
ആലപ്പുഴ: സി.പി.എമ്മിനോട് ഇടഞ്ഞ് ചെങ്കോട്ടകളിലെ പരമ്പരാഗത വോട്ടുകൾ വരെ തന്റെ അക്കൗണ്ടിലാക്കിയ മുൻമന്ത്രി ജി.സുധാകരന്റെ അമ്പലപ്പുഴ മണ്ഡലത്തിലെ വിജയത്തിന് തിളക്കമേറെയാണ്. പിന്തുണ നൽകിയ യു.ഡി.എഫിന്റെയും നിഷ്പക്ഷമതികളുടെയും വോട്ടുകൾക്ക് പുറമേ ഇടതുമുന്നണി പ്രവർത്തകരിൽ വലിയൊരു വിഭാഗത്തിന്റെ വോട്ടുകൂടി സ്വന്തമാക്കുന്നതിൽ സുധാകരൻ വിജയിച്ചു. ജി.സുധാകരൻ 'കേരളകൗമുദി'യോട് മനസ് തുറക്കുന്നു.
?പാർട്ടിയിൽ നിന്ന കാലത്തെക്കാൾ വലിയ ഭൂരിപക്ഷം നേടിയുള്ള വിജയത്തെ എങ്ങനെ വിലയിരുത്തുന്നു
ഭാര്യയോടും മകനോടും മരുമകളോടും മാത്രം തീരുമാനമറിയിച്ചാണ് സ്വതന്ത്രസ്ഥാനാർത്ഥിയായത്. അന്ന് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി ഉൾപ്പെടെ എതിർപക്ഷത്തുണ്ടാകുമെന്ന് കണക്കുകൂട്ടിയിരുന്നു. ഒരു പോസ്റ്ററും അഭ്യർത്ഥനയും മാത്രമായാണ് തുടങ്ങിയത്. പത്തുദിവസങ്ങൾക്കകം യു.ഡി.എഫ് പിന്തുണയുമായെത്തി. അവരുടെ സ്ഥാനാർത്ഥിക്കുവേണ്ടി പ്രവർത്തിക്കുന്നതിനെക്കാൾ ഊർജ്ജത്തോടെ കോൺഗ്രസും ലീഗും പ്രവർത്തിച്ചു. കെ.സി.വേണുഗോപാൽ മുതൽ താഴെത്തട്ടിലുള്ളവർ വരെ കഷ്ടപ്പെട്ടു. പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും മണ്ഡലത്തിൽ ഒരു പാളിച്ചയുമുണ്ടാകരുതെന്ന് പ്രവർത്തകർക്ക് നിർദ്ദേശം നൽകി. യു.ഡി.എഫിനോട് നന്ദിയുണ്ട്. പോൾ ചെയ്തതിൽ 54 ശതമാനത്തോളം വോട്ടുകൾ ലഭിച്ചു. ഞാൻ ഒരു വീട്ടിൽപോലും വോട്ടു ചോദിച്ച് പോയില്ല.ജനങ്ങൾക്ക് ഞാൻ ഒരു വാഗ്ദാനവും നൽകിയില്ല. പക്ഷേ, അവർ എനിക്കൊപ്പം നിന്നു. എം.എൽ.എയും മന്ത്രിയുമായിരിക്കേ ഞാൻ എന്തെല്ലാം ചെയ്തുവെന്നതും എങ്ങനെയായിരുന്നുവെന്നതും ജനം വിലയിരുത്തി.
?സുധാകരൻ ഫാക്ടർ സി.പി.എമ്മിന് തിരിച്ചടിയായോ
നല്ലത് ചെയ്തവരെ മാത്രമേ ജനങ്ങൾ ഓർമ്മിക്കൂ. സുധാകരൻ ഇഫക്ട് പല മണ്ഡലങ്ങളിലും പ്രതിഫലിച്ചെന്ന് സംസാരമുണ്ട്. ആലപ്പുഴ മണ്ഡലത്തിൽ എ.ഡി.തോമസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനല്ലാതെ മറ്റ് മണ്ഡലങ്ങളിലൊന്നും പ്രചാരണത്തിന് പോയിരുന്നില്ല.
?സി.പി.എമ്മിൽ തിരുത്തൽ വരുമെന്ന് കരുതുന്നുണ്ടോ
തെറ്റ് തിരുത്തിയില്ലെങ്കിൽ സി.പി.എം പോക്കാണ്. കോൺഗ്രസിന്റെ ഊന്നുവടിയില്ലാതെ സി.പി.എമ്മിന് നിൽക്കാനാവില്ല. പത്തുപതിനഞ്ച് വർഷത്തിനുള്ളിൽ സി.പി.എമ്മും കോൺഗ്രസും ഇവിടെ ഒറ്റമുന്നണിയാകും. സഖാക്കൾക്ക് പേടിക്കാതെ അഭിപ്രായം പറയാമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇപ്പോൾ പറയുന്നല്ലോ. അപ്പോൾ ഇതുവരെ ഭയമായിരുന്നെന്നാണോ?. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എല്ലാ തത്വങ്ങളും മറന്ന് ഏതോ വഴിയിലൂടെയാണിപ്പോൾ പാർട്ടിയുടെ സഞ്ചാരം. എല്ലാ പൊളിറ്റിക്കൽ ക്രിമിനലുകളെയും ചേർത്ത് സജി ചെറിയാനൊരു സ്വന്തം പാർട്ടി ഉണ്ടാക്കിയിട്ടുണ്ട്. സി.പി.എമ്മിന് സീറ്റുകൾ തിരിച്ചുപിടിക്കാൻ വലിയ പാടാണ്. അത്രത്തോളം നന്നായി പ്രവർത്തിക്കുന്നവർ വേണ്ടിവരും. സി.പി.എം പ്രതിസന്ധി പരിഹരിക്കുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല.
?പാർട്ടിയിൽ നിന്ന് പുറത്തുവന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ വിജയിച്ചു എന്ന് വിലയിരുത്താമോ
മൂന്നുപേരും ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കണമെന്ന പ്രചാരണം കേട്ടു. ഞാനതിനില്ല. കുഞ്ഞികൃഷ്ണനെയോ, ടി.കെ.ഗോവിന്ദനെയോ ഫോണിൽ പോലും വിളിച്ചിട്ടില്ല. ജനാധിപത്യപരമായ മാറ്റത്തിനു വേണ്ടി പോരാടുന്ന സ്വതന്ത്ര എം.എൽ.എയായിരിക്കും ഞാൻ. യു.ഡി.എഫുമായി ഒരു സ്ഥാനത്തെപ്പറ്റിയും സംസാരിച്ചിട്ടില്ല. ഇതുവരെ ലഭിച്ച ഒരു സ്ഥാനവും ചോദിച്ചുവാങ്ങിയതല്ല.
?ഇടതുമുന്നണിയുടെ ദയനീയ തോൽവിക്ക് കാരണമെന്താകാം
ഭരണവിരുദ്ധ വികാരം മാത്രമല്ല തോൽവിക്ക് കാരണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ നശിപ്പിക്കുന്നവരുടെ ഒരു സെറ്റാണ് ഇവിടെയുള്ളത്. അവർ അധികാരം ഉപയോഗിച്ച് നടത്തുന്നതെല്ലാം ജനങ്ങൾക്ക് അറിയാം. ആ നിരാശയാണ് പരാജയത്തിന്റെ പ്രധാന കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |