
ഭീകരവാദ പ്രവർത്തനങ്ങൾ
ഇന്ത്യയെ ചിന്നഭിന്നമാക്കില്ല
ലോകത്ത് സംഘർഷങ്ങളും ധ്രുവീകരണ പ്രവർത്തനങ്ങളും വർദ്ധിച്ചു വരുമ്പോൾ ഇന്ത്യ അതിനൊരു ബദൽ ആഖ്യാനം സൃഷ്‌ടിക്കുകയാണ്. ഇന്ത്യയുടെ സംസ്‌കാരം വൈവിധ്യത്തിന്റേതാണെന്നത് ജീവിതം കൊണ്ടു തെളിയിക്കപ്പെടുകയാണ്. ഇത് ദിനംതോറും എന്ന മട്ടിൽ നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ഭാഷ മുതൽ വിശ്വാസം വരെയും ഭക്ഷണം മുതൽ ഉത്സവങ്ങൾ വരെയും ഈ ബഹുസ്വരത പ്രകടമാണ്. എന്നാൽ വിഭജന യുക്തിയിൽ മാത്രം കാര്യങ്ങൾ കാണുന്നവർ ഇതിനെ തെറ്റായി ധരിക്കുകയാണ്. അവരുടെ കാഴ്ചപ്പാടിൽ ഇത് ചൂഷണം ചെയ്യാവുന്ന തെറ്റായ മാർഗമാണ്. എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇത് രാജ്യത്തെ കൂട്ടിയിണക്കുന്ന ഇഴകളാണ്.
ലോകവ്യാപകമായി തീവ്രവാദ പ്രവർത്തനങ്ങൾ വെല്ലുവിളി ഉയർത്തുന്ന സന്ദർഭത്തിൽ ഇന്ത്യ അതിന്റെ സുസ്ഥിരത കാത്തുസൂക്ഷിക്കുക മാത്രമല്ല, പുരോഗമനപരമായ അവസ്ഥയിലേക്ക് മടങ്ങിപ്പോകാനുള്ള ശേഷിയും പ്രകടിപ്പിക്കുന്നു. പതിറ്റാണ്ടുകളായി ഇന്ത്യ അതിർത്തി കടന്നുള്ള ഭീകരവാദവും കലാപങ്ങളും സൈദ്ധാന്തിക തീവ്രവാദങ്ങളുമൊക്കെ നേരിട്ടിട്ടുണ്ട്. ഇതിനെല്ലാം മുന്നിൽ ജനങ്ങളുടെയാകെ യോജിച്ച സുസ്ഥിരത കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ട്. ഭീകരവാദം ഭിന്നിപ്പിനു ശ്രമിക്കുമ്പോൾ ഇന്ത്യയുടെ സമൂഹഗാത്രം അത്തരം ഭിന്നിപ്പുകളെ പ്രതിരോധിച്ചു.
ഇന്ത്യയുടെ ദൈനംദിന ജീവിതത്തിന്റെ കഥ പലപ്പോഴും വാർത്തകളിൽ വരാറില്ല. എന്നാൽ അത് പരസ്പരമുള്ള പങ്കുവയ്പിന്റെ കഥയാണ്.നഗരങ്ങളിലാകട്ടെ, ഗ്രാമങ്ങളിലാകട്ടെ വിവിധ മതവിശ്വാസികൾ ഒന്നു ചേർന്നാണ് ജീവിക്കുന്നത്.അവർ എല്ലാവരും ഓരോരുത്തരുടെയും ആഘോഷങ്ങളിൽ പങ്കെടുക്കുന്നു.ഹിന്ദു കുടുംബം ഈദ് ആഘോഷത്തിൽ പങ്കെടുക്കുന്നതും മുസ്ലീങ്ങൾ ദീപാവലി ആഘോഷത്തിൽ പങ്കാളികളാകുന്നതും ഇന്ത്യയിൽ അപൂർവമല്ല. ഇത് കൃത്രിമമായി ഉണ്ടാക്കുന്നതല്ല. മറിച്ച് സ്വാഭാവികമായി സംഭവിക്കുന്നതാണ്. നൂറ്റാണ്ടുകളായി രൂപപ്പെട്ടതാണ്.തീവ്രവാദ പ്രത്യയശാസ്‌ത്രങ്ങൾ മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ ഇന്ത്യയുടെ സാമൂഹ്യഘടന പരസ്പര ആശ്രിതത്വത്തിന്റെ സന്ദർഭങ്ങൾ സൃഷ്‌ടിക്കുന്നു. കുടുംബങ്ങളിലും തൊഴിലിടങ്ങളിലും അയൽപക്കങ്ങളിലുമെല്ലാം മതപരവും സാംസ്‌കാരികവുമായ എല്ലാ അതിർവരമ്പുകളും ഇല്ലാതാക്കിയാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. ഇന്ത്യയുടെ ഈ ഒത്തൊരുമയ്ക്കു മുന്നിൽ വിഭജന ശക്തികൾക്ക് വേരോട്ടമുണ്ടാക്കാൻ കഴിയുന്നില്ല.ഈ ഐക്യം ഇന്ത്യയുടെ ജനാധിപത്യ ചട്ടക്കൂട് കൂടുതൽ ഊട്ടിയുറപ്പിക്കുന്നു.
കാലാകാലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളും സജീവമായ മാധ്യമ സംവിധാനവും ഇടപെടൽ ശേഷിയുള്ള പൗര സമൂഹവും വഴി ജനങ്ങൾക്ക് അവരുടെ ആശങ്കകൾ പ്രതിഫലിപ്പിക്കാനും പരിഹരിക്കാനും അവസരമൊരുക്കുന്നു. ഈ തുറന്ന സമീപനം ആശങ്കകൾ പരിഹരിക്കാനുള്ള രക്ഷാകവാടമായി മാറുന്നു. അതുകൊണ്ടുതന്നെ ചിദ്രശക്തികൾക്ക് മുതലെടുപ്പു നടത്താൽ കഴിയാതെ വരുന്നു. നിയമ പരിപാലനം ജനാധിപത്യ പങ്കാളിത്തം ഉറപ്പാക്കി നടപ്പാക്കുക വഴി അക്രമങ്ങളില്ലാതെ തന്നെ പരിവർത്തനം സാധ്യമാണെന്ന സന്ദേശവും നൽകുന്നു. ഇതേസമയം തന്നെ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കാര്യവും തെളിയിച്ചിട്ടുണ്ട്. ഭീകരതയ്ക്കെതിരായ പ്രവർത്തനങ്ങൾ ഇൻ്റലിജൻസ് സംവിധാനവും ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിച്ച് കൂടുതൽ ഏകോപനത്തോടെ നടപ്പാക്കാൻ ഇന്ത്യക്കു കഴിയുന്നുണ്ട്. ഐക്യം സുദൃഢമാക്കുമ്പോൾ ഭീഷണികൾ ഇല്ലാതാക്കാൻ കഴിയണമെന്ന ധാരണയും ഉണ്ട്. ഈ ദ്വിമുഖ സമീപനമാണ് വെല്ലുവിളികൾ നേരിടാൻ ഇന്ത്യക്കു കരുത്തു പകരുന്നത്.
എന്നാൽപ്പോലും ഇന്നത്തെ വെല്ലുവിളി ഭീകരതയുടെ നേരിട്ടുള്ള പ്രകടനം മാത്രമല്ല. അത് ഡിജിറ്റൽ ലോകത്തും ദൃശ്യമാണ്. ഡിജിറ്റൽ സാധ്യതകൾ ഉപയോഗിച്ച് തെറ്റായ വാർത്തകളും പ്രചാരണങ്ങളും നടത്തി വസ്‌തുതകൾ മറയ്ക്കാനും സംഘർഷങ്ങൾ ഊതിക്കത്തിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നു. മറ്റു രാജ്യങ്ങളും അവിടങ്ങളിലെ ചില ശൃംഖലകളും വിവര യുദ്ധങ്ങളിലൂടെ ഇന്ത്യയുടെ വൈവിധ്യം മുതലെടുക്കാൻ ശ്രമിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങൾ ഊതിപ്പെരുപ്പിച്ചും തെറ്റായ ആഖ്യാനങ്ങൾ ചമച്ചും, അവ ആവർത്തിച്ചും സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങളുണ്ട്.
ഇത്തരം ശ്രമങ്ങൾ പുതിയതൊന്നുമല്ല. പക്ഷെ അവ കൂടുതൽ പരിഷ്കരിക്കപ്പെട്ടു. സോഷ്യൽ മീഡിയകൾ വഴി പ്രാദേശികമായ പ്രശ്‌നം പോലും അന്താരാഷ്ട്ര തലത്തിൽ വിവാദങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു. ചില കാര്യങ്ങൾ മാത്രം തെരഞ്ഞെടുത്ത് തെറ്റിദ്ധാരണയുണ്ടാക്കുന്ന സ്ഥിതിവിവരക്കണക്കുകളും ചേർത്ത് ഒരു തരം പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഇതിന് ഒറ്റ ലക്ഷ്യമേയുള്ളൂ. വിവിധ മതസമുദായങ്ങൾ തമ്മിലുള്ള വിശ്വാസം ഹനിക്കുക. അതുവഴി ഭരണ സംവിധാനങ്ങളുടെ വിശ്വാസ്യത തകർക്കുക.
എന്നിട്ടും ഇത്തരം ശ്രമങ്ങൾ പരാജയപ്പെടുകയാണ്. കാരണം അവർ ഇന്ത്യക്കാരുടെ ജീവിതാനുഭവങ്ങളെ വിലകുറച്ചു കാണുകയാണ്. സഹവർത്തിത്വത്തോടെ കഴിയുന്ന ഇന്ത്യക്കാരുടെ ജീവിത യാഥാർത്ഥ്യങ്ങളെ വളച്ചൊടിച്ച ഇത്തരം ആഖ്യാനങ്ങൾക്കു മറികടക്കാനാവില്ല. ജനങ്ങൾ വിശ്വസിക്കുക അവരുടെ ജീവിതത്തിൻ്റെ നേരനുഭവങ്ങളാണ്. അല്ലാതെ ഓൺലൈനിൽ പേരില്ലാത്ത ആരെങ്കിലും പടച്ചുവിടുന്ന ആഖ്യാനങ്ങളിൽ അവർ വീഴില്ല. ജനങ്ങൾ പരസ്പരം ഒത്തൊരുമയോടെ ജീവിക്കുകയും ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്യുമ്പോൾ പ്രചരണവും ജീവിതാനുഭവങ്ങളും തമ്മിലുള്ള വിടവു പ്രകടമാകും. പുറത്തുനിന്നുള്ള ശക്തികളുടെ സ്വഭാവത്തെപ്പറ്റി ഇന്ത്യക്കാർ കൂടുതൽ ബോധവാന്മാരാണ്. തെറ്റായ വാർത്തകളും പ്രചരണങ്ങളും വേർതിരിച്ചറിയാൻ ഇന്ത്യക്കാർക്കു കഴിയുന്നു. ഇത് പ്രതിരോധത്തിൻ്റെ രണ്ടാം നിരയായി പ്രവർത്തിക്കുന്നു. ഇത് തെറ്റായ വിവരങ്ങളെ പ്രതിരോധിക്കാനുള്ള ഭരണ സംവിധാന ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നുമുണ്ട്.
ഇന്ത്യയുടെ ഐക്യമെന്നു പറഞ്ഞാൽ വ്യത്യാസങ്ങളൊന്നും ഇല്ലാത്തതാണെന്നല്ല. സംവാദങ്ങളും വിയോജിപ്പുകളും സംഘർഷങ്ങളുമൊക്കെ ഉണ്ട്. ഇതെല്ലാം ഏത് സുശക്തമായ ജനാധിപത്യത്തിലും ഉള്ളതുമാണ്. എന്നാൽ ഇത്തരം വ്യത്യസ്തതകൾ ഇന്ത്യക്ക് ഫലപ്രദമായി കൈകാര്യം ചെയ്യാൻ കഴിയുന്നുണ്ട്. എല്ലാ സംവാദങ്ങളും പരസ്പരം പങ്കുവച്ചു കൊണ്ടുള്ള ചട്ടക്കൂടിൽ ഒതുക്കാൻ കഴിയുന്നുണ്ട്. ഇവിടെയാണ് ഇന്ത്യ എന്ന ആശയത്തിന്റെ പ്രസക്തി. അത് കർക്കശമായ ഒന്നല്ല. മറിച്ച് ജനങ്ങളുടെ പങ്കാളിത്തത്തോടെ രൂപപ്പെട്ടു വരുന്നതാണ്. ഒരു വിശാലമായ ദേശീയ ചട്ടക്കൂടിനുള്ളിൽ ബഹുസ്വത്വങ്ങൾക്ക് ഒത്തൊരുമിച്ചു കഴിയാൻ സാധിക്കുന്നു. ഈയൊരു വഴക്കമാണ് ഇന്ത്യയെ വിഭജന യുക്തികളിൽ നിന്നു സ്വതന്ത്രമാക്കുന്നത്.
ഇന്ത്യ ആഗോളതലത്തിൽ ഉയർച്ചയിലേക്കു പോകുമ്പോൾ ആഭ്യന്തരമായ സുദൃഢതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ആഭ്യന്തരമായി കൂടുതൽ ഐക്യപ്പെടുന്ന രാജ്യം പുറം ലോകങ്ങളിലും അതേ ഐക്യത്തോടെ നിലകൊള്ളും. അതുകൊണ്ട് അനിശ്ചിതത്വത്തിന്റെ ലോകത്ത് കൂടുതൽ ആത്മവിശ്വാസത്തോടെയും ധൈര്യത്തോടെയും ഇടപെടാൻ ഇന്ത്യക്കു കഴിയുന്നു. നേരേമറിച്ച് വിഭജിക്കപ്പെട്ട സമൂഹം പെട്ടെന്നു തന്നെ ആഭ്യന്തരമായി മാത്രമല്ല, പുറം ലോകത്തും ആക്രമണങ്ങൾക്കു വിധേയമാകും.അതുകൊണ്ട് ആപത് സാധ്യത വലുതാണ്. എന്നാൽ ആത്മവിശ്വാസവും ഏറെയാണ്. ഏതു വെല്ലുവിളിയും നേരിടാനും തരണം ചെയ്യാനും ഇന്ത്യക്കു കഴിയുമെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. കോളനി വാഴ്ച മുതൽ ആഭ്യന്തര സംഘർഷങ്ങൾ വരെ ഇന്ത്യയുടെ ഐക്യം ഒട്ടും ദുർബലമല്ലെന്നും ആഴത്തിൽ വേരൂന്നിയിട്ടുള്ളതാണെന്നും തെളിയിച്ചു.
ഭീകരതയും തീവ്രവാദവുമൊക്കെ ഇനിയും ഭീഷണി ഉയർത്തിയെന്നു വരും. ഇതിനെയൊക്കെ നേരിടാനുള്ള ഇന്ത്യയുടെ കഴിവും അവർ പരിശോധിച്ചെന്നു വരും. പക്ഷെ അടിസ്ഥാനപരമായ യാഥാർത്ഥ്യം മാറ്റമില്ലാതെ തുടരും. ഇന്ത്യയുടെ ശക്തി ജനങ്ങളിലാണ്, അവരുടെ ദൈനംദിന ഇടപെടലുകളിലാണ്. പൊതുനന്മയ്ക്കു വേണ്ടിയുള്ള അവരുടെ പങ്കുവയ്ക്കപ്പെടുന്ന പ്രതിബദ്ധതയിലാണ്. അതുകൊണ്ടാണ് ഇന്ത്യയെ വിഭജിക്കാൻ നടത്തുന്ന ഓരോ ശ്രമങ്ങളും തെറ്റിദ്ധാരണയിൽ നിന്നുള്ളതാണെന്നു തെളിയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് അത്തരം വിഭജന ശ്രമങ്ങൾ പരാജയപ്പെടുന്നതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |