SignIn
Kerala Kaumudi Online
Monday, 04 May 2026 3.19 AM IST

സന്ദർശകരെ തേടി കുടിയേറ്റ മ്യൂസിയം

Increase Font Size Decrease Font Size Print Page
museum
ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക മ്യൂസിയം

ശ്രീകണ്ഠപുരം: മലബാറിന്റെ മലയോരത്തേക്ക് കുടിയേറിയെത്തിയ മനുഷ്യരുടെ ചരിത്രം വരുംതലമുറയ്ക്ക് പകർന്നു നൽകാൻ സ്ഥാപിതമായ ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക മ്യൂസിയം സഞ്ചാരികളെത്താതെ വിസ്മൃതമാകുന്നു. ഉദ്ഘാടനം കഴിഞ്ഞിട്ട് എട്ട് മാസത്തോളമായെങ്കിലും ഇതുവരെ ഇവിടെ സന്ദർശിച്ചത് ചുരുക്കം പേർ മാത്രം! 2025 ഓഗസ്റ്റ് മാസത്തിലാണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. പ്രവേശനം സൗജന്യമായിട്ടും ഒരുമാസം ശരാശരി 300 പേർ മാത്രമാണ് ഇവിടെയെത്തുന്നത്.
1920 മുതൽ 1970കളുടെ അവസാന കാലത്തോളം മദ്ധ്യതിരുവിതാംകൂറിൽ നിന്നും പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ കാസർകോട്, ദക്ഷിണ കാനറ എന്നിവിടങ്ങളിലെ മലയോര പ്രദേശത്തെത്തി കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കി പുതിയ ജീവിതം കെട്ടിപ്പടുത്തവരുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ചരിത്ര രേഖപ്പെടുത്തലുകളും ചിത്രങ്ങളും ശിൽപങ്ങളും വിവിധ വസ്തുക്കളുടെ പ്രദർശനവും ഉൾപ്പെടുന്നതാണ് ചരിത്ര മ്യൂസിയം.
2015ൽ തലശ്ശേരി അതിരൂപത 99 വർഷത്തേക്ക് പാട്ടത്തിനു നൽകിയ ചെമ്പന്തൊട്ടിയിലെ ഒന്നര ഏക്കർ സ്ഥലത്താണ് മ്യൂസിയം പ്രവർത്തിക്കുന്നത്. ഇരിക്കൂർ എം.എൽ.എയായിരുന്ന കെ.സി ജോസഫിന്റെ താത്പര്യപ്രകാരമാണ് ഇവിടെ ഇതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് തറക്കല്ലിട്ടത്. പിന്നീട് നിർമ്മാണം ഇഴഞ്ഞുനീങ്ങി.
സംസ്ഥാന പുരാവസ്തു വകുപ്പിനു കീഴിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്. കുടിയേറ്റ ചരിത്രത്തെക്കുറിച്ചുള്ള ഏതാനും ചിത്രീകരണങ്ങളും, പെയിന്റിംഗുകളും പഴയ പാത്രങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. തലശ്ശേരി അതിരൂപതയുടെ ആദ്യ ബിഷപ്പ് ആയിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സ്മരണാർത്ഥമാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ പൂർണ്ണകായ വെങ്കല പ്രതിമ സ്ഥാപിക്കുന്നതിനു ശ്രമങ്ങൾ ആരംഭിച്ചെങ്കിലും ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

മ്യൂസിയം ഒറ്റപ്പെട്ട സ്ഥലത്ത്

ശ്രീകണ്ഠാപുരം നടുവിൽ റൂട്ടിൽ ചെമ്പന്തൊട്ടി ടൗണിനോടു ചേർന്ന് റോഡരികിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. 3 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. മനോഹരമായ സ്ഥലത്താണ് നിർമ്മിച്ചിരിക്കുന്നതെങ്കിലും ഒറ്റപ്പെട്ട, ഏറെ അറിയപ്പെടാത്ത ഒരു സ്ഥലത്ത് മ്യൂസിയം കാണാൻ വേണ്ടി മാത്രം കാഴ്ചക്കാർ എത്താൻ താത്പര്യം കാണിക്കാത്തതാണ് മ്യൂസിയത്തെ കാണികൾ കൈയൊഴിയാനുള്ള പ്രധാന കാരണം.

കുടിയേറ്റ മ്യൂസിയം സന്ദർശിക്കുന്നവർക്ക് മലബാറിലെ കുടിയേറ്റത്തിന്റെ വ്യക്തമായ ചരിത്ര പഠനത്തിനുള്ള ഗ്രന്ഥങ്ങളും ചരിത്രരേഖകളും ഉൾപ്പെടുന്ന ഗ്രന്ഥശാലയടക്കം ഉണ്ടാവേണ്ടതുണ്ട്. ആലക്കോടിന്റെ ശിൽപിയും കുടിയേറ്റക്കാരുടെ തമ്പുരാൻ എന്നറിയപ്പെടുന്ന പി.ആർ രാമവർമ്മ രാജ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനുള്ള സജ്ജീകരണങ്ങളും വേണം. എങ്കിൽ മാത്രമെ കുടിയേറ്റ മ്യൂസിയത്തെ കൂടുതൽ ജനശ്രദ്ധയിലെത്തിക്കാനും സഞ്ചാരികൾ സന്ദർശിക്കാനും ഇടവരികയുള്ളു.

TAGS: LOCAL NEWS, KANNUR, MUSEUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.