
കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിന്റെ എറണാകുളം ശിവക്ഷേത്രത്തിലും തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിലും മേയ് ഒന്നു മുതൽ ഭഗവാന്മാർക്ക് ഉണരാൻ ആചാരവെടി മുഴങ്ങില്ല. നൂറ്റാണ്ടുകളായി തുടരുന്ന ചടങ്ങ് ഉപേക്ഷിക്കുന്നത് കരിമരുന്ന് സൂക്ഷിക്കാനുള്ള എൽ.ഇ. 2 ലൈസൻസ് പുതുക്കി കിട്ടാത്തതിനാൽ. കൊവിഡുകാലത്തുപോലും ഈ ക്ഷേത്രങ്ങളിൽ ആചാരവെടി നിലച്ചിരുന്നില്ല.
ബോർഡിന്റെ എട്ട് ക്ഷേത്രങ്ങളിലാണ് ആചാരവെടിയുള്ളത്. തൃശൂർ അന്തിമഹാകാളൻ ക്ഷേത്രത്തിൽ വെടിവഴിപാടിനിടെ കതിനകൾക്ക് തീപിടിച്ച് കഴിഞ്ഞമാസം നടത്തിപ്പുകാരൻ മരിച്ചതിനാലാണ് ലൈസൻസ് പ്രതിസന്ധിയുള്ള രണ്ട് ക്ഷേത്രങ്ങളിൽ ആചാരവെടി ഉപേക്ഷിക്കുന്നത്.
കേരളത്തിൽ ആദ്യം നടതുറക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ശിവക്ഷേത്രം. പുലർച്ചെ 2.30ന് പൂജകൾക്കു ശേഷം മൂന്നിന് ആചാരവെടി മുഴങ്ങുമ്പോഴാണ് നടതുറപ്പ്. ഉഷപൂജ, എതൃത്തപൂജ, ഉച്ചപൂജ, 4ന് നടതുറപ്പ്, 7ന് ദീപാരാധന ചടങ്ങുകൾക്കും ആചാരവെടി ആവർത്തിക്കും. തിരുവഞ്ചിക്കുളത്ത് പുലർച്ചെ മാത്രമാണ് ആചാരവെടി.
പ്രശ്നം ദൂരപരിധി
കതിനയിൽ നിറയ്ക്കേണ്ട കരിമരുന്ന് സൂക്ഷിക്കുന്ന വെടിപ്പുരയ്ക്ക് ദൂരപരിധി ലംഘനമുള്ളതിനാലാണ് ഇരു ക്ഷേത്രങ്ങൾക്കും ലൈസൻസ് നിഷേധിച്ചത്. വെടിപ്പുര മാറ്റിനിർമ്മിച്ചാൽ പ്രശ്നം പരിഹരിക്കാനായേക്കും. ആചാരവെടിയുടെ മറവിൽ ഈ ക്ഷേത്രങ്ങളിൽ ദേവസ്വം ബോർഡ് വെടിവഴിപാടും നടത്തുന്നുണ്ട്. വർഷം ദശലക്ഷങ്ങളുടേതാണ് കരാർ. തൃശൂർ പൂരം നടക്കുന്ന വടക്കുംനാഥ ക്ഷേത്രത്തിൽ ആചാരവെടിക്ക് മാത്രമാണ് കരാർ നൽകുന്നത്. ഇവിടെ വെടിവഴിപാടില്ല. കരിമരുന്ന് തുച്ഛമാകയാൽ അപകടസാദ്ധ്യതയും കുറവാണ്.
ലൈസൻസ് ലഭിക്കാത്തതിനാലാണ് രണ്ടിടത്തും ആചാരവെടി നിറുത്തുന്നത്. എത്രയും വേഗം പുനരാരംഭിക്കാനുള്ള നടപടികളിലാണ് ദേവസ്വം ബോർഡ്.
• കെ.രവീന്ദ്രൻ, പ്രസിഡന്റ്, കൊച്ചിൻ ദേവസ്വം ബോർഡ്
ആചാരവെടി മുടങ്ങാതെ നോക്കാനുള്ള ശ്രമങ്ങളിലാണ് ഉപദേശക സമിതി. ആവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കും.
• എസ്.അശോക് കുമാർ, പ്രസിഡന്റ്, എറണാകുളം ശിവക്ഷേത്ര ഉപദേശക സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |