SignIn
Kerala Kaumudi Online
Friday, 24 April 2026 5.26 AM IST

വൈറലായതിന്റെ പൊല്ലാപ്പ് !

Increase Font Size Decrease Font Size Print Page
a

ഇത് സമൂഹമാദ്ധ്യമങ്ങളുടെ പുഷ്കല കാലമാണ്. ഏതൊരാളും ഒരു സുപ്രഭാതത്തിൽ താരമായേക്കാം. എന്നാൽ വൈറലാകുംതോറും റിസ്കുകളും വർദ്ധിക്കും. വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ഏറും. അതിന് അപ്രതീക്ഷിത നിറങ്ങളും കൈവന്നേക്കാം. അത്തരം സൈബർ വിചാരണയാണ് കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയും നന്ദഗോവിന്ദം ഭജൻസും അഖിൽ മാരാരും നേരിടുന്നത്.

'ഉള്ളതു കൊണ്ട് കഞ്ഞിയും കുടിച്ച് അടങ്ങിയൊതുങ്ങി വല്ല മൂലയിലും കഴിഞ്ഞുകൂടണം." പഴയ തലമുറയിലെ മിക്ക ആളുകളുടേയും നിലപാട് ഇതായിരുന്നു. പേരും പ്രശസ്തിയും ആഗ്രഹിക്കാത്തവരായിരുന്നു ഏറെയും. എന്നാൽ സോഷ്യൽ മീഡിയയുടെ കാലം വന്നതോടെ കളി മാറി. ലൈക്കിനും കമന്റിനുമായി എന്തു പാതകം ചെയ്യാനും മടിയില്ലാതായി. സമൂഹത്തിൽ കുറച്ചു ശ്രദ്ധ കിട്ടിയവരെ കൊത്തിക്കീറാനും ആസൂത്രിതമായി ആക്രമിക്കാനും സൈബർ വെട്ടുക്കിളിക്കൂട്ടങ്ങൾ കാത്തുനിന്നു. ഇവരിൽ ഫേയ്ക്കും ഒറിജിനലുമുണ്ടായി. ഒതുങ്ങിക്കഴിയുന്നവർക്കും രക്ഷയില്ലാത്ത സ്ഥിതി വന്നു. പല വിഷയങ്ങളും ഒട്ടും പ്രതീക്ഷിക്കാത്ത വിദ്വേഷ തലങ്ങളിലേക്ക് വഴുതിവീണു. സമൂഹവുമായുള്ള ഇടപെടലിൽ ഓരോ കാൽവയ്പിലും അതീവശ്രദ്ധ വേണമെന്ന നിലവന്നു. സെലിബ്രിറ്റികളുടെ കാര്യത്തിൽ പ്രത്യേകിച്ചും. അത്തരം പല സംഭവങ്ങളും ഇപ്പോൾ സൈബർ ഇടങ്ങളിൽ 'പോസ്റ്റ്മോർട്ടം" ചെയ്യപ്പെടുകയാണ്.

'പുലിവാൽ കല്യാണം"

പ്രണയത്തിന് കണ്ണില്ല. ജാതിയോ വർണമോ ലിംഗഭേദം പോലുമില്ല. ആർക്കും ആരോടും തോന്നാവുന്ന വികാരമാണിത്. എതിർപ്പുകൾക്കിടയിലും പ്രേമം തുടരുന്നതും അന്യമതസ്ഥരെ വിവാഹം ചെയ്യുന്നതും പ്രശ്നങ്ങളുടെ നടുക്കടലിൽ ചാടുന്നതുമെല്ലാം പുതിയ കാര്യമല്ല. അത്തരമൊരു കോലാഹലത്തിനിടയിലാണ് കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹം കേരളത്തിൽ നടന്നത്. ഇസ്ലാം മതസ്ഥനെ മകൾ വിവാഹം ചെയ്യുന്നതിൽ വീട്ടുകാർക്കുള്ള എതിർപ്പ് മറികടന്ന് വിവാഹം രജിസ്റ്റർ ചെയ്യാൻ കമിതാക്കൾക്ക് തുണയായത് തലസ്ഥാനത്തെ സി.പി.എം നേതാക്കളാണ്.

മതസൗഹാർദ്ദത്തിന്റെ കേരളാ സ്റ്റോറിയെന്ന് ഒരു വിഭാഗം വാഴ്ത്തിയപ്പോൾ ലൗ ജിഹാദിന്റെ ലേബലടിച്ച് അപ്പുറത്ത് വിമർശനങ്ങൾ അന്നുതന്നെ തുടങ്ങിയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം ജന്മനാട്ടിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടത് തൊട്ടുപിന്നാലെയാണ്. പെൺകുട്ടിക്ക് 18 തികഞ്ഞെന്നും ഇല്ലെന്നും വാദങ്ങളുണ്ടായി. രണ്ടു തരത്തിലുള്ള രേഖകളും പുറത്തുവന്നു. പരാതിക്ക് പിന്നാലെ കാമുകനെതിരേ മദ്ധ്യപ്രദേശ് പൊലീസ് പോക്സോ കേസെടുത്തു. മാതാപിതാക്കളുടെ പരാതിയിൽ ദേശീയ പട്ടികജാതി കമ്മിഷനും തെളിവെടുപ്പു തുടങ്ങി. ഹൈക്കോടതിയെ സമീപിച്ച ദമ്പതികൾ അറസ്റ്റിൽ നിന്ന് താത്ക്കാലിക സംരക്ഷണം തേടിയിരിക്കുകയാണ്. ഇതിനിടെ പെൺകുട്ടിയെ അന്വേഷിച്ച് മദ്ധ്യപ്രദേശ് പൊലീസ് കേരളമാകെ തിരച്ചിൽ നടത്തി. കേരള പൊലീസ് നിസ്സഹകരിച്ച സാഹചര്യത്തിൽ ദമ്പതികളെ കണ്ടെത്താനാകാതെ മടങ്ങി. എങ്കിലും ഈ വിഷയവും വിദ്വേഷ പ്രചാരങ്ങളും ഇപ്പോഴും കത്തിനിൽക്കുകയാണ്.

'പായസത്തിലെ

ചിക്കൻ മസാല "

റാപ്പിന്റേയും പോപ്പിന്റേയും ജെൻ-സി കാലഘട്ടത്തിൽ ഭജനയും ഭക്തിഗാനങ്ങളും പാടി ആൾക്കൂട്ടത്തെ ആകർഷിച്ച് വിസ്മയം തീർത്തവരാണ് നന്ദഗോവിന്ദം ഭജൻസ്. സമൂഹമാദ്ധ്യമത്തിൽ ഇവരുടെ ഓരോ വീഡിയോയും ദശലക്ഷങ്ങൾ കണ്ടു. പരിപാടിക്ക് ഡേറ്റ് കിട്ടാതെ സംഘാടകർ അലഞ്ഞു. നന്ദഗോവിന്ദം ടീം അംഗങ്ങളായ യുവഗായകർ സെലിബ്രിറ്റികളായി. എല്ലാ മേഖലയിൽ നിന്നും സ്നേഹം പിടിച്ചുപറ്റി. എന്നാൽ ലിസ്റ്റിൽ ഒരു ക്രിസ്തീയ ഭക്തിഗാനം ഉൾപ്പെടുത്തിയതോടെ ഇവർ എയറിൽ ആയിരിക്കുകയാണ്. കോട്ടയം നട്ടാശ്ശേരി വേമ്പികുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്റെ സ്റ്റേജിലാണ് 'ഈ പരദേവനഹോ" എന്ന ക്രിസ്തീയ ഭക്തിഗാനം അവർ ഉൾപ്പെടുത്തിയത്. എന്നാൽ അത് അമ്പലപ്പറമ്പിലായിപ്പോയി എന്നത് വിമർശനങ്ങൾക്ക് മതിയായ കാരണമായി. ചിക്കൻ മസാല നല്ലതാണെങ്കിലും പായസത്തിലിടരുത് എന്ന ഉപമയോടെ ഹിന്ദു ഐക്യവേദിയുടെ ശശികല ടീച്ചർ പോസ്റ്റിട്ടതോടെ സോഷ്യൽ മീഡിയ കത്തി. വിദ്വേഷ പ്രചാരണത്തിന് വിഷയം വഴിമാറി. ആരുടെയും വിശ്വാസങ്ങളെയോ വികാരങ്ങളെയോ വേദനിപ്പിക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് നന്ദഗോവിന്ദം ഭജൻസ് വിശദീകരിച്ചു. വിവാദമാക്കരുതെന്ന് ക്ഷേത്രസമിതിയും അഭ്യർത്ഥിച്ചു. എങ്കിലും പ്രശ്നം കെട്ടടങ്ങിയിട്ടില്ല.

'വിവരക്കേടിന്റെ പീക്ക്"

ബിഗ് ബോസ് മുൻതാരവും നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമർശമാണ് വ്യാപക വിമർശനത്തിനിടയായ മറ്റൊരു കാര്യം.

പ്രസവം എന്നത് ഒരു കാലത്ത് സ്ത്രീകൾ വളരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണെന്നും ആശുപത്രികൾ അതിനെ സങ്കീർണ്ണമാക്കിയെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്. ''പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസ്സാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികൾ വന്ന് മാറ്റിയതാണ്. രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്. അതോടുകൂടി ആധി കേറി. പ്രഗ്‌നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വച്ചു"". എന്നാണ് അഭിമുഖത്തിൽ അഖിൽ പറഞ്ഞത്. ഇതിന്റെ പേരിൽ മാരാർക്കെതിരേ ട്രോളുകളുടെ പ്രവാഹമാണ്. 'വിവരക്കേട് അറ്റ് ദി പീക്ക്" എന്നാണ് ഒരാൾ കമന്റു ചെയ്തത്. പരാമർശം പരാതിക്കും ഇടയാക്കി. വീട്ടുപ്രവസങ്ങൾ തടയണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തുന്ന ഡോ. പ്രതിഭയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയത്.

കൈവിട്ട ആയുധവും വാവിട്ട വാക്കും തിരിച്ചെടുക്കാനാകില്ല. തട്ടുകേടു പറ്റിയാൽ പഴയതു പോലെ സോറി പറഞ്ഞ് ഒഴിയാനുമാകില്ല. കാരണം നിരീക്ഷണ സംവിധാനങ്ങളുടെ നെറ്റ്‌വർക്കിനുള്ളിലാണ് നമ്മളെല്ലാം. അത് മറക്കാതിരിക്കുകയാണ് പ്രധാനം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.