
ഒരുവർഷം മുമ്പ് രാജീവ് ചന്ദ്രശേഖർ ബി.ജെ.പിയുടെ അമരത്തേക്ക് വരുമ്പോൾ എതിർ കക്ഷികളിൽ നിന്നുമാത്രമല്ല സ്വന്തം നേതാക്കളിൽ നിന്നുപോലും അടക്കം പറച്ചിലുണ്ടായി. കേരളം പോയിട്ട് മലയാളം പോലുമറിയില്ലെന്ന്. പക്ഷേ,ഒറ്റവർഷംകൊണ്ട് എല്ലാം മാറിമറിഞ്ഞു. തലസ്ഥാന കോർപ്പറേഷൻ പിടിച്ചതിനു പിന്നാലെ നിയമസഭയിൽ ചരിത്രത്തിലാദ്യമായി മൂന്നുപേരെ വിജയിപ്പിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാജീവ് ചന്ദ്രശേഖർ കേരളകൗമുദിയുമായി സംസാരിക്കുന്നു.
?ആദ്യമായി നിയമസഭയിലേക്ക് മൂന്നു പേർ
കേരളത്തിൽ വലിയൊരു മാറ്റം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി സഖ്യം മത്സരിച്ചത്. എന്നാൽ,സംഭവിച്ചത് ആന്റി സി.പി.എം കൊടുങ്കാറ്റാണ്. ആ കൊടുങ്കാറ്റിലും മൂന്ന് സീറ്റുകൾ നേടാനായത് ചരിത്ര നേട്ടമാണ്. പലയിടത്തും രണ്ടാം സ്ഥാനത്ത് എത്തി. കേരളത്തിൽ ബി.ജെ.പിയുടെ അശ്വമേധത്തിന്റെ തുടക്കമാണിത്.
?അമരക്കാരനായി എത്തിയ ഉടൻ ഞെട്ടിക്കുന്ന നേട്ടം
സംസ്ഥാന അദ്ധ്യക്ഷൻ ആയതിനശേഷം മൂന്ന് പ്രധാന തിരഞ്ഞെടുപ്പുകളെ നേരിട്ടു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമമാത്രമാണെങ്കിലും വോട്ട് വർദ്ധിച്ചത് എൻ.ഡി.എയ്ക്കാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഉൾപ്പെടെ നൽകിയ വിജയം ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ആ പ്രവർത്തനമാണ് ഇപ്പോൾ മൂന്ന് നിയമസഭ അംഗങ്ങളെ ബി.ജെ.പിക്ക് നൽകിയത്,എന്നാൽ ഇതുകൊണ്ട് എന്റെ ദൗത്യം പൂർത്തിയാകുന്നില്ല. ഒരു വികസിത കേരളം സൃഷ്ടിക്കണം. ആരെയും വ്യക്തിപരമായി കളിയാക്കാനോ കുറ്റപ്പെടുത്താനോ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ഉപയോഗിച്ചിട്ടില്ല. പോസിറ്റീവ് പൊളിറ്റിക്‌സ് ജനങ്ങളോട് പറഞ്ഞു അവർ അംഗീകരിച്ചു.
?എന്തുകൊണ്ട് പത്തുവർഷത്തെ ഇടതുഭരണം തകർന്നു
അഹങ്കാരവും അധികാരഗർവും ഒരു രാഷ്ട്രീയ പാർട്ടിക്കും ചേർന്നതല്ല. ജനമാണ് മുതലാളി. നേതാക്കളും മന്ത്രിമാരുമല്ല. രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളിലും സി.പി.എമ്മിന് സംഭവിച്ച അപചയത്തിന് കാരണം ഇതാണ്.
?മൂന്നുപേർ നിയമസഭയിലേക്ക് പോകുമ്പോൾ എന്താവും നിലപാട്
ഇതുവരെ ജനങ്ങൾക്ക് വേണ്ടി അസംബ്ലിക്ക് പുറത്താണ് ബി.ജെ.പി പ്രവർത്തിച്ചത് ഇനി അസംബ്ലിക്കുള്ളിൽ സംസാരിക്കാൻ മൂന്നു പേരുണ്ടാകും. അഴിമതി തുറന്നുകാണിക്കാനും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനും മൂന്നുപേർ ധാരാളമാണ്. മൂന്നുമതി മൂക്കുകയറിടാൻ. കഴിഞ്ഞ 10 വർഷം പ്രതിപക്ഷത്തിരുന്ന യു.ഡി.എഫ് എല്ലാറ്റിനോടും മൗനം പാലിച്ചു. അതിന് കാരണം കോൺഗ്രസും സി.പി.എമ്മും ഇന്ത്യ സഖ്യത്തിന്റെ ഭാഗമായതുകൊണ്ടാണ്. എൻ.ഡി.എയുടെ മൂന്ന് എം.എൽ.എമാർ യഥാർത്ഥ പ്രതിപക്ഷമായി പ്രവർത്തിക്കും.
?എങ്ങനെയാവും സർക്കാരിനോടുള്ള നിലപാടുകൾ
യു.ഡി.എഫിന് ജനങ്ങൾ ഭൂരിപക്ഷം നൽകി. ഇനി ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്യുമെന്ന് അവർ കാണിക്കണം. നാടിനെ നശിപ്പിക്കാൻ സിൻസിയറായി പ്രവർത്തിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കർണാടകയും ഹിമാചലുമെല്ലാം അതിന് ഉദാഹരണം. ആ രീതിയിൽ പ്രവർത്തിക്കാതെ ജനങ്ങൾക്ക് വേണ്ടി കേരളത്തിൽ എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കും ബി.ജെ.പിയുടെ പിന്തുണയുണ്ടാകും.
?കേരളത്തിന്റെ വികസനത്തിനായി ബി.ജെ.പി മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ
കേരളത്തിന്റെ വികസനത്തിന് കൃത്യമായ അജൻഡ ബി.ജെ.പിയുടെ കൈവശമുണ്ട്. കൂടുതൽ നിക്ഷേപങ്ങൾ വരണം,യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭിക്കണം,ഉയർന്ന വിദ്യാഭ്യാസ സംവിധാനങ്ങൾ ഉണ്ടാവണം. ഒരാൾക്ക് പോലും ജോലി തേടി പുറത്തേക്ക് പോകേണ്ടി വരരുത്. വിജയിച്ച മൂന്ന് മണ്ഡലങ്ങളിലും നിങ്ങൾ കാണാൻ പോകുന്നത് ബി.ജെ.പിയുടെ വികസന രാഷ്ട്രീയമാണ്. ബി.ജെ.പി എം.എൽ.എമാർ കേരളത്തിലെ എല്ലാ മണ്ഡലങ്ങൾക്കും മാതൃകയാവും.
?പ്രതീക്ഷിച്ച സീറ്റുകൾ കിട്ടിയോ
തിരഞ്ഞെടുപ്പിൽ വിജയിക്കാനും വോട്ട് വർദ്ധിപ്പിക്കാനും പലവിധത്തിലുള്ള പരീക്ഷണങ്ങൾ നടത്തും. എൻ.ഡി.എ മുന്നണിയിൽ പലതരത്തിലുള്ള സമവാക്യങ്ങൾ ഉൾപ്പെടുത്തും. ബി.ഡി.ജെ.എസ്,ട്വന്റി ട്വന്റി എന്നീ രണ്ട് ഘടകകക്ഷികളും പ്രാഥമിക പരിശോധനയിൽ വോട്ട് വർദ്ധിപ്പിച്ചു. അത് മതിയോ ഇനി എത്ര വേണം എങ്ങനെയൊക്കെ പോകണം എന്നത് ഞങ്ങൾ ഒരുമിച്ചിരുന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. തിരുവല്ലയിലും പാലയിലും പൂഞ്ഞാറിലും ഉൾപ്പെടെ ക്രൈസ്തവ വോട്ടുകൾ ലഭിച്ചു. എഫ്.സി.ആർ.എ ക്യാമ്പെയിനും ഡീൽ ആരോപണങ്ങളും ഇല്ലായിരുന്നുവെങ്കിൽ വിജയിക്കേണ്ട സീറ്റുകൾ ആയിരുന്നു ഇവയെല്ലാം. അത് കഴിയാതെ പോയതിൽ ദുഃഖമുണ്ട്.
?പ്രധാനമന്ത്രിയുടെ അഭിനന്ദനം വന്നോ
കേരളത്തിലെ പ്രവർത്തനവും തിരഞ്ഞെടുപ്പും എല്ലാം പ്രധാനമന്ത്രി സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഓരോഘട്ടത്തിലും പ്രവർത്തകർക്ക് വേണ്ട ആത്മവിശ്വാസം അദ്ദേഹം നൽകുന്നുണ്ടായിരുന്നു. വിജയിച്ചപ്പോഴും അദ്ദേഹം ഒരുപാട് സന്തോഷിക്കുകയും ബി.ജെ.പി കേരള ടീമിനെ അഭിനന്ദിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |