
ബി.ജെ.പി മോഹം പൊലിഞ്ഞു
കണ്ണൂർ: മഞ്ചേശ്വരം മണ്ഡലത്തിലെ സി.പി.എം വോട്ടു ചോർച്ച ബി.ജെ.പിയുടെ തോൽവിയിലും സജീവ ചർച്ചയായി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും 40,000ത്തിലേറെ വോട്ടുകൾ നേടിയിരുന്ന എൽ.ഡി.എഫിന് ഇക്കുറി 21,212 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഏകദേശം 20,000 വോട്ടുകളുടെ ചോർച്ചയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി എ.കെ.എം. അഷ്റഫിന് 29,252 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷം സമ്മാനിച്ചത്.
സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിച്ചിരുന്ന മണ്ഡലത്തിൽ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നാലാം തവണയാണ് പരാജയപ്പെട്ടത്. 2016ൽ 89 വോട്ടിനും 2021ൽ 745 വോട്ടിനും ജയിച്ച മണ്ഡലത്തിലാണ് യു.ഡി.എഫ് വൻ ഭൂരിപക്ഷം നേടിയത്. 2016ൽ സി.പി.എമ്മിലെ സി.എച്ച്. കുഞ്ഞമ്പു 42,565 വോട്ടുകളാണ് നേടിയത്. 2021ൽ വി.വി. രമേശന് 40,639 വോട്ടുകളും ലഭിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും എൽ.ഡി.എഫ് 33,928 വോട്ടുകൾ നേടി. ഇത്തവണ ഇടത് വോട്ടുകൾ നേരിട്ട് യു.ഡി.എഫ് സ്ഥാനാർത്ഥി അഷ്റഫിലേക്ക് ഒഴുകിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബി.ജെ.പി നേതൃത്വം ഈ മണ്ഡലം എ ക്ലാസ് സീറ്റായി കണക്കാക്കി ഏറെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ, സുരേന്ദ്രന് 2,683 വോട്ടുകൾ മാത്രമാണ് കഴിഞ്ഞ തവണത്തെക്കാൾ വർദ്ധിച്ചത്. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ കർണാടകയിൽ സ്ഥിര താമസമുള്ളവരും മഞ്ചേശ്വരത്ത് വോട്ടർമാരായവരുമടക്കം പതിനയ്യായിരത്തിലേറെ ബി.ജെ.പി അനുകൂല വോട്ടുകൾ തള്ളപ്പെട്ടെന്ന് നേതൃത്വം നേരത്തേ ആരോപിച്ചിരുന്നു.
വോട്ട് നില
എ.കെ.എം. അഷ്റഫ്- 96,948
കെ. സുരേന്ദ്രൻ- 67,696
കെ.ആർ. ജയാനന്ദ -21,212
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |