
തൃശൂർ: ഉണ്ണാതെ ഉറങ്ങാതെ കാത്തിരിപ്പിലായിരുന്നു അവർ... പൂരത്തിന് വെടിക്കെട്ട് ഒരുക്കുന്നത് തങ്ങളുടെ പ്രിയപ്പെട്ടവരെന്ന് അഭിമാനത്തോടെ പറഞ്ഞവർ... മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് അപകടം അറിഞ്ഞ് ചൊവ്വാഴ്ച വൈകിട്ടോടെ വേവലാതി പൂണ്ട് തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് പാഞ്ഞെത്തിയതാണ്. ഒരു ദിവസത്തോളം വരുന്ന കാത്തിരിപ്പിന് കണ്ണീർ വിരാമമിട്ട് മടങ്ങിയത്, അഭിമാനമായി പറഞ്ഞ അതേ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരവുമായി. കാണാതായ വിഷ്ണുവിന്റെ സഹോദരി വിജയശ്രീ, അഭിജിത്തിന്റെ സഹോദരൻ അഞ്ചൽ, കൊല്ലപ്പെട്ട വിജയന്റെ കൂട്ടുകാരൻ അജയൻ, മരിച്ചതും കാണാതായതുമായവരുടെ ബന്ധുക്കൾ, ഇവർക്കൊപ്പമെത്തിയവർ... മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുൻപിൽ സങ്കടക്കടലോടെ കാത്തിരുന്നവർ നിരവധി.
വീടുമാറി, വിധി മാറിയില്ല
രണ്ടര വർഷം മുൻപ് തീപ്പൊള്ളലേറ്റ് സഹോദരി മരിച്ച വീട്ടിൽ താമസിക്കാനാകാതെ മനക്കൊടിയിൽ നിന്നും പുതൂർക്കരയിലേക്ക് താമസം മാറിയയാളാണ് വിഷ്ണു വിനോദ് (35). വീട് മാറിയെങ്കിലും വിധി കനിഞ്ഞില്ല. മുണ്ടത്തിക്കോട്ടെ വെടിമരുന്ന് ശാലയിലെ സ്ഫോടനത്തിൽ വിഷ്ണുവിനെ കാണാനില്ല. തിരുവമ്പാടി ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് ആദ്യം ഓടിയെത്തുന്നയാളാണ് പരേതനായ വിജയകുമാറിന്റെ മകനായ വിഷ്ണു.
ഒരു കൈ സഹായത്തിനായാണ് അപകടമുണ്ടായ മുണ്ടത്തിക്കോടുമെത്തിയത്. അവസാനഘട്ടത്തിൽ സഹായിക്കുക മാത്രയായിരുന്നു ലക്ഷ്യം. ദുരന്തത്തിൽ ഉൾപ്പെട്ടവരിൽ മനക്കൊടി ഓലാട്ടുപടിക്കൽ വിഷ്ണുവുമുണ്ടെന്ന് കരുതുമ്പോഴും ഡി.എൻ.എ പരിശോധനയ്ക്കായി കാത്തിരിക്കുകയാണ് സഹോദരി വിജയശ്രീയും ബന്ധുക്കളും.
രാത്രി ഏറെ വൈകിയിട്ടും വിഷ്ണു ഫോൺ എടുക്കാതെ വതോടെയാണ് ദുരന്തത്തിൽ ഉൾപ്പെട്ടിരിക്കാമെന്ന സംശയം ഉയർന്നതെന്ന് വിഷ്ണുവിന്റെ ബന്ധു ഷൈൻ നെല്ലങ്കര പറഞ്ഞു. വൈകീട്ട് മൂന്നരയോടെ ഡി.എൻ.എ പരിശോധനയ്ക്ക് സാമ്പിൾ എടുക്കണമെന്ന് അറിയിച്ച സമയത്താണ് അമ്മ കാന്തിമതിയെ വിവരം അറിയിച്ചത്. മൂന്ന് ദിവസത്തിന് ശേഷമേ ഡി.എൻ.എ ഫലം പുറത്തുവരൂവെന്ന് ഷൈൻ പറഞ്ഞു. വടക്കുന്നാഥനിൽ വെടിക്കെട്ട് പ്രദർശനം നടക്കുന്ന സമയത്തും വിഷ്ണു സഹായിക്കാനെത്താറുണ്ടായിരുന്നു.
പൂരം ഗംഭീരമാക്കണമെന്ന് കരുതി, പക്ഷേ...
തൃശൂർ: പിതാവിന്റെ പാത പിന്തുടർന്നാണ് അഭിജിത്ത് ബാബു (28) വെടിക്കെട്ട് നിർമ്മാണത്തിൽ സജീവമായത്. ഇപ്പോൾ ഒമ്പതുവർഷമായി സജീവമാണ്. കഴിഞ്ഞ നവംബറിൽ അച്ഛൻ മരിച്ചശേഷമുള്ള ആദ്യ പൂരമാണിത്. അച്ഛനായി വെടിക്കെട്ട് ഗംഭീരമാക്കണമെന്ന ആഗ്രഹത്തിലാണ് മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണത്തിൽ ഇക്കുറിയും സജീവമായത്. എന്നാൽ, വിധി മറ്റൊന്നായി.
മരിച്ചവരെന്നു സംശയിക്കുന്നവരുടെ കൂട്ടത്തിൽ അഭിജിത്ത് ഉണ്ടാകരുതേയെന്ന പ്രാർത്ഥനയിൽ സ്വകാര്യ ആശുപത്രികളിൽ അടക്കം സഹോദരൻ അഞ്ചൽ ബാബു അന്വേഷിച്ചിരുന്നു. മോർച്ചറിക്കു മുമ്പിൽ സൃഹൃത്തുക്കൾക്കൊപ്പമാണ് എത്തിയത്. സമീപത്തെ ആശുപത്രികളിൽ സഹോദരൻ ഇല്ലെന്നു മാദ്ധ്യമപ്രവർത്തകർ മുഖാന്തിരം ഉറപ്പിച്ചതോടെ ഡി.എൻ.എ പരിശോധനയ്ക്കു രക്തസാമ്പിൾ നൽകുകയായിരുന്നു. പരിശോധനാ ഫലം വരാൻ മൂന്നു ദിവസംവരെയെടുക്കാമെന്നാണ് ലഭിച്ച വിവരം.
പുതൂർക്കര സ്വദേശി വിഷ്ണു, കോട്ടപ്പുറം സ്വദേശി ഗിരി എന്നിവർക്കൊപ്പമാണ് ഇക്കുറി വെടിക്കോപ്പ് നിർമാണത്തിനായി പോയത്. അവിവാഹിതനാണ്. അമ്മ: ജിജി. സഹോദരി: ആഗ്നസ്.
കണക്കെടുപ്പ് തുടങ്ങി...
സംഭവിച്ചത് വൻ
നാശനഷ്ടം
ടി.ഡി.ഫ്രാൻസീസ്
ആദ്യദിനത്തിൽ നൂറോളം വീടുകൾക്ക് തകരാർ കണ്ടെത്തി
വടക്കാഞ്ചേരി: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും സംഭവിച്ചത് വൻനാശനഷ്ടം. റവന്യൂ വകുപ്പും, വടക്കാഞ്ചേരി നഗരസഭയും സംയുക്തമായി നടത്തുന്ന പരിശോധനയ്ക്ക് ഇന്നലെ തുടക്കമായി. നഗരസഭ എ.ഇ, ഓവർസിയർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. ആദ്യദിനത്തിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. നൂറോളം വീടുകൾക്കാണ് കേടുപാടുകൾ. ജനൽച്ചില്ല് തകർച്ച, ചുമരിൽ വിള്ളൽ, ട്രസ് വർക്കുകൾക്ക് തകരാർ എന്നിവയാണ് ഭൂരിഭാഗവും. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറയുന്നു. നാശനഷ്ട കണക്കെടുപ്പ് ഇന്നും തുടരുമെന്ന് വില്ലേജ് ഓഫീസർ യാമിനി അറിയിച്ചു. ഇന്നത്തെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ജില്ലാ കളക്ടർക്ക് നൽകും.
കരിമരുന്ന് ശേഖരം നിർവീര്യമാക്കി
ദുരന്തമുഖത്ത് പൊട്ടാതെകിടന്ന കരിമരുന്ന് ശേഖരം കണ്ടെടുത്ത് നിർവീര്യമാക്കി. ഇന്നലെ ഫോറൻസിക്, റവന്യൂ, പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിർമ്മാണശാലയിൽ നിന്ന് ഗുണ്ടുകളടക്കമുള്ളവ കണ്ടെത്തിയത്. ഇവ പൂർണ സുരക്ഷയിൽ പാടശേഖരത്തിൽ വച്ചുതന്നെ നിർവീര്യമാക്കി. ഡി.ജി.പി റവാഡ ചന്ദ്രശേഖർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ.രാജൻ, എം.ബി.രാജേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ, അഡ്വ: ടി.എസ്.ഉല്ലാസ് ബാബു, സേവ്യർ ചിറ്റിലപ്പിള്ളി, പി.എൻ.വൈശാഖ് എന്നിവർ സ്ഥലം സന്ദർശിച്ചു.
സുദർശന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി
ചേലക്കര: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൽ മരിച്ച വെന്നൂർപാറ കുണ്ടിൽ സുദർശന് നാട്ടുകാരും ഉറ്റവരും കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി നൽകി. അപകടത്തിൽ മരിച്ചവരിൽ സുദർശനെ ആദ്യമേ തിരിച്ചറിഞ്ഞതിനാൽ മറ്റു നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച രാത്രിയിൽ തന്നെ മൃതദേഹം വീട്ടിൽ എത്തിച്ചിരുന്നു. നൂറുകണക്കിന് ആളുകളാണ് അന്ത്യോപചാരം അർപ്പിക്കുവാൻ വീട്ടിലെത്തിയത്. കെ.രാധാകൃഷ്ണൻ എം.പി അടക്കമുള ജനപ്രതിനിധികളും എത്തിയിരുന്നു. രാവിലെ 11ന് വീട്ടിലെ സംസ്കാര ചടങ്ങുകൾക്കുശേഷം പാമ്പാടി ഐവർമഠത്തിൽ സംസ്കാരം നടത്തി.
പൂരം കഴിഞ്ഞെത്തുമെന്ന് പറഞ്ഞു,
പൂരത്തിന് മുൻപേ...
തൃശൂർ: പൂരം കഴിഞ്ഞു വരാമെന്ന ഉറപ്പിൽ കഴിഞ്ഞയാഴ്ച വീട്ടിൽ നിന്നിറങ്ങിയതാണ് എടപ്പാൾ പൊൽപ്പാക്കര തറയ്ക്കൽ ചൊങ്ങലത്തേൽ സ്വദേശി വിജയൻ (59). ദുരന്തമുണ്ടായെന്ന് അറിഞ്ഞപ്പോൾ തന്നെ സഹോദരൻ അജയൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പാഞ്ഞെത്തി. മുഖവും ശരീരഭാഗങ്ങളും കണ്ടപ്പോൾ തന്നെ തിരിച്ചറിഞ്ഞെന്ന് അജയൻ പറഞ്ഞു. പരിശോധനകൾ പൂർത്തിയാക്കി ഇന്നലെ ഉച്ചയ്ക്കു മുമ്പുതന്നെ മൃതദേഹം വിട്ടു നൽകി. ഉച്ചയ്ക്ക് ഒന്നിന് സംസ്കാരവും നടത്തി. സാധാരണഗതിയിൽ വാർക്കപ്പണിക്ക് പോയിരുന്ന വിജയൻ, ഒരു വർഷമായാണ് സതീഷിനൊപ്പവും അല്ലാതെയും വെടിക്കോപ്പ് നിർമാണത്തിനു പോയിരുന്നത്. ഭാര്യ: സരസ്വതി. മക്കൾ: സന്ദീപ്, സിന്ധുജ.
കമന്റ്സ്
'ഫലപ്രദ നടപടി ഉണ്ടാകാറില്ല'
അപകടങ്ങളെ തുടർന്നുള്ള അന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഫലപ്രദമായ നടപടികൾ ഉണ്ടാകാറില്ല. അപകടങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം ആചാരങ്ങളും ഉത്സവങ്ങളും ഏത് പരിധിവരെ ആകാമെന്ന് സർക്കാരുകളും ആരാധനാലയങ്ങളും ചർച്ച നടത്തി മാനദണ്ഡങ്ങൾ രൂപീകരിക്കണം. അപകടത്തിൽപ്പെട്ടവരെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സഹായിക്കണം.
-വി.എം.സുധീരൻ.
വെടിക്കെട്ട് നിർമ്മാണശാലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തണം. ജീവിക്കാനായി വെടിക്കെട്ട് നിർമ്മാണശാലയിൽ ജോലിക്ക് എത്തിയവരാണ് എല്ലാവരും. ദുരന്തത്തിൽപ്പെട്ടതോടെ ഇവരെ ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബങ്ങൾ കൊടിയ ദുരിതത്തിലായി.
-ഷാഫി പറമ്പിൽ എം.പി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |