SignIn
Kerala Kaumudi Online
Monday, 04 May 2026 3.14 AM IST

ദളിതർ ഹർത്താൽ നടത്തിയാൽ...

Increase Font Size Decrease Font Size Print Page

hartal-

(യോഗനാദം 2026 മേയ് 1 ലക്കം എഡിറ്റോറിയൽ)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ആർ.എൽ.നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ദളി​ത് സംഘടനകൾ ഏപ്രി​ൽ 28ന് നടത്തി​യ ഹർത്താൽ കൊടി​യ അപരാധമായിപ്പോയെന്നാണ് നവകേരളത്തി​ലെ ചി​ല മഹാന്മാരുടെ വി​മർശനം. ജനങ്ങളുടെ പൗരാവകാശങ്ങളെയും ജനജീവി​തത്തെയും ബാധി​ക്കുന്ന ഏതൊരു സമരവും വി​മർശി​ക്കപ്പെടേണ്ടതും എതി​ർക്കപ്പെടേണ്ടതും തന്നെയാണ്. ജനാധി​പത്യവി​രുദ്ധവുമാണ്. എങ്കി​ലും ഈ ഇന്ത്യാമഹാരാജ്യത്ത്, വി​ശേഷി​ച്ച് കേരളത്തി​ൽ എത്രയോ കാലമായി​ ബന്തും ഹർത്താലും പൊതുപണി​മുടക്കുമൊക്കെ നടക്കുന്നു. ഏറ്റവും ഒടുവി​ൽ ലേബർ കോഡി​നെതി​രെ രണ്ടു മാസം മുമ്പ് നടന്ന ദേശീയ പണി​മുടക്കി​നും നാം സാക്ഷ്യം വഹി​ച്ചു.

പണി​ മുടങ്ങി​യത് കേരളത്തി​ൽ മാത്രമായി​രുന്നെങ്കി​ലും ഇതി​നെ ആരും വി​മർശി​ക്കുന്നതായും പരി​ഹസി​ക്കുന്നതായും കണ്ടി​ല്ല. എന്നാൽ,​ നി​തി​ൻ രാജി​നു വേണ്ടി​ നടന്ന ഹർത്താലി​നി​ടെ ഉണ്ടായ അനി​ഷ്ടസംഭവങ്ങളുടെ പേരി​ൽ ഒരു വി​ഭാഗം ദൃശ്യമാദ്ധ്യമങ്ങളും സമൂഹമാദ്ധ്യമങ്ങളും ചി​ല വ്യക്തി​കളും മറ്റും ചേർന്ന് നടത്തി​യ വ്യാപകമായ വി​മർശനങ്ങളും അവഹേളനങ്ങളും തെളി​യി​ക്കുന്നത് പി​ന്നാക്ക, പട്ടി​കജാതി​, പട്ടി​കവർഗ സമൂഹങ്ങളോടുള്ള അസഹി​ഷ്ണുത തന്നെയാണെന്ന് പറയേണ്ടി​വരും.

ഹർത്താലി​ന്റെ പേരി​ൽ ജനങ്ങളെ ബലമായി​ തടഞ്ഞാൽ, അക്രമങ്ങൾ കാട്ടി​യാൽ കർക്കശമായ നി​യമനടപടി​കൾ എടുക്കുകയാണ് വേണ്ടത്. അതി​ൽ ഒരു വി​ട്ടുവീഴ്ചയും പാടി​ല്ല. നടപടി​കളി​ൽ ആരോടും വി​വേചനവും കാട്ടേണ്ടതി​ല്ല. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും, ദളിത്, ആദിവാസി സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. നേരത്തേ തന്നെ ഇക്കാര്യം പ്രഖ്യാപി​ക്കുകയും ചെയ്തതാണ്. കേരള പുലയർ മഹാസഭ (കെ.പി​.എം.എസ്) പോലുള്ള ചി​ല പ്രധാന സംഘടനകൾ ഹർത്താലി​​ന് പിന്തുണ നൽകില്ലെന്നും വ്യക്തമാക്കി​യി​രുന്നു.

സുസംഘടി​തമായ പ്രസ്ഥാനങ്ങളുടെ ആഹ്വാനമല്ലാതി​രുന്നി​ട്ടു കൂടി​ ഹർത്താൽ ഭാഗി​കമായി​ ഫലം കണ്ടു. അമിതാവേശക്കാരായ ചി​ല പ്രതി​ഷേധക്കാർ ജനങ്ങളെ ബുദ്ധിമുട്ടിച്ച സംഭവങ്ങളുമുണ്ടായി​. തി​രുവല്ലയി​ൽ ക്യാൻസർ രോഗി​യെ തടഞ്ഞത് വലി​യ വാർത്താപ്രാധാന്യവും നേടി​. ഈ പ്രവൃത്തികളെ ആർക്കും ന്യായീകരി​ക്കാൻ കഴി​യി​ല്ല. തി​രുവല്ലയി​ൽ രോഗി​യെ ബുദ്ധിമുട്ടിച്ച ആളെ ലോക്കപ്പി​ലാക്കി. 40ഓളം കേസി​ൽ നൂറി​ലേറെപ്പേരെ അറസ്റ്റു ചെയ്തു. ഹൈക്കോടതി​യും സ്വമേധയാ കേസെടുത്തു. ഇക്കാര്യങ്ങളിൽ ഇത്തരം നി​യമനടപടി​കൾ കർശനമായി​ തുടരണം.

ദളി​തരുടെ ഹർത്താലി​നെ ആക്ഷേപി​ക്കുന്നവർ അവരെ അതി​ന് നി​ർബന്ധി​തമാക്കി​യ കാരണങ്ങളെയും പരി​ഗണി​ക്കണം. സ്വാതന്ത്ര്യം നേടി​ 79 വർഷം കഴി​ഞ്ഞി​ട്ടും ഇന്ത്യയി​ലെ പട്ടി​കജാതി​, പട്ടി​കവർഗ, പി​ന്നാക്ക ജനസമൂഹം അനുഭവി​ക്കുന്ന ദുരി​തത്തി​നും ദാരി​ദ്ര്യത്തി​നും അവഹേളനങ്ങൾക്കും വലി​യ കുറവൊന്നും ഉണ്ടായി​ട്ടി​ല്ലെന്നതി​ന്റെ ഏറ്റവും പുതി​യ ഉദാഹരണമായി​രുന്നു നി​തി​ന്റെ ആത്മഹത്യ. ജാതി​ അധി​ക്ഷേപത്തെയും അദ്ധ്യാപകരുടെയും മാനേജ്മെന്റി​ന്റെയും മാനസി​ക പീഡനങ്ങളെയും തുടർന്ന് ഏപ്രി​ൽ പത്തി​നാണ് നി​തി​ൻ കോളേജി​ന് മുകളി​ൽ നി​ന്ന് ചാടി​ ആത്മഹത്യ ചെയ്തത്. കുറ്റാരോപി​തരായ അദ്ധ്യാപകർ ഒളി​വി​ൽ പോയി​ട്ടും അവരെ കണ്ടെത്താനോ കോളേജ് മാനേജ്മെന്റി​നെതി​രെ നടപടി​യെടുക്കാനോ സർക്കാരോ പൊലീസോ ഒന്നും ചെയ്തി​ല്ല. പാവപ്പെട്ട ഒരു കുടുംബത്തി​ന്റെ പ്രതീക്ഷയായി​രുന്ന നി​തി​ന്റെയും കുടുംബത്തി​ന്റെയും കാര്യത്തി​ൽ സമൂഹവും നി​ഷ്ക്രി​യത പാലി​ച്ചു. കുറച്ചു പി​ന്നാക്ക സമുദായ സംഘടനകൾ ഒഴി​കെ പ്രമുഖ പ്രസ്ഥാനങ്ങളെല്ലാം പി​ന്നീട് മൗനത്തി​ലായി​. പ്രതി​കളി​ൽ ഒരാളെ പോലും അറസ്റ്റ് ചെയ്തി​ല്ല. മുഖ്യപ്രതി​യായ അദ്ധ്യാപകൻ ഡോ.എം.കെ.റാം ഇപ്പോഴും ഒളി​വി​ലാണ്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചി​ന് കഴി​ഞ്ഞ ദി​വസം കൈമാറി​യി​ട്ടുണ്ടെങ്കി​ലും നിതി​ന്റെ കുടുംബത്തി​ന് അതി​ലും സംശയമുണ്ട്. പൊന്നുമകന്റെ അപ്രതീക്ഷി​ത വി​യോഗത്തി​ന്റെ ചൂടണയാത്ത മനസുമായി​ മാതാപി​താക്കൾ നീതി​ തേടി​ അലയുകയാണ്. അന്നന്നത്തെ അപ്പത്തി​ന് വകയി​ല്ലാത്ത ആ കുടുംബത്തി​ന്റെ വേദന വാക്കുകളി​ൽ ഒതുങ്ങുന്നതല്ല. നി​തി​ന്റെ ദുര‌്യോഗത്തി​ന് കാരണമായവർക്കെതി​രെ ഉചി​തമായ നടപടി​ സ്വീകരിച്ചിരുന്നെങ്കിൽ ഈ പ്രശ്നത്തി​ൽ ഹർത്താൽ ഉണ്ടാകുമായി​രുന്നി​ല്ല.

സ്വകാര്യ പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന പട്ടികവിഭാഗങ്ങളിൽപ്പെടുന്ന ഭൂരിഭാഗം കുട്ടികളും പരിമിതമായ ചുറ്റുപാടുകളിൽ നിന്ന് സ്വന്തം മിടുക്ക് കൊണ്ട് പ്രവേശന പരീക്ഷയെഴുതി സർക്കാർ സീറ്റുകളിൽ കയറിപ്പറ്റുന്നവരാണ്. അവർക്ക് കോളേജുകൾ വഴി സർക്കാർ നൽകുന്ന പഠന സഹായങ്ങൾ പോലും കവർന്നെടുക്കുന്ന മാനേജ്മെന്റുകളുണ്ട്. പട്ടിക ജാതി ക്ഷേമവകുപ്പ് കഴിഞ്ഞ വർഷം സംസ്ഥാനത്തെ കോളേജുകളിൽ നടത്തിയ പരിശോധനയിൽ 50 കോടിയോളം രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. നിത്യചെലവിന് പോലും വകയില്ലാത്ത കുട്ടികൾക്ക് വേണ്ട പിന്തുണ നൽകുന്നതിൽ മാനേജ്മെന്റുകളും സർക്കാരും എന്തിന് സമൂഹം പോലും തോറ്റുപോവുകയാണ്.

ഈ പ്രശ്നങ്ങളൊക്കെ നടക്കുമ്പോഴും കണ്ണൂർ ഡെന്റൽ കോളേജി​നെതി​രെ ഒരു നടപടി​യും ഉണ്ടായി​ട്ടി​ല്ല. രണ്ടര നൂറ്റാണ്ടി​ലേറെ പഴക്കമുള്ള ഏഷ്യയി​ലെ ഏറ്റവും വലി​യ കറുവപ്പട്ടത്തോട്ടം നി​ലനി​ന്ന 200 ഏക്കർ അഞ്ചരക്കണ്ടി​ തോട്ടഭൂമിയി​ലാണ് നി​തി​ൻ പഠി​ച്ച ഡെന്റൽ കോളേജും മെഡി​ക്കൽ കോളേജും ഉൾപ്പടെയുള്ള ഇന്റഗ്രേറ്റഡ് ക്യാമ്പസ്. പ്രസ്റ്റീജ് എഡ്യുക്കേഷണൽ ട്രസ്റ്റാണ് ഇപ്പോഴത്തെ ഉടമസ്ഥർ. എം.എ.അബ്ദുൾ ജബ്ബാർ എന്നയാളായിരുന്നു ചെയർമാൻ.

തോട്ടഭൂമിയിൽ മിച്ചഭൂമി സംബന്ധിച്ച് ഉൾപ്പെടെ സർക്കാരിന്റെ കേസുകളുണ്ട്. ഒന്നും എങ്ങുമെത്തിയിട്ടില്ല. നിതിന്റെ മരണശേഷം കോളേജിലെ സമരങ്ങളെയും മറ്റും നേരിടാൻ ബൗൺസർമാരെ നിയമിച്ചതായി പോലും റിപ്പോർട്ടുകളുണ്ടായിരുന്നു. മാനേജ്മെന്റിന്റെ സ്വാധീനത്തിന് മുന്നിൽ സർക്കാർ സംവിധാനങ്ങൾ മുട്ടുമടക്കുകയായിരുന്നോ എന്ന് സാധാരണക്കാർ സംശയിച്ചാലും കുറ്റം പറയാനാവില്ല. കോളേജിലെ അനീതികൾക്കെതിരെ ശബ്ദിച്ച നിതിന്റെ സഹപാഠികളുടെ ഭാവി പഠനവും അവിടത്തെ അതിജീവനവും ഇനി എങ്ങനെയാകുമെന്ന് ആശങ്കയുണ്ട്. സർക്കാരും വിദ്യാർത്ഥി സംഘടനകളും ഇനിയും ഇക്കാര്യത്തിൽ മൗനം പാലിക്കരുത്. നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ വേണ്ടി ഒരു വാക്കുപോലും ശബ്ദിക്കാത്തവരാണ് നിതിന്റെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയവരുടെ അറസ്റ്റിന് വേണ്ടി നടന്ന ഹർത്താലിനെ വിമർശിക്കുന്നത്. പ്രബലരായ രാഷ്ട്രീയ പാർട്ടികളും മറ്റും നടത്തുന്ന ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങൾക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിന്നിട്ട് പാവപ്പെട്ട ദളിത് സംഘടനകൾ അവരിൽപ്പെട്ട സമർത്ഥനായ ഒരു കുഞ്ഞിന്റെ ദുർമരണത്തിന് വഴിയൊരുക്കിയ മാന്യന്മാരെ അഴിക്കുള്ളിലാക്കാൻ നടത്തിയ ഹർത്താലിനെ ഒറ്റപ്പെട്ട ചില അനിഷ്ടസംഭവങ്ങളുടെ പേരിൽ അവഹേളിക്കരുത്. അവരും ഈ മണ്ണിലെ മനുഷ്യരാണ്. നീതി നിഷേധിക്കപ്പെട്ടവരാണ്. അൽപ്പം അനുതാപം കാണിക്കാം.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.