SignIn
Kerala Kaumudi Online
Friday, 24 April 2026 10.45 PM IST

മരണത്തെ മനുഷ്യൻ അഭിമുഖീകരിക്കുന്നതിന് തൊട്ടുമുമ്പ് കാണുന്ന സ്വപ്നങ്ങൾ; വെളിപ്പെടുത്തലുമായി ശാസ്ത്രഞ്ജർ

Increase Font Size Decrease Font Size Print Page
ai-image-

റോം: മനുഷ്യജീവിതത്തിലെ ഏറ്റവും അജ്ഞത നിറഞ്ഞ പ്രതിഭാസമാണ് മരണം. ജനനം മുതൽ മനുഷ്യൻ നടത്തുന്ന ജീവിതയാത്രയുടെ സ്വാഭാവിക അവസാനം മരണമാണ്. കാലാകാലങ്ങളായി തത്ത്വചിന്തകർക്കും ശാസ്ത്രജ്ഞർക്കും ആത്മീയവാദികൾക്കും ഒരുപോലെ കീറാമുട്ടിയായ സമസ്യയാണ് മരണം എന്ന യാഥാർത്ഥ്യം.‌

ജീവിച്ചിരിക്കുന്നവർക്ക് മറ്റൊരാളുടെ മരണം വേർപാടാണെങ്കിൽ, ശാസ്ത്രത്തിന് അതൊരു ശാരീരിക മാറ്റവും ആത്മീയതയ്ക്ക് അതൊരു പുതിയ തുടക്കവുമാണ്. മരണത്തെക്കുറിച്ചുള്ള ഭയവും കൗതുകവുമാണ് മനുഷ്യനെ ജീവിതത്തെ കൂടുതൽ സ്‌നേഹിക്കാൻ പ്രേരിപ്പിക്കുന്നത്. മരണം ജീവിതത്തിന് അർത്ഥം നൽകുന്നു. കാരണം അവസാനമുണ്ടെന്ന ബോദ്ധ്യമാണ് ഓരോ നിമിഷത്തെയും വിലപ്പെട്ടതാക്കുന്നത്. ശരീരത്തിന്റെ നാശത്തിനപ്പുറം ബോധം എവിടെ പോകുന്നു എന്ന ചോദ്യം ഇന്നും പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിഗൂഢതയായി അവശേഷിക്കുന്ന ഒന്നാണ്. ഇപ്പോഴിതാ മരിക്കുന്നതിന് തൊട്ടുമുമ്പ് മനുഷ്യർ കാണുന്ന സ്വപ്നങ്ങളെക്കുറിച്ചാണ് ശാസ്ത്രലോകം ചർച്ചചെയ്യുന്നത്.

അവസാന നിമിഷങ്ങളിൽ മനുഷ്യർ കാണുന്ന സ്വപ്നങ്ങൾക്ക് എന്തെങ്കിലും പ്രത്യേക അർത്ഥങ്ങളുണ്ടോ? മരണത്തോട് അടുക്കുന്നവർ കാണുന്ന സ്വപ്നങ്ങളെയും ദർശനങ്ങളെയും കുറിച്ച് ഇറ്റലിയിലെ അസീൻഡ യുഎസ്എൽഐആർസിസിഎസ് ഗവേഷകർ നടത്തിയ പഠനത്തിലാണ് വിസ്മയിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. മരണത്തെ കാത്ത് കിടക്കുന്നരോഗികളെ പരിചരിച്ച ഇരുനൂറിലധികം ആരോഗ്യപ്രവർത്തകർക്കിടയിലാണ് ഗവേഷകർ സർവേ നടത്തിയത്. 'ഡെത്ത് സ്റ്റഡീസ്' എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.


മരിച്ചുപോയ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സ്വപ്നത്തിൽ കാണുന്നതാണ് ഏറ്റവും സാധാരണമായ രീതി. 'ഞാൻ നിനക്കായി കാത്തിരിക്കുന്നു' എന്ന് ഭർത്താവ് പറയുന്നതായി ഒരു രോഗി സ്വപ്നം കണ്ടത് ഇതിന് ഉദാഹരണമാണ്. ഇത് മരണത്തെ സമാധാനത്തോടെ സ്വീകരിക്കാൻ രോഗിയെ സഹായിക്കുന്നു.


തുറന്നിട്ട വാതിലുകൾ, ഗോവണികൾ, പ്രകാശം എന്നിവ പലരുടെയും സ്വപ്നങ്ങളിൽ വരാറുണ്ട്. വെളിച്ചം നിറഞ്ഞ ഒരു വാതിലിലേക്ക് ചെരുപ്പിടാതെ കയറിപ്പോകുന്നതായി ഒരു രോഗി വിവരിക്കുകയുണ്ടായി. കടൽതീരത്ത് ഓടുന്ന വെള്ളക്കുതിരയെപ്പോലെ അതീവ ശാന്തവും മനോഹരവുമായ ദൃശ്യങ്ങളും പലരും കാണാറുണ്ട്. അതേസമയം,​ എല്ലാവരിലും സ്വപ്നങ്ങൾ സമാധാനപരമല്ല. ചിലർക്ക് ഭയാനകമായ സ്വപ്നങ്ങളും ഉണ്ടാകാറുണ്ട്. പരിഹരിക്കാനാകാത്ത മാനസിക സംഘർഷങ്ങളോ വിട്ടുപോകാനുള്ള ഭയമോ ആണ് ഇത്തരം സ്വപ്നങ്ങൾക്ക് പിന്നിലെന്ന് ഗവേഷകർ കരുതുന്നു.


മരണത്തെക്കുറിച്ചുള്ള പേടി നേരിട്ട് പ്രകടിപ്പിക്കാൻ കഴിയാത്തവർക്ക് അടയാളങ്ങളിലൂടെ ആശ്വാസം നൽകാൻ ഇത്തരം സ്വപ്നങ്ങൾക്ക് കഴിയുമെന്ന് ഗവേഷകയായ എലീസ റാബിറ്റിയും സംഘവും പറയുന്നു. ഇത് മനസിന്റെ പ്രതിരോധ തന്ത്രമാണ്.

മരണത്തെക്കുറിച്ച് സംസാരിക്കാൻ മടിക്കുന്ന രോഗികൾക്ക് അവരുടെ ഉള്ളിലെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ഉപാധിയാണ് സ്വപ്നങ്ങൾ. യുക്തിസഹമായ ഭാഷയ്ക്ക് വിവരിക്കാൻ കഴിയാത്ത കാര്യങ്ങൾ പ്രതീകങ്ങളിലൂടെ അവർ അനുഭവിക്കുന്നുവെന്ന് ഗവേഷകർ വിശദീകരിക്കുന്നു.

പരിഹസിക്കപ്പെടുമെന്നോ മാനസിക വിഭ്രാന്തിയാണെന്ന് മറ്റുള്ളവർ കരുതുമോ എന്നൊക്കെ വിചാരിച്ച് പല രോഗികളും ഇത്തരം സ്വപ്നങ്ങൾ പുറത്തുപറയാറില്ല. എന്നാൽ, മനസിന് ശാന്തത നൽകുന്ന സ്വപ്നങ്ങൾ ആത്മീയമായ കരുത്ത് നൽകുന്നുണ്ടെന്ന് നഴ്സുമാരും ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. മരണമെന്ന വലിയ സത്യത്തെ അഭിമുഖീകരിക്കാൻ മനുഷ്യ മനസ് സ്വയം തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം സ്വപ്നങ്ങൾ എന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ.

TAGS: DREAM, NEAR DEATH, DEATH STUDY, EXPLAINER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.