SignIn
Kerala Kaumudi Online
Monday, 04 May 2026 3.18 AM IST

ആദ്യഫലം കോന്നിയിൽ

Increase Font Size Decrease Font Size Print Page
ele

പത്തനംതിട്ട : ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ ആദ്യ ഫലം കോന്നി നിയോജക മണ്ഡലത്തിന്റെതാകുമെന്ന് സൂചന. പോസ്റ്റൽ ബാലറ്റിന് പുറമേ കോന്നിയിൽ 228 ബൂത്തുകളിലെ വോട്ടിംഗ് മെഷിനുകൾ രാവിലെ 8.30 മുതൽ എണ്ണിത്തുടങ്ങും. ഏറ്റവും കുറവ് വോട്ടർമാരുള്ളത് കോന്നിയിലാണ്. 16 റൗണ്ട് പൂർത്തിയാകുന്നതോടെ കോന്നിയുടെ ഫലം പുറത്തുവരും. മലയാലപ്പുഴ മുസലിയാർ എൻജിനിയറിംഗ് കോളേജാണ് വോട്ടെണ്ണൽ കേന്ദ്രം. സിറ്റിംഗ് എം.എൽ.എ കെ.യു.ജനീഷ് കുമാർ ഇടതുസ്ഥാനാർത്ഥിയാണ്. ഉപതിരഞ്ഞെടുപ്പിലൂടെ എം.എൽ.എയായ ജനീഷിന്റെ മൂന്നാംഅങ്കമാണിത്. യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലും എൻ.ഡി.എ സ്ഥാനാർത്ഥി ടി.പി.സുന്ദരേശനുമാണ്.

കോന്നിക്കു പിന്നാലെ 231 ബൂത്തുകളുള്ള അടൂർ മണ്ഡലത്തിന്റെയും 237 ബൂത്തുകളുള്ള റാന്നി മണ്ഡലത്തിന്റെയും ഫലങ്ങൾ പിന്നാലെയെത്തും. അടൂരിൽ സി.പി.ഐ സ്ഥാനാർത്ഥി പ്രിജി കണ്ണനും കോൺഗ്രസ് സ്ഥാനാർത്ഥി സി.വി.ശാന്തകുമാറും ബി.ജെ.പി സ്ഥാനാർത്ഥി പന്തളം പ്രതാപനും തമ്മിലാണ് മത്സരം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം വിജയിച്ച മണ്ഡലമാണിത്.

റാന്നിയിൽ സിറ്റിംഗ് എം.എൽ.എ അഡ്വ.പ്രമോദ് നാരായണനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പഴകുളം മധുവും എൻ.ഡി.എയിൽ ട്വെന്റി 20 സ്ഥാനാർത്ഥി തോമസ് കെ.ശാമുവലും കട‌ുത്ത മത്സരവുമായി രംഗത്തുണ്ട്.

ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവല്ല. ഇടതുപക്ഷത്ത് തുടർച്ചയായ വിജയങ്ങളിലൂടെ കരുത്തുകാട്ടിയ സിറ്റിംഗ് എം.എൽ.എയും മുൻ മന്ത്രിയുമായ മാത്യു ടി.തോമസും യു.ഡി.എഫിൽ വർഗീസ് മാമ്മനും എൻ.ഡി.എയിൽ അനൂപ് ആന്റണിയുമാണ് സ്ഥാനാർത്ഥികൾ. 239 ബൂത്തുകളുള്ള തിരുവല്ലയിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പ്രചാരണത്തിനെത്തിയെന്ന പ്രത്യേകതയുമുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മൂന്നു സ്ഥാനാർത്ഥികളും ഒപ്പത്തിനൊപ്പമെന്ന സൂചനയാണ് പുറത്തുവന്നത്. 40000ലധികം വോട്ടുകൾ മൂന്നു സ്ഥാനാർത്ഥികളും നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് മൂന്നു മുന്നണികളുടെയും അവകാശവാദം.

ജില്ലയിലെ ഏറ്റവും ശ്രദ്ധാകേന്ദ്രവും ഏറ്റവും വലിയ മണ്ഡലവും ആറന്മുളയാണ്. സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ വീണാജോർജ്ജാണ് സി.പി.എം സ്ഥാനാർത്ഥി. യൂത്ത് കോൺഗ്രസിന്റെ തീപ്പൊരി നേതാവ് അബിൻ വർക്കി കോടിയാട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി. ബി.ജെ.പിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരനാണ് ബി.ജെ.പി സ്ഥാനാർത്ഥി. മൂന്ന് മുന്നണികൾക്കും ശക്തമായ വോട്ടടിത്തറയുള്ള മണ്ഡലം ഇക്കുറി ആരെ തുണയ്ക്കുമെന്നത് രാഷ്ട്രീയ കേരളം കാത്തിരിക്കുകയാണ്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.