ആഘോഷങ്ങൾക്കിടയിൽ ഒരു വിജയ് ചിത്രം പതിവ് കാഴ്ചയാണ്. ഇത്തവണ ദീപാവലി റിലീസായി വന്നിരിക്കുന്ന ബിഗിൽ എന്ന ചിത്രത്തിൽ ആരാധകർ വച്ചിരുന്ന പ്രതിക്ഷ വളരെ വലുതാണ്. വിജയ് എന്ന താരത്തിന്റെ സിനിമ എന്നതിലുപരി ഹിറ്റ് ചിത്രങ്ങൾ മാത്രം സമ്മാനിച്ചിരുന്ന അറ്റ്ലിയുടെ സിനിമ കുടിയാണ് 'ബിഗിൽ' എന്നത് പ്രതീക്ഷയേറ്റുന്നതിൽ വലിയൊരു ഘടകമാണ്. ഫുട്ബോളിന്റെയും കളിക്കാരുടെയും പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം സ്ത്രീ സമൂഹത്തിനെ ബഹുമാനിക്കണം എന്ന സന്ദേശം കൂടി നൽകുന്നുണ്ട്.
ഒരു കോളേജിൽ അരങ്ങേറുന്ന സമരം പ്രക്ഷുബ്ധമാകുന്നത് കാണിച്ചാണ് 'ബിഗിൽ' തുടങ്ങുന്നത്. കൈയേറ്റം അതിര് കടക്കുമ്പോൾ വിദ്യാർത്ഥികൾക്ക് താങ്ങായി എത്തുന്ന റൗഡിയായാണ് മൈക്കലിന്റെ രംഗപ്രവേശം. എന്നാൽ ഫുട്ബോളുമായി ഇയാളുടെ ബന്ധം? തമിഴ്‌നാട് വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായ മൈക്കലിന്റെ ഉറ്റ സുഹൃത്ത് കതിർ ഗുരുതരമായി പരിക്കേൽക്കുന്നു. ഗുണ്ടയായ തന്റെ കൂടെയുള്ള സഹവാസമാണ് കതിരിന് ഈയൊരു വിധി വരുത്തിവെച്ചതെന്ന് കളിക്കാർ പഴിക്കുന്നു. കതിരിന്റെ സ്ഥാനത്തേക്ക് മൈക്കൽ എത്താൻ നിർബന്ധിതനാകുന്നു. പക്ഷെ ഒരു ഗുണ്ടയെങ്ങനെ കോച്ചാകും. ഫ്ളാഷ്ബാക്കിലേക്ക് നീങ്ങുന്ന സിനിമ മികച്ച ഫുട്ബോൾ താരമായ മൈക്കലെന്ന ബിഗിലിന്റെയും ഗുണ്ടയായ അയാളുടെ അച്ഛൻ രായപ്പന്റെയും കഥ പറയുന്നു. ഏതൊരു മോശം പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരാളാണെങ്കിലും സ്പോർട്സ് അവരുടെയൊക്കെ ജീവിതം മാറ്റിമറിക്കാൻ പോന്നതാണ് എന്ന് ചിത്രം പറയുന്നു. ഗുണ്ടയായിരുന്നിട്ടും തന്റെ മകൻ തന്നേപോലെ ആകരുതെന്ന ആഗ്രഹം രായപ്പനുണ്ട്. എന്നാൽ മൈക്കലിന് നേരിടേണ്ടി വന്ന സാഹചര്യം മൂലം ഫുട്ബോൾ താരം എന്നത് വെറും സ്വപ്നമായി തീരുന്നു. തന്റെയും അച്ഛന്റെയും ആഗ്രഹം കോച്ച് എന്ന രീതിയിൽ സഫലീകരിക്കാൻ മൈക്കൽ നടത്തുന്ന പ്രയത്നമാണ് ചിത്രത്തിന്റെ ആകെത്തുക. എന്നാൽ മൈക്കൽ നേരിടേണ്ടുന്നത് ആന്തരവും ബാഹ്യവുമായി പല തരം തടസങ്ങളാണ്. അതൊക്കെ അതിജീവിക്കാൻ മൈക്കലെന്ന ബിഗിലിന് ആകുമോ എന്ന് സിനിമ കണ്ട് തന്നെ അറിയണം.
നായകൻ മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥിരം വിജയ് ചിത്രമല്ല ബിഗിൽ. സ്ത്രീകളുടെ ഉന്നമനത്തിന് കൂടി ചിത്രം ഊന്നൽ നൽകുന്നുണ്ട്.
ഒരു സ്പോർട്സ് ഡ്രാമയിൽ വാണിജ്യ ഘടകങ്ങൾ ബോധപൂർവ്വം ചേർത്തിട്ടുള്ളത് സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നുണ്ട്. നായികയായ നയൻതാരയുമായുള്ള വിജയുടെ പ്രണയരംഗങ്ങൾ ഏച്ചുക്കെട്ടാണ്. അതോടൊപ്പം ഏശാതെ പോയ ചില തമാശകളും ഹീറോയിസത്തിന് വേണ്ടി മാത്രം ചെയ്ത രംഗങ്ങളും ചേർത്ത് വായിക്കാവുന്നതാണ്.
രായപ്പനായും മൈക്കലെന്ന ബിഗിലായും വിജയ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. എടുത്തുപ്പറയേണ്ടത് രായപ്പൻ എന്ന കഥാപാത്രം തന്നെയാണ്. തന്റെ ശൈലിയും അഭിനയവും കൊണ്ട് ആ കഥാപാത്രം വിജയ് മികവുറ്റതാക്കി. വിജയ് ഇതുവരെ ചെയ്തതിൽ വച്ച് വ്യത്യസ്തവുമാണ് രായപ്പൻ എന്ന കഥാപാത്രം. മൈക്കൽ എന്ന കോച്ചായും ബിഗിൽ എന്ന ഫുട്ബോൾ താരമായും അദ്ദേഹം കൈയ്യടി നേടി. ഫുട്ബോൾ താരങ്ങൾ ചെയ്യുന്ന സ്കിൽസ് പ്രകടിപ്പിക്കുന്നതിലൊക്കെ വിജയ് അസാമാന്യം പാടവം കാണിക്കുന്നുണ്ട്. കഥയുടെ ഗതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ലെങ്കിലും നയൻതാര തന്റെ ഭാഗം നന്നാക്കിയിട്ടുണ്ട്. വനിതാ ഫുട്ബോൾ ടീമിന്റെ ഭാഗമായ അഭിനേതാക്കളൊക്കെ മികച്ച പ്രകടനമാണ്. ഇവരിൽ റീബാ മോണിക്ക ജോൺ, വർഷ ബൊല്ലമ്മ, ഇന്ദ്രജ ശങ്കർ, ഇന്ദുജ തുടങ്ങിയവരുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. ജാക്കി ഷ്രോഫ്, യോഗി ബാബു, വിവേക്, കതിർ, ഡാനിയൽ ബാലാജി, ആനന്ദരാജ് എന്നിവരുമുള്ള ചിത്രത്തിൽ മലയാളികളുടെ കറുത്ത മുത്തായ ഐ.എം. വിജയൻ ശ്രദ്ദേയമായ ഒരു കഥാപാത്രമായി എത്തുന്നുണ്ട്.
എ. ആർ. റഹ്മാന്റെ ഗാനങ്ങൾ മികച്ചതാണ്. ചിത്രത്തിന്റെ ഫീലിനൊത്തുള്ള ഗാനങ്ങളാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. ജി.കെ. വിഷ്ണുവിന്റെ കാമറ വർക്ക് മികവ് പുലർത്തിയിട്ടുണ്ട്.
അറ്റ്ലി എന്ന സംവിധായകന്റെ വിജയ്‌യുടെ കൂടെ തുടർച്ചയായ മൂന്നാമത്തേയും തന്റെ കരിയറിലെ നാലാമത്തെയും ചിത്രമാണ് ബിഗിൽ. ആഴമില്ലാത്ത കഥയും ഇടയ്ക്കിടെ മുറിയുന്ന ഒഴുക്കും ചിത്രത്തിന്റെ പോരായ്മകളാണ്. എന്നാൽ വിജയ്‌യുടെ പ്രകടനവും സ്ത്രീകളുടെ ഉന്നമനം കഥാതന്തുവാകുന്നതും പതർച്ചയ്‌ക്കിടയിലും ചിത്രത്തെ താങ്ങി നിറുത്തുന്നു. വിജയ് കഴിഞ്ഞാൽ ഫുട്ബോൾ കളിക്കാരായ വനിതകൾ തന്നെയാണ് സിനിമയുടെ തൂൺ.
വാൽക്കഷണം: ദളപതിക്ക് വിസിലടി
റേറ്റിംഗ്: 3/5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |