മലയാളികൾക്ക് വിഷുവിന് കണിയൊരുക്കാൻ കണിവെള്ളരി പോലെ ഒഴിവാക്കാൻ കഴിയാത്തതാണ് കണി മത്തൻ. ചെറിയ ഇനത്തിൽപ്പെട്ട ഈ മത്തൻ മുൻകാലങ്ങളിൽ അയൽസംസ്ഥാനങ്ങളിൽ നിന്നും അയൽജില്ലകളിൽ നിന്നുമാണ് തലസ്ഥാനത്തേക്ക് എത്തിയിരുന്നത്. ഇത്തവണ തിരുവനന്തപുരം വെള്ളായണി കല്ലിയൂരിലും ഈ കണിമത്തൻ വിളഞ്ഞു, കല്ലിയൂരിലെ മോഹനൻ എന്ന കർഷകന്റെ പാടത്താണ് മത്തൻ വിളഞ്ഞത്.
വിഷുക്കാലം ലക്ഷ്യമിട്ടാണ് മോഹനനൻ ചെറിയ മത്തൻ കൃഷി ഇറക്കിയത്. ഭക്ഷണത്തിനും ഉപയോഗിക്കാൻ കഴിയുന്ന ഇനമാണ് ഈ മത്തൻ, മൈസൂർ മത്തൻ, സുന്ദരി മത്തൻ, അമ്പിളി മത്തൻ എന്നും ഇവയെ വിളിക്കാറുണ്ട്. നല്ല ആകർഷകമായ നിറവും ചെറിയ സൈസുമാണ് ഈ മത്തനെ പ്രിയങ്കരമാക്കുന്നത്. വിഷുക്കാലത്ത് മാത്രമല്ല മറ്റ് സീസണിലും സുന്ദരി മത്തന് ആവശ്യക്കാർ ഏറെയാണെന്ന് മോഹനൻ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
കല്ലിയൂർ കുളക്കോട്ടുകോണത്ത് കല്ലിയൂർ പഞ്ചായത്ത് ഓഫീസിന് സമീപമാണ് മോഹനൻ എന്ന ഈ കർഷകന്റെ വീട്.. ആലപ്പുഴയിൽ നിന്ന് ലഭിച്ച കണിമത്തന്റെ വിത്ത് വി.എഫ്.പി.സികെയിലെ മാനേജർ മോഹനന് നൽകുകയായിരുന്നു. ഫെബ്രുവരിയിലാണ് മത്തൻ കൃഷി ചെയ്തു തുടങ്ങിയത്. കല്ലിയൂരിൽ പാട്ടത്തിനെടുത്ത രണ്ടേക്കർ പാടത്തെ ഒരു ഭാഗത്താണ് കണി മത്തൻ വിത്ത് വിതച്ചത്. മത്തന്റെ കൃഷി രീതികളും മോഹനൻ പങ്കുവച്ചു വിത്ത് .വിതയ്ക്കുന്നതിന് മുമ്പ് വലിയ തടമെടുത്ത് കക്കയൊക്കെ ഇട്ട് നിലമൊരുക്കുകയാണ് ആദ്യം ചെയ്യുന്നത്. വിത്ത് പാകിയ ശേഷം ജൈവവളവും ചാണകവും ഇട്ട് മൂടണം. കീടബാധ ഒഴിവാക്കാൻ ജൈവ കീടനാശിനിയാണ് ഉപയോഗിച്ചത്. നട്ട് 45 ദിവസത്തിനകം കായ്ക്കും. 55 ദിവസത്തിനകം വിളവെടുക്കാം. വെള്ളരി കൃഷി ചെയ്യുന്നതിന്റെ അതേ രീതിയാണ് മത്തൻ കൃഷിക്കുമെന്ന് മോഹനൻ പറയുന്നു.

അധികം വെയിൽ പാടില്ല. എപ്പോഴും വെള്ളം വേണം. നീരോട്ടമുള്ള സ്ഥലമാണെങ്കിൽ ഒരു നേരം നനച്ചാൽ മതി. അല്ലാത്തയിടങ്ങളിൽ രണ്ടുനേരം നനയ്ക്കേണ്ടി വരും. മഴയില്ലാത്തതിനാൽ വെള്ളത്തിന് നന്നായി ബുദ്ധിമുട്ടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കടുത്ത ചൂടിൽ പലതും കരിഞ്ഞു പോയി.കീടബാധയെക്കാൾ കാക്കകളാണ് മത്തൻ കൃഷിക്ക് പ്രശ്നം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. മത്തന്റെ നിറം കണ്ട് മാമ്പഴമെന്ന് കരുതിയെത്തിയ കാക്കകൾ ഒരുപാടെണ്ണം കൊത്തിനശിപ്പിച്ചു. എങ്കിലും ആദ്യ കൃഷിയിൽ തന്നെ നല്ല വിളവ് ലഭിച്ചെന്ന് മോഹനൻ പറഞ്ഞു. 400 കിലോയോളം കണിമത്തൻ വിളവെടുത്തു. വിഎഫ് പിസികെയുടെ വിപണിയിലാണ് ഇവ വിറ്റത്.
മത്തൻ കൃഷി ചെയ്തിടത്ത് ഓണം ലക്ഷ്യമിട്ട് വെള്ളരി കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ കർഷകൻ. വെള്ളരി കൂടാതെ മുള്ളങ്കി, ചീര, മരച്ചീനി, പടവലം, വാഴ, സലാഡ് വെള്ളരി, പയർ തുടങ്ങിയവയും മോഹനൻ കൃഷി ചെയ്യുന്നുണ്ട്. കൃഷി ചെയ്യാൻ മകളും സഹായിക്കാറുണ്ട്. കൂടുതൽ ജോലിയുള്ളപ്പോൾ കൂലിക്ക് ആളെ വയ്ക്കും. മഴയില്ലാത്തതും ജലക്ഷാമവുമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് ഈ കർഷകൻ പറയുന്നു. മഴയിൽ കൃഷിനാശത്തിന് സർക്കാരിൽ നിന്ന് സഹായം കിട്ടുമെങ്കിലും വേനലിലെ കൃഷി നാശത്തിന് അധികം സഹായമൊന്നും ലഭിക്കില്ലെന്നും മോഹനൻ ചൂണ്ടിക്കാട്ടി.. എങ്കിലും പരാതിയും പരിഭവവുമില്ലാതെ വീണ്ടും മണ്ണിൽ പൊന്ന് വിളയിക്കാൻ ഇറങ്ങുകയാണ് മോഹനൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |