അമേരിക്ക സിറിയയിൽ നടത്തിയ കമാൻഡോ ഓപ്പറേഷനിൽ ഐസിസിന്റെ തലവനായ കൊടുംഭീകരൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടത് ലോകം ആശ്വാസത്തോടെയാണ് കേട്ടത്. ഏകദേശം ഒരു പതിറ്റാണ്ടായി അമേരിക്ക നടത്തിയ ശ്രമങ്ങൾക്കുള്ള ഫലമാണിത്. ലോകത്തിലെ ഒന്നാംനമ്പർ ഭീകരനെ വകവരുത്തി നീതി നടപ്പാക്കി എന്നാണ് ട്രംപ് വാർത്ത പുറത്തുവിട്ടുകൊണ്ട് അവകാശപ്പെട്ടത്. ബ്രിട്ടനോളം വലിപ്പമുള്ള ഒരു രാഷ്ട്രം സ്ഥാപിച്ച് ഭീകരപ്രവർത്തനം നടത്തിയ ബാഗ്ദാദിയുടെ അന്ത്യം എന്തുകൊണ്ടും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്നതാണ്. ബാഗ്ദാദി യുടെ നേതൃത്വത്തിൽ ഐസിസ് ലോകത്തിലെ ഒന്നാംനമ്പർ ഭീകരപ്രസ്ഥാനമായി മാറി എന്നത് ഓർക്കേണ്ടതുണ്ട്.
ബാഗ്ദാദിയും ഐസിസും
ഇറാക്കിലെ സമാറ ജില്ലയിൽ ഒരു യാഥാസ്ഥിതിക സുന്നി കുടുംബത്തിലാണ് നാൽപ്പത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ബാഗ്ദാദി ജനിച്ചത്. മുഹമ്മദ് നബിയുടെ വംശാവലിയുമായി ബന്ധമുള്ള അൽ ബാദ്രി ഗോത്രവർഗത്തിലാണ് ബാഗ്ദാദി ജനിച്ചതെന്ന് പറയപ്പെടുന്നു. ഖലീഫയാകാൻ നബിയുടെ വംശാവലിയുമായി ബന്ധം വേണമെന്നാണ് വിശ്വാസം. സ്കൂൾ കാലഘട്ടങ്ങളിൽ വളരെ ശാന്തസ്വഭാവക്കാരനായ സാധാരണ വിദ്യാർത്ഥിയായിരുന്നു ബാഗ്ദാദി . ആത്മീയകാര്യങ്ങളിൽ തത്പരനായിരുന്ന ബാഗ്ദാദി ചെറുപ്പത്തിലേ പ്രാർത്ഥനകളും പ്രഭാഷണങ്ങളും നയിച്ചുപോന്നു. കടുത്ത ഷിയാ വിരോധിയായിരുന്നു അയാൾ. യാദൃച്ഛികമായി 2004 ൽ അമേരിക്കൻ സൈന്യത്തിന്റെ പിടിയിലായി. 11 മാസത്തെ ജയിൽവാസം ബാഗ്ദാദി യെ ഭീകരനാക്കിയെന്നാണ് ഒരു വാദം. പിന്നീട് കുറേക്കാലത്തേക്ക് അയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. എന്നാലും ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2010 ലാണ് അബൂബക്കർ അൽ ബാഗ്ദാദി എന്ന പേരിൽ ഐസിസിന്റെ തലവനായി ആരോഹണം ചെയ്യപ്പെട്ടത്. മുഹമ്മദ് നബിക്ക് ശേഷം ആദ്യ ഖലീഫയായിരുന്ന അബൂബക്കറിനെ ഓർമ്മിപ്പിക്കുന്ന പേരായിരുന്നു സ്വീകരിച്ചത്.
പിന്നീട് ബാഗ്ദാദി തലക്കെട്ടുകളിൽ നിറഞ്ഞത് കൊടുംഭീകരതയുടെ പേരിലാണ്. സുരക്ഷാകാരണങ്ങളാൽ അയാൾ ആരെയും വിശ്വസിച്ചിരുന്നില്ല. കല്ലെറിഞ്ഞു കൊല്ലുക, കൈകാലുകൾ ഛേദിക്കുക, തലവെട്ടുക, ചുട്ടുകൊല്ലുക, കൂട്ട ബലാത്സംഗം തുടങ്ങിയ കിരാത ശിക്ഷാനടപടികൾ എതിരാളികൾക്കെതിരെ യഥേഷ്ടം നടപ്പാക്കി. ഏവരെയും ഞെട്ടിച്ചുകൊണ്ട് ചില ശിക്ഷാ നടപടികൾ ലൈവായി സംപ്രേഷണവും ചെയ്തു. ഇസ്ലാമിന്റെ പേരിൽ നടത്തിയ ഈ കിരാത വാഴ്ചയ്ക്ക് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഈ ഭീകരന്റെ തലയ്ക്ക് 25 മില്യൺ ഡോളറാണ് അമേരിക്ക വിലയിട്ടത്.
മദ്ധ്യകാലഘട്ടത്തിലെ മതാധിഷ്ഠിത രാഷ്ട്രം നിർമ്മിക്കുകയായിരുന്നു ബാഗ്ദാദി നേതൃത്വം കൊടുത്ത ഐസിസിന്റെ ലക്ഷ്യം. ലോകത്തെ ഏറ്രവും സമ്പന്നവും ശക്തവുമായ ഭീകരസംഘടനയായി ഐസിസിനെ മാറ്റാൻ വിരലിലെണ്ണാവുന്ന വർഷങ്ങൾ മാത്രമേ ബാഗ്ദാദിക്ക് വേണ്ടി വന്നുള്ളൂ. ഇറാക്കിലെ യുദ്ധത്തിൽ ഛിന്നഭിന്നമായ അൽ ക്വയിദയിൽ നിന്നാണ് ഐസിസ് രൂപംകൊണ്ടത്. അബു മൂസബ് അൽ സൗഖാവി ആയിരുന്നു സ്ഥാപകനേതാവ്. 2006 ൽ അമേരിക്കൻ ബോംബിംഗിൽ സൗഖാവി കൊല്ലപ്പെട്ടു. പിന്നീട് ബാഗ്ദാദിയുടെയും കൂടി നേതൃത്വത്തിലാണ് നൂറിൽപരം രാജ്യങ്ങളിൽ വിശ്വസ്തരായ അനുയായികളുള്ള ഭീകരസംഘമായി ഐസിസ് വളർന്ന് പന്തലിച്ചത്. കടുത്ത തീവ്രവാദ സിദ്ധാന്തങ്ങളിൽ ആകൃഷ്ടരായി ഇവർ കൊന്നൊടുക്കിയത് ആയിരങ്ങളെയാണ് .
ഐസിസ്
അവസാനിക്കുമോ?
ലോകത്തിലെ ഏറ്രവും ശക്തനായ ഭീകരൻ ബാഗ്ദാദിയുടെ മരണം ഐസിസിന് ക്ഷീണമാണ്. പക്ഷേ ഐസിസ് എന്ന ഭീകരസംഘടന ഇല്ലാതാകുന്നില്ല. തങ്ങളുടെ ആശയപ്രചാരണം ശക്തമായി തുടരുകയും അതിനായി മനുഷ്യബോംബുകളായി പൊട്ടിത്തെറിക്കുകയും ചെയ്യും. ബാഗ്ദാദിയുടെ അന്ത്യവും മനുഷ്യബോംബായി തന്നെയായിരുന്നു. ഇത് അനുയായികൾക്ക് പ്രചോദനമാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന് മുൻപും ഐസിസിന്റെ രണ്ട് തലവൻമാർ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അവസാന കാലഘട്ടങ്ങളിൽ സുരക്ഷാകാരണങ്ങളാൽ ബാഗ്ദാദി വിശ്വസ്തരായ വളരെക്കുറിച്ച് ആൾക്കാരുമായി മാത്രമാണ് ആശയവിനിമയം നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ ഐസിസിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നില്ല. സംഘം പ്രവർത്തിച്ചിരുന്നത് വളരെ വികേന്ദ്രീകൃതമായ നേതൃത്വസംവിധാനത്തിലാണ്. ഇത്തരം സംഘടനകളുടെ നേതാക്കൻമാർ ഇല്ലാതായാലും ചെറുസംഘങ്ങളായി അദൃശ്യരായി ഇവർ പ്രവർത്തിച്ചുകൊണ്ടിരിക്കും.
ഐസിസിന് വൻ തിരിച്ചടി നേരിട്ടതിനുശേഷവും ശ്രീലങ്ക, ഓസ്ട്രേലിയ, ഫ്രാൻസ്, ഫിലിപ്പൈൻസ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ പല രാജ്യങ്ങളിലും വൻതോതിലുള്ള ഭീകരാക്രമണങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഒരു നിർദേശവും ഇല്ലാതെ ഐസിസ് അനുഭാവികൾ കഴിഞ്ഞ ഈസ്റ്റർദിനം ശ്രീലങ്കയിൽ നടത്തിയ അക്രമം ലോകത്തെയാകെ ഞെട്ടിച്ചതാണ്. ഇനി ബാഗ്ദാദിയുടെ മരണത്തിന് പ്രതികാരം വീട്ടാൻ സംഘടിച്ച് തുടങ്ങിയിട്ടുണ്ടാവണം. ഏകദേശം ഇരുപതിനായിരത്തോളം ഐസിസ് പോരാളികൾ ഇറാക്കിലും സിറിയയിലുമായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഐസിസ് ശക്തമാണ്. എന്തിനേറെപ്പറയുന്നു നമ്മുടെ കേരളത്തിൽ നിന്നുപോലും ഐസിസ് പോരാളികളായി പോയി കൊല്ലപ്പെട്ടവരുണ്ട്. ചുരുക്കത്തിൽ വളരെ വികേന്ദ്രീകൃത സ്വഭാവമുള്ള ഈ ഭീകരസംഘടന പല രൂപത്തിലും ഭാവത്തിലും പ്രവർത്തിച്ചുകൊണ്ടിരിക്കും.
ട്രംപിന് രാഷ്ട്രീയനേട്ടം
ട്രംപ് ഏറ്റവും സന്തോഷവാനായി കാണപ്പെട്ട വാർത്താസമ്മേളനമാണ് ബാഗ്ദാദിയുടെ മരണത്തിന് ശേഷം നടന്നത്. അദ്ദേഹം നേരിട്ട് പോയി വകവരുത്തിയ മട്ടിലായിരുന്നു വിശദാംശങ്ങൾ വിവരിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ കുറ്റവിചാരണ ഭീഷണി നേരിടുന്ന ട്രംപിന് ബാഗ്ദാദിയുടെ മരണം വലിയ രാഷ്ട്രീയനേട്ടമാണ്. സാധാരണയിൽ നിന്ന് വിപരീതമായി ബാഗ്ദാദിക്കെതിരെയുള്ള കമാൻഡോ നീക്കം അമേരിക്കൻ ജനപ്രതിനിധി സ്പീക്കറെയോ പ്രതിപക്ഷനേതാക്കളെയോ അറിയിച്ചില്ല. അവർ വിവരം ചോർത്തുമെന്ന് ഭയപ്പെട്ടതു കൊണ്ടാണ് അറിയിക്കാതിരുന്നതെന്ന് ട്രംപ് വെളിപ്പെടുത്തി. ഈ ഒറ്രവാചകത്തിൽ പ്രതിപക്ഷ പാർട്ടിക്കാർ ദേശവിരുദ്ധരായി. സിറിയയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിൽ വിമർശനം നേരിടുന്ന ട്രംപിന് ബാഗ്ദാദിയുടെ മരണം വലിയ ഗുണം ചെയ്യും. വാർത്താസമ്മേളനത്തിന് ശേഷം ഐസിസിനാൽ കൊല്ലപ്പെട്ട അമേരിക്കക്കാരുടെ ബന്ധുക്കളെ ഫോണിൽ വിളിച്ച് ട്രംപ് ആശ്വസിപ്പിച്ചു. ഇനി അമേരിക്ക സുരക്ഷിതമാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
പ്രതിരോധത്തിലായിരിക്കുന്ന ഐസിസിനെ സംബന്ധിച്ചിടത്തോളം ബാഗ്ദാദിയുടെ മരണം താത്കാലിക പ്രതിസന്ധി സൃഷ്ടിക്കും. രണ്ടാംനിര നേതാക്കളുടെയിടയിൽ നേതൃത്വത്തിനായി മത്സരമുണ്ട്. സിറിയയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തോടു കൂടി ഒട്ടനവധി ഐസിസ് ഭീകരർ കുർദിഷ് മേഖലകളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. താമസിയാതെ ഇവർ സംഘടിച്ച് അക്രമങ്ങൾ നടത്താനുള്ള സാദ്ധ്യതയുമുണ്ട്. കൂടുതലായി കുർദ്ദിഷ് വംശജർക്കെതിരെ നടക്കാൻ സാദ്ധ്യതയുള്ള ഇത്തരം അക്രമങ്ങൾക്കെതിരെ തുർക്കി കണ്ണടയ്ക്കാനും സാദ്ധ്യതയുണ്ട്. അമേരിക്കയില്ലാത്ത സിറിയയിൽ മേധാവിത്വത്തിന് ശ്രമിക്കുന്ന മറ്റ് ബാഹ്യശക്തികളും സംഘടിതമല്ലാത്ത ഐസിസും ചേർന്ന് പുതിയ പോർമുഖങ്ങൾ തുറക്കാനും മതി. ചുരുക്കത്തിൽ ബാഗ്ദാദി കൊല്ലപ്പെട്ടെങ്കിലും സുരക്ഷയും സമാധാനവും അകലെയാണ്.
(ലേഖകൻ കേരള സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനാണ്. ഫോൺ : 9447145381)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |