടെ നടത്തിപ്പിന്റെ ചുമതല ഏല്പിക്കുകയും ചെയ്തു.

'അറിവിന്റെ ജനാധിപത്യം" എന്ന സങ്കല്പത്തിന്റെ പൂർത്തീകരണത്തിനായാണ് ശ്രീശങ്കരാചാര്യർ മഠങ്ങൾ സ്ഥാപിച്ചതും ഭാഷ്യങ്ങളും സ്വതന്ത്ര കൃതികളും രചിച്ചതും. ശ്രുതി, യുക്തി, അനുഭവം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിമർശനാത്മക ചർച്ചകൾ ഇന്നും ആധുനിക വൈജ്ഞാനിക രംഗത്തെ അനുകരണീയ മാതൃകകളാണ്. മഠങ്ങളുടെ ഭരണ നിർവഹണത്തിന് ആവശ്യമായ നിയമങ്ങൾ ഉൾകൊള്ളുന്ന ഗ്രന്ഥവും ശങ്കരാചാര്യർ രചിച്ചു. ഈ മഠങ്ങളിൽ ജിജ്ഞാസുക്കളായ സാധകർക്ക് താമസിച്ച് വേദാന്തം പഠിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും സൗകര്യമൊരുക്കി. ഒരർത്ഥത്തിൽ സർവകലാശാലകൾക്ക് സമാനമാണ് ഈ മഠങ്ങൾ.

ശ്രീശങ്കരന്റെ

ജ്ഞാനദർശനം

ആദിശങ്കരന്റെ ജന്മംകൊണ്ട് സാർത്ഥകമായ പെരിയാറിന്റെ കരയിലെ കാലടിയെന്ന പുണ്യഭൂമിയിൽ പിറവികൊണ്ട സംസ്‌കൃത സർവകലാശാല ലോകമെങ്ങും അദ്ദേഹത്തിന്റെ പേരിൽ ശോഭിക്കുകയാണ്. ശൃംഗേരി മഠമാണ് ശ്രീശങ്കരാചാര്യരുടെ നാമധേയത്തിൽ കാലടിയിൽ സംസ്‌കൃത സർവകലാശാല ആരംഭിക്കുന്നതിന് കാരണമായത്. 1991 ഡിസംബറിൽ ശൃംഗേരി മഠം നൽകിയ അഞ്ചുലക്ഷം രൂപയാണ് സർവകലാശാലയുടെ ആദ്യ സാമ്പത്തിക സ്രോതസ്. ശ്രീശങ്കരാചാര്യരുടെ സമ്പൂർണ കൃതികൾ പ്രസിദ്ധീകരിക്കുവാൻ സർവകലാശാലയ്ക്ക് സാധിച്ചു. സംസ്‌കൃത ഭാഷയെ പരിപോഷിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനും നിരവധി പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി.

അദ്വൈതം ശങ്കരനു ശേഷവും വളർന്നിരുന്നു എന്നതിനു തെളിവാണ് കേരളത്തിൽ ശങ്കരചിന്തയുടെ പിൻഗാമികളായ ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, ആഗമനാന്ദ സ്വാമികൾ തുടങ്ങിയവർ. ഈ അർത്ഥത്തിലാണ് ഈ നവോത്ഥാന നായകരുടെ പേരിൽ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പഠന കേന്ദ്രങ്ങൾ ആരംഭിച്ചത്. നവലോകത്തിന് ഉതകുന്ന വിധത്തിൽ സർവകലാശാലയുടെ തനിമ നിലനിർത്തിക്കൊണ്ട് സംസ്‌കൃത സർവകലാശാലയെ ശക്തിപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. വിദ്യാഭ്യാസത്തിലൂടെ നേടേണ്ട പരമമായ ലക്ഷ്യം താൻ ആരാണെന്നുള്ള തിരിച്ചറിവാണ്. ആദിശങ്കരൻ മുന്നോട്ടുവച്ച വിദ്യാഭ്യാസ ദർശനവും ശങ്കര ജയന്തി ആഘോഷങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശവും ഇതു തന്നെയാണ്.

( കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ വൈസ് ചാൻസലർ ആണ് ലേഖിക. അഭിപ്രായങ്ങൾ വ്യക്തിപരം)

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.