
ന്യൂഡൽഹി: ആഴങ്ങളിൽ നിന്ന് അവരെയെടുക്കുമ്പോൾ രക്ഷാപ്രവർത്തകരുടെ നെഞ്ചുപൊട്ടി. മരണത്തിലും പൊന്നോമനയെ മാറോടിറുക്കി ഒരമ്മ. മദ്ധ്യപ്രദേശ് ജബൽപൂരിലെ ബർഗി ഡാമിലുണ്ടായ ക്രൂസ് ബോട്ട് അപകടത്തിലെ ഉള്ള് പൊള്ളും കാഴ്ച.
മാതൃഹൃദയത്തോട് ചേർന്നവൻ കിടക്കുന്നതുകണ്ട് രാജ്യം കരഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് ആറിനാണ് ദുരന്തമുണ്ടായത്. ഒരു കൂട്ടം മനുഷ്യരുടെ സന്തോഷ നിമിഷങ്ങൾ ഒറ്റനിമിഷത്തിൽ മുങ്ങിത്താണു. ബോട്ടിന്റെ ഇടുങ്ങിയ ലോവർ ക്യാബിനിൽ അമ്മയും ആ നാലു വയസുകാരൻ മകനും കുടുങ്ങി. മകനെയെങ്കിലും രക്ഷിക്കാൻ അവർ കിണഞ്ഞുശ്രമിച്ചു. ലൈഫ് ജാക്കറ്റുണ്ടായിരുന്നെങ്കിലും ശ്രമം പാഴായി. അവധിക്കാലം ആഘോഷിക്കാനാണ് മറീന മസെയ് (39), മകൻ ത്രിഷാൻ (4) ഭർത്താവ് പ്രദീപ് മസെയ്, മകൾ സിയ എന്നിവരെത്തിയത്. പ്രദീപും സിയയും രക്ഷപ്പെട്ടു. അപകടത്തിൽ മരിച്ച അമ്മയും മകനുമെന്ന മട്ടിൽ മറ്റൊരു ചിത്രം പ്രചരിക്കപ്പെട്ടെങ്കിലും അത് എ.ഐ നിർമ്മിതമെന്ന് ജബൽപൂർ കളക്ടർ സ്ഥിരീകരിച്ചു.
ഒമ്പത് മരണം
ദുരന്തത്തിൽ ഇതുവരെ ഒമ്പത് പേരാണ് മരിച്ചത്. 41 യാത്രക്കാരും രണ്ട് ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 28 പേരെ രക്ഷിച്ചു. തമിഴ്നാട് സ്വദേശിയുൾപ്പെടെ നാലുപേർക്കായി തെരച്ചിൽ തുടരുകയാണ്. മദ്ധ്യപ്രദേശ് സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ബോട്ട് ഓടിച്ചിരുന്നയാൾ, സഹായി, ടിക്കറ്റ് കൗണ്ടറിന്റെ ഇൻ ചാർജ് എന്നിവരെ പരിച്ചുവിട്ടു.
മുന്നറിയിപ്പ്
അവഗണിച്ചു
മേഖലയിൽ യെല്ലോ അലെർട്ടുണ്ടായിരുന്നു. കാലാസ്ഥാ മുന്നറിയിപ്പുണ്ടായിട്ടും അത് അവഗണിച്ചതാണ് അപകടത്തിന് കാരണമെന്ന് മരിച്ചവരുടെ കുടുംബങ്ങളടക്കം ആരോപിച്ചു. കാലാവസ്ഥാ മുന്നറിയിപ്പ് നാട്ടുകാരും നൽകിയിരുന്നു. ചുഴലിക്കാറ്റിൽപ്പെട്ട് ബോട്ട് നിയന്ത്രണം തെറ്റി കറങ്ങി. വെള്ളം ഇരച്ചുകയറി. തൊട്ടടുത്ത ഖമാരിയ ദ്വീപിന് സമീപം ബോട്ട് തലകീഴായി മറിഞ്ഞു. ലൈഫ് ജാക്കറ്റുകൾ ബോട്ടിലെ മുറിയിൽ കെട്ടി വച്ചിരിക്കുകയായിരുന്നു. ബോട്ട് മുങ്ങിത്തുടങ്ങിയപ്പോഴാണ് ജീവനക്കാർ അവയെടുത്തത്.
അനുശോചിച്ച്
പ്രധാനമന്ത്രി
അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. മദ്ധ്യപ്രദേശ് സർക്കാർ മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |