
പത്തനംതിട്ട: സിനിമ - സീരിയൽ താരം സന്തോഷ് കെ നായർ (66) അന്തരിച്ചു. ഇന്നുരാവിലെ ആറരയോടെ അടൂർ ഏനാത്തുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. നൂറിലേറെ സിനിമകളിൽ വേഷമിട്ട താരമാണ്.
സന്തോഷും ഭാര്യ ശുഭശ്രീയുമാണ് കാറിലുണ്ടായിരുന്നത്. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു. വാഹനം നിയന്ത്രണം തെറ്റി എതിരെവന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സന്തോഷ് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തിന് പിന്നാലെ ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ സന്തോഷിന് ഹൃദയാഘാതമുണ്ടായെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. എട്ടുമണിയോടെ മരണം സ്ഥിരീകരിച്ചു. ശുഭശ്രീയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ലോറി ഡ്രൈവർക്കും പരിക്കുണ്ട്.
വില്ലനായും കൊമേഡിയനായും സഹനടനായും നടനായും സിനിമാ - സീരിയൽ രംഗത്ത് നിറഞ്ഞുനിന്ന താരമാണ് സന്തോഷ്. പി ജി വിശ്വംഭരൻ സംവിധാനം ചെയ്ത 'ഇത് ഞങ്ങളുടെ കഥ' എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേയ്ക്ക് ചുവടുവച്ചത്. പ്രദർശനം തുടരുന്ന മോഹിനിയാട്ടമാണ് സന്തോഷ് അവസാനമായി അഭിനയിച്ച ചിത്രം. എം ജി കോളേജിൽ നടൻ മോഹൻലാലിന്റെ ജൂനിയർ ആയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |