
വണ്ടൂർ: പാൽ ഉൽപാദന ചെലവ് ഉയർന്നിട്ടും പാലിന് ന്യായമായ വില ലഭിക്കാത്തത് ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കുന്നു. ചൂട് കടുത്തതോടെ പശുക്കളുടെ പാലുത്പാദനം കുറയുകയും പരിപാലനച്ചെലവ് കുത്തനെ ഉയരുകയും ചെയ്തത്ത് കർഷകർക്ക് വലിയ തിരിച്ചടിയായി മാറി. മൂന്നുവർഷം മുമ്പാണ് സംസ്ഥാനത്ത് അവസാനമായി പാൽവില വർദ്ധിപ്പിച്ചത്.
ക്ഷീര കർഷകരിൽ നിന്ന് സംഭരിക്കുന്ന പാലിന് ന്യായമായ വില ലഭ്യമാക്കുന്നതിന് പാൽവില വർദ്ധിപ്പിക്കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം നാല് രൂപ വീതം വർദ്ധിപ്പിക്കാൻ മിൽമ ബോർഡ് യോഗത്തിൽ തീരുമാനമെടുത്തിരുന്നെങ്കിലും തിരഞ്ഞെടുപ്പിനുശേഷം സർക്കാർ അതിൽ നിന്ന് പിന്മാറി. മൂന്നംഗ സമിതി ലിറ്ററിന് ആറ് രൂപ വരെ വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നുവെങ്കിലും നടപടിയായില്ല.
വേനൽച്ചൂട് പശുക്കളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ പാൽ ഉത്പാദനം 20 മുതൽ 30 ശതമാനം വരെ കുറയുകയാണെന്ന് കർഷകർ പറഞ്ഞു. ഒരു ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്നതിന് 55-60 ചെലവ് വരുന്നുണ്ട്. എന്നാൽ സൊസൈറ്റിയിൽ നിന്ന് കർഷകന് ലഭിക്കുന്ന വില 40-45 രൂപയാണ്. കാലിത്തീറ്റ ചാക്കിന് 1600 രൂപ മുതൽ മുകളിലേക്കാണ് വില. നല്ലയിനം പശുക്കൾക്ക് ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ മുതൽ മുടക്കണം. ഉത്പാദനച്ചെലവ് ഉയരുമ്പോഴും ആനുപാതികമായി പാലിന് ലഭിക്കുന്ന വിലയിൽ വർദ്ധനവില്ല.
ഇങ്ങനെ തുടരുകയാണെങ്കിൽ പശു വളർത്തൽ ഉപേക്ഷിക്കേണ്ടി വരുമെന്ന് കർഷകയായ ലിനി പറഞ്ഞു. പാൽ വില വർദ്ധിപ്പിക്കാൻ ക്ഷീര കർഷകരിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. വേനൽക്കാലത്ത് അകിടുവീക്കം അടക്കമുള്ള രോഗ സാധ്യത കൂടുതലാണ് ഇതിനുള്ള ചികിത്സ ചെലവും കൂടുതലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |