
തിരുവനന്തപുരം: പുതിയ നിയമസഭയിൽ പിന്നാക്ക സമുദായ പ്രാതിനിദ്ധ്യം ഗണ്യമായി കുറഞ്ഞു. കാലാവധി കഴിയുന്ന സഭയിൽ ഈഴവ,നാടാർ,ലത്തീൻ സമുദായങ്ങളിൽ നിന്നായി 30 പേരാണ് ഉണ്ടായിരുന്നത്. പുതിയ സഭയിൽ ഇവരുടെ എണ്ണം 23 ആയി ചുരുങ്ങി. ഈഴവ-17,നാടാർ-3,ലത്തീൻ-3. മൂന്ന് മുന്നണികളിലെയും അംഗങ്ങൾ ഇതിൽപ്പെടും.
എൽ.ഡി.എഫ് ഈ തിരഞ്ഞെടുപ്പിൽ 30 ഈഴവർ ഉൾപ്പെടെ പിന്നാക്ക സമുദായങ്ങളിലെ 35 പേരെയാണ് മത്സരിപ്പിച്ചത്. കാലാവധി തീരുന്ന നിയമസഭയിൽ എൽ.ഡി.എഫിന് 99 അംഗങ്ങളുണ്ടായിരുന്നത് 35 ആയി കുറഞ്ഞു. അതിന് ആനുപാതികമായാണ് സഭയിലെ പിന്നാക്ക സമുദായ പ്രാതിനിദ്ധ്യവും ഇടിഞ്ഞത്. യു.ഡി.എഫ് ഇത്തവണ 17 ഈഴവർ ഉൾപ്പെടെ 24 പിന്നാക്കക്കാരെയാണ് സ്ഥാനാർത്ഥികളാക്കിയത്. 102 സീറ്റ് നേടിയിട്ടും പിന്നാക്ക സമുദായ പ്രാതിനിദ്ധ്യം ആനുപാതികമായി ഉയരാത്തത് അതിനാലാണ്. യു.ഡി.എഫ് 2016ലെയും 2021ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈഴവ സമുദായത്തിന് നൽകിയത് യഥാക്രമം പതിമൂന്നും പതിനാലും സീറ്റ്.
രണ്ട് തിരഞ്ഞെടുപ്പിലും സഭയിലെ ഈഴവ പ്രാതിനിദ്ധ്യം ഒന്നിലൊതുങ്ങി. സീറ്റുകൾ വെട്ടിക്കുറച്ചതിന് പുറമേ,വിജയ സാദ്ധ്യതയുള്ള സീറ്റുകൾ നൽകാതിരുന്നതും കാരണമായി. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ശിവഗിരി മഠം സന്ദർശിച്ച ലോക്സസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ മഠം ഭാരവാഹികൾ സമുദായം നേരിടുന്ന ഈ ദുര്യോഗം ധരിപ്പിക്കുകയും സ്ഥാനാർത്ഥി
നിർണയത്തിൽ ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക് വിജയ സാദ്ധ്യതയുള്ള സീറ്റുകളിൽ മതിയായ പരിഗണന നൽകണമെന്ന് ആവശ്യപ്പെടുന്ന നിവേദനം സമർപ്പിക്കുകയും ചെയ്തിരുന്നു. ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയ രാഹുൽ,ഇത് സംബന്ധിച്ച നിർദ്ദേശം കോൺഗ്രസ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റിക്ക് കൈമാറി.
പിന്നാക്കക്കാർക്ക് കോൺഗ്രസ് നീക്കി വച്ച സീറ്റുകളിൽ നേരിയ വർദ്ധനയാണ് ഉണ്ടായതെങ്കിലും വിജയ സാദ്ധ്യതയുള്ള കൂടുതൽ സീറ്റുകൾ നൽകി. അതിനാലാണ്,യു.ഡി.എഫ് ചരിത്ര വിജയം നേടിയ ഈ തിരഞ്ഞെടുപ്പിൽ ഈഴവ സമുദായ പ്രാതിനിദ്ധം ഒമ്പതായെങ്കിലും ഉയർന്നത്.
നാല് മന്ത്രി സ്ഥാനം
നൽകണം
കെ. കരുണാകരന്റെയും എ.കെ.ആന്റണിയുടെയും മന്ത്രിസഭകളിൽ ഈഴവ സമുദായത്തിന് നാല് മുതൽ ആറ് വരെ മന്ത്രിമാരെ ലഭിച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിലും സമുദായത്തിലെ അഞ്ച് പേർ മന്ത്രിമാരായി. പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ ഈഴവ സമുദായത്തിന് കുറഞ്ഞത് നാല് മന്ത്രി സ്ഥാനം അനുവദിക്കണമെന്നും നാടാർ,ലത്തീൻ സമുദായങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നുമാണ് ഉയരുന്ന ആവശ്യം.
യു.ഡി.എഫ്
ആകെ അംഗ സംഖ്യ-102
ഈഴവ-9
നാടാർ-2
ലത്തീൻ-3
എൽ.ഡി.എഫ്
ആകെ അംഗ സംഖ്യ-35.
ഈഴവ-6
നാടാർ-1
എൻ.ഡി.എ
ആകെ അംഗ സംഖ്യ-3
ഈഴവ-2
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |