SignIn
Kerala Kaumudi Online
Friday, 24 April 2026 5.20 AM IST

അവധിക്കാലത്ത് സർഗശേഷി വളർത്താം

Increase Font Size Decrease Font Size Print Page
d

നീണ്ട രണ്ടു മാസക്കാലമുള്ള വേനലവധിയിലേക്ക് നമ്മുടെ സംസ്ഥാനം ഇതിനകം പ്രവേശിച്ചു കഴിഞ്ഞല്ലോ. തിരഞ്ഞെടുപ്പു പ്രക്രിയയുടെ വീറും വാശിയുമൊക്കെ കഴിഞ്ഞ്, നമ്മുടെ നാട് സാധാരണ നിലയിലേക്കുമെത്തി. സ്‌കൂളുകളും മറ്റു സ്ഥാപനങ്ങളുമൊക്കെ വിവിധയിനം വേനൽക്കാല ക്യാമ്പുകൾ സംഘടിപ്പിക്കുന്ന തിരക്കിലാണ്. സ്കൂൾ വിദ്യാർത്ഥികൾക്കെന്ന പോലെ കോളേജ് വിദ്യാർത്ഥികൾക്കും പ്രൊഫഷണൽ വിദ്യാർത്ഥികൾക്കും ഏപ്രിൽ- മേയ് മാസക്കാലയളവ്, ഔദ്യോഗികമായി തന്നെ അവധിയാണ്. കുറെയധികം സമയം ഉറങ്ങിയും മൊബൈലിൽ കുത്തിയും വെറുതെ ടിവി കണ്ടും ചെലവിടേണ്ടതല്ല നമ്മുടെ അവധിക്കാലങ്ങൾ. മറ്റൊരുതലത്തിൽ പറഞ്ഞാൽ അവധിക്കാലം കുട്ടികളെ കൂടുതൽ ക്രിയാശേഷിയുള്ളവരും സർഗശേഷിയുള്ളവരുമാക്കി മാറ്റണം.

വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, പുതിയൊരു അക്കാഡമിക വർഷത്തിന്റെ മുഴുവൻ ഊർജ്ജവും അവധിക്കാലത്തിൽ നിക്ഷിപ്തമാണ്. നല്ല മനസോടെ പ്രവർത്തനനിരതരാകുന്നവർക്കേ, അതിന്റെ സൗഭാഗ്യത്തിൽ പങ്കുചേരാൻ സാധിക്കൂവെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഖേദകരമെന്നു പറയട്ടെ, അവധിക്കാലം പലപ്പോഴും നമ്മുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കുമൊത്ത് ഉയരുന്നില്ലെന്നതാണ് വാസ്തവം. അവധിക്കാലം എങ്ങനെ ആസ്വാദ്യകരമാക്കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തവും അനിവാര്യവുമാണ്. അവധിക്കാലം മാത്രമല്ല, എന്താസ്വദിക്കണമെങ്കിലും ക്രിയാശേഷിയോടെയുള്ള കാഴ്ചപ്പാട് അനിവാര്യമാണ്.

1. പരസ്പരം സ്നേഹിക്കാം

ഓരോ അവധിക്കാലവും നമ്മിലവശേഷിപ്പിക്കേണ്ടത്, മധുരതരമായ ഓർമ്മകളാണ്. സ്വന്തം കുടുംബത്തോടും ബന്ധുജനങ്ങളോടും സുഹൃത്തുക്കളോടുമൊത്ത്‌ അവധിക്കാലം ചെലവിടുന്നത്‌, സ്‌നേഹബന്ധങ്ങളെ ഊട്ടിയുറപ്പിക്കുമെന്ന കാര്യത്തിൽ മറുവാദമില്ല. എന്നാൽ, വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെങ്കിൽ ബന്ധങ്ങളിൽ നികത്താൻ പ്രയാസകരമായ വിള്ളലുകൾ വീഴ്ത്താനും അതിനു കഴിയും. അതുകൊണ്ട്‌, അവധിക്കു പോകുമ്പോഴും അവധിയിലായിരിക്കുമ്പോഴും, അതൊരു ഹൃദ്യമായ അനുഭവമാക്കണമെന്ന് തീരുമാനിച്ചുറപ്പിക്കണം. കാരണം ഒരോരുത്തരുടേയും താത്‌പര്യങ്ങൾ വ്യത്യസ്‌തമായിരിക്കും. ആ വ്യതിരിക്തത നിലനിറുത്താനും പരസ്പരം ബഹുമാനിക്കാനും വിദ്യാർത്ഥികൾ പരിശീലിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ താത്പര്യങ്ങൾ മനസിലാക്കിയും സമരസപ്പെട്ടും മുന്നോട്ടു പോകുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമെങ്കിലും സന്തോഷകരമാണ്. സ്നേഹവും പരസ്പര ധാരണയുമുണ്ടെങ്കിലേ ബന്ധങ്ങളുടെ നിലനിൽപ്പിനു സാദ്ധ്യതയുള്ളൂ.

2. ക്രിയാശേഷി ഉറപ്പാക്കാം

ഓരോ അവധിക്കാലവും നമ്മിൽ നിന്നാവശ്യപ്പെടുന്ന അടിസ്ഥാനപരമായ ചില കാര്യങ്ങളുണ്ട്. പുതിയ വാക്കുകളും പ്രയോഗങ്ങളും പഠിക്കാനും ആശയങ്ങളെ മികവുറ്റ രീതിയിൽ കൈമാറ്റം ചെയ്യാനും പരിശീലിക്കുകയെന്നതും കുടുംബാംഗങ്ങൾ തമ്മിൽ സൃഷ്ടിപരമായ സംവാദങ്ങൾ നടത്തി കുടുംബ സദസുകളെ സമ്പുഷ്ടമാക്കുകയെന്നതും ക്രിയാശേഷി ഉറപ്പുവരുത്താനുതകുന്ന പ്രവർത്തനങ്ങളാണ്. ഒപ്പം,ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും, അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ സംബന്ധിച്ചും സർഗാത്മകമായി ചർച്ചചെയ്യാം. അതിന് അവശ്യം വേണ്ട വ്യായാമമുറകളെ സംബന്ധിക്കുന്ന ചർച്ചകളുമാകാം. വ്യായാമങ്ങൾ ഒരു ദിനചര്യയുമാക്കാം. തൊടിയിലെ തോട്ടം പരിപാലിച്ചും, അടുക്കളത്തോട്ടമൊരുക്കിയും പ്രകൃതിയോട് ഉൾച്ചേരാനുള്ള പരിശീലനവും നേടാം.

3.അറിവിന്റെ ലോകം കീഴടക്കാം

പുസ്തകങ്ങളിലൂടെയും പത്രത്താളുകളിലൂടെയും അറിവിന്റെയും പൊതുവിജ്ഞാനത്തിന്റേയും ലോകത്ത് വ്യാപരിക്കാനുള്ള സാദ്ധ്യതകളെ പരിപോഷിപ്പിക്കുന്നതോടൊപ്പം, പത്രങ്ങൾ സമയമെടുത്തു വായിക്കാനും അതാതു ദിവസങ്ങളിലെ സുപ്രധാന സംഭവങ്ങൾ സ്വന്തം ഡയറിയിൽ കുറിക്കാനും സാധിക്കണം. പൗരബോധവും രാഷ്ട്രബോധവും ഒരാളുടെ അടിസ്ഥാന ചിന്തകളിൽ അഭിരമിക്കേണ്ട സാദ്ധ്യതകൾ പരിശീലിപ്പിക്കുന്നതിനുള്ള സാഹചര്യം കൂടി, ഈ അവധിക്കാലങ്ങളിലുണ്ടാകണം. സാധിക്കുന്നത്രയും നോവലുകളും കഥകളും കവിതകളും മഹാൻമാരുടെ ജീവിത കഥകളും എന്നുവേണ്ട, വായിക്കാനിഷ്ടമുള്ള ഏതു മേഖലയും വായിക്കാൻ സമയം കണ്ടെത്തണം. ചാറ്റ് ജി.പി.ടി പോലുള്ള നിർമ്മിത ബുദ്ധിയുടെ പുതിയ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തി അറിവിന്റെ ചക്രവാളങ്ങൾ ഭേദിക്കാനുള്ള അവസരങ്ങളെയും

ഉപയോഗപ്പെടുത്താം.

4.സ്വപ്നങ്ങളെ പുൽകാം

ഭാവിയെ പറ്റിയുള്ള വലിയ സ്വപ്നങ്ങൾ കാണാനും അവയെ മനനം ചെയ്യാനും കൂടിയുള്ളതാണ് അവധിക്കാലം. കാലഘട്ടം ആവശ്യപ്പെടുന്ന ജോലി മേഖലകൾ സംബന്ധിച്ചും പുത്തൻ തൊഴിലവസരങ്ങളെ സംബന്ധിച്ചും അറിയാനും മനസിലാക്കാനും അവധിക്കാലങ്ങൾ ഉപകാരപ്രദമാകണം. മികച്ച കരിയർ കണ്ടെത്താനും അതിനാവശ്യമായ പഠന പ്രവേശന സാദ്ധ്യതകളും സ്കോളർഷിപ്പുകളും കണ്ടെത്താനും സാധിക്കണം. പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം അവരവരുടെ അഭിരുചിക്കിണങ്ങുന്ന പുതിയ പഠന സാദ്ധ്യതകളെ കണ്ടെത്താനുള്ള അവസരങ്ങൾ കൂടിയാണ് അവധിക്കാലം.

5.പരീക്ഷകളെ കൈപ്പിടിയിലൊതുക്കാം

പത്താം ക്ലാസു കഴിഞ്ഞാൽ പിന്നീടങ്ങോട്ട് ഇഷ്ടപ്പെട്ട ജോലിയിൽ പ്രവേശിക്കുന്നതുവരെ പ്രവേശന പരീക്ഷകളുടേയും മൽസര പരീക്ഷകളുടേയും അഭിരുചി പരീക്ഷകളുടേയും കാലഘട്ടമാണ്. അതുകൊണ്ട് തങ്ങൾക്കിഷ്ടപ്പെട്ട മേഖലകളിലെ വിവിധ സ്ഥാപനങ്ങളുടെ പ്രവേശന പരീക്ഷകളേയും അഭിരുചി പരീക്ഷകളെ പറ്റിയും അറിയാനുള്ള അവസരം കൂടിയാക്കി മാറ്റണം അവധിക്കാലത്തെ.

6.വിനോദങ്ങളുടെയും കളികളുടെയും കാലം

അവധിക്കാലം വിനോദങ്ങളുടെതു കൂടിയാണ്. നാട്ടിലെ ഗ്രൗണ്ടുകളും കൊയ്ത്തു കഴിഞ്ഞ പാടങ്ങളും കളിയിടങ്ങൾ ആയി മാറിക്കഴിഞ്ഞു. വിവിധ ഗെയിമുകളുമായി ബന്ധപ്പെട്ടുള്ള സമ്മർ കോച്ചിംഗ് ക്യാമ്പുകൾ നാട്ടിൻ പുറങ്ങളിലും ജനകീയമാണിന്ന്. സ്വിമ്മിംഗ് പരിശീലനവും സൈക്കിൾ പരിശീലനവുമൊക്കെയായി കുട്ടികൾ സജീവമാണ്. നാലുചുമരുകൾക്കുള്ളിലെ മൊബൈൽ ഗെയിമുകളിൽ നിന്നും ആളും അർത്ഥവുമുള്ള പൊതുയിടങ്ങളിലേക്ക് കുട്ടികൾ ചെല്ലുമ്പോൾ, അവിടെ നടക്കുന്നത് ഒരു തരം സാമൂഹ്യവത്കരണം കൂടിയാണ്. പാടത്തും പറമ്പിലും കുളങ്ങളിലുമുള്ള അപകടസാദ്ധ്യതകളെ മുന്നേകൂട്ടി കണ്ട്, അവശ്യം വേണ്ട മുൻകരുതലെടുത്താൽ വിനോദത്തിന്റെ വേറൊരു ലോകം കുട്ടികൾക്കാസ്വദിക്കാനാകും.

രക്ഷിതാക്കളും സമൂഹവും

പിന്തുണ നൽകണം

കർമ്മനിരതരായി ഊർജ്ജസ്വലരാകാനും വർദ്ധിത വീര്യത്തോടെ അവധി ദിവസങ്ങൾ ഫലസമ്പുഷ്ടമാക്കാനും വിദ്യാർത്ഥി സമൂഹം ശ്രമിക്കണം. അതിന് വിദ്യാർത്ഥി സമൂഹത്തെ പ്രാപ്തരാക്കാൻ രക്ഷിതാക്കളും മാതാപിതാക്കളും അവരെ പരിശീലിപ്പിക്കണം. നാട്ടിലെ വായനശാലകളും കളിയിടങ്ങളും സൃഷ്ടിച്ച സാമൂഹ്യബോധമാണ് ഇന്നത്തെ മുതിർന്ന തലമുറയുടെ മുതൽക്കൂട്ട്. അത് കുട്ടികളിലേക്ക് പകർന്നു നൽകാനാകണം. ഇത്തരം ഗുണങ്ങളെ സ്വാംശീകരിക്കുന്ന ഒരു പുതുതലമുറ രൂപം കൊള്ളേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത കൂടിയാണ്. അതിനു വേണ്ടത് നിതാന്തമായ ശ്രദ്ധയും പരിശീലനവുമാണ്. അതിനുളള ശ്രമങ്ങൾ നമുക്ക് ഒത്തൊരുമിച്ച് നടത്താം.

(തൃശൂർ സെന്റ് തോമസ് കോളേജിലെ

അസി. പ്രൊഫസറാണ് ലേഖകൻ)

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.