
സൗന്ദര്യവത്ക്കരണത്തിന്റെ പേരിൽ മാറ്റി
തോപ്പുംപടി: പശ്ചിമ കൊച്ചിയിലെ സ്വകാര്യ ബസ് സ്റ്റോപ്പുകൾ അപ്രത്യക്ഷമായതോടെ പൊരിവെയിലത്ത് കൈക്കുഞ്ഞുങ്ങളുമായി ബസ് കാത്തുനിൽക്കുന്ന വീട്ടമ്മമാരും വൃദ്ധരും ദുരിതത്തിൽ. എം.എൽ.എയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ ബസ് സ്റ്റോപ്പുകളാണ് കാണാതായിരിക്കുന്നത്. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി മാറ്റിയ സ്റ്റോപ്പുകൾ പിന്നീട് പുനഃസ്ഥാപിക്കാത്തതാണ് പ്രതിസന്ധിയായത്. മഴയും വെയിലും ഒരുപോലെ അനുഭവിക്കേണ്ട ഗതികേടിലാണിപ്പോൾ നാട്ടുകാർ.
സ്റ്റോപ്പുകൾ ഇല്ലാത്ത സ്ഥലങ്ങൾ: തോപ്പുംപടി പ്രധാന ജംഗ്ഷനുകൾ, കരുവേലിപ്പടി, ഹാർബർ, കണ്ണമാലി സ്റ്റോപ്പ് തോപ്പുംപടി, കഴുത്തുമുട്ട്, പ്യാരി ജംഗ്ഷൻ, പട്ടേൽ മാർക്കറ്റ് ജംഗ്ഷൻ, കൊച്ചുപള്ളി
കാറ്റിൽ പലഭാഗങ്ങളും തകർന്നുവീണു
കൊച്ചി എം.എൽ.എ 25 ലക്ഷം രൂപ ചെലവഴിച്ചാണ് പലയിടത്തും കാത്തിരിപ്പ് കേന്ദ്രങ്ങൾ പണികഴിപ്പിച്ചത്. എന്നാൽ മഴക്കാലത്തെ കാറ്റിൽ കാത്തിരിപ്പ് കേന്ദ്രത്തിന്റെ പല ഭാഗങ്ങളും തകർന്നു വീണത് അന്ന് തന്നെ പരാതികൾക്ക് ഇടയാക്കി. നവീകരണ ജോലികൾ കരാർ നൽകിയതിനെത്തുടർന്നാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചുനീക്കിയത്. അടിയന്തരമായി ഇവ തിരികെ കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്നും സംഗമം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹി പി. വിജയൻ മുന്നറിയിപ്പ് നൽകി. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ച വകയിൽ പലരുടെയും കീശ വീർത്തതല്ലാതെ നാട്ടുകാർക്ക് യാതൊരു ഗുണവും ഉണ്ടായില്ലെന്ന് കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |