തൃശൂർ: കെ.എസ്.യു വിന്റെ പ്രകടനത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനിയെ എസ്.എഫ്.ഐ പ്രവർത്തകർ ക്രൂരമായി മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. തൃശൂർ മാളയിലെ എ.ഐ.എം ലോ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിനി ആൻലിയയെയാണ് എസ്.എഫ്.ഐ പ്രവർത്തകർ അധിക്ഷേപിക്കുകയും ചെയ്തത്. പെൺകുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏതാനും നാളുകളായി തനിക്കും സുഹൃത്തുക്കൾക്കും എതിരെ എസ്.എഫ്.ഐക്കാർ ഭീഷണി മുഴക്കിയിരുന്നുവെന്നും കോതമംഗലം സ്വദേശിയായ ആൻലിയ പറയുന്നു. ഇന്നലെ ആൻലിയയോട് വീണ്ടും ഇവർ വീണ്ടും ഇതേ രീതിയിൽ സംസാരിച്ചിരുന്നു.
ഇത് പെൺകുട്ടി ചോദ്യം ചെയ്തപ്പോഴാണ് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ദിൽജിത്ത് ഉൾപ്പെടെയുള്ള പ്രവർത്തകർ പെൺകുട്ടിയെ കൈ പിടിച്ച് തിരിക്കുകയും മുഖത്തടിക്കുകയും വയറ്റിൽ ഇടിക്കുകയും കഴുത്ത് പിടിച്ച് ഞെരിക്കുകയും ചവിട്ടുകയും ചെയ്തത്. ആൻലിയയുടെ നിലവിളി കേട്ടെത്തിയ കെഎസ്.യുക്കാരെയും സുഹൃത്തുക്കളെയും ഇവർ മർദിച്ചു. കെ.എസ്.യുവിന്റെ ഒരു പ്രകടനത്തിൽ പങ്കെടുത്ത ശേഷമാണ് കോളേജിലെ എസ്.എഫ്.ഐക്കാർക്ക് തന്നോടുള്ള വിരോധം ആരംഭിച്ചതെന്നും പെൺകുട്ടി പറയുന്നു. പലതവണയും പെൺകുട്ടിയെ സ്വഭാവഹത്യ ചെയ്യാൻ ഇവർ നോക്കിയതിനെ തുടർന്ന് പ്രിൻസിപ്പലിന് പരാതി നൽകിയിരുന്നു.
അന്ന് ഇവർ ഇതിൽ മാപ്പെഴുതി നൽകിയിരുന്നു. ഇതിനുശേഷം കോളേജിലെത്തിയപ്പോഴാണ് ഇവർ വിദ്യാർത്ഥിനിയെ ആക്രമിച്ചത്. ഇവരുടെ കൈയിൽ കത്തി ഉണ്ടായിരുന്നതായി ആൻലിയയെ ആക്രമിക്കുന്നത് തടയാനെത്തിയെ കെ.എസ്.യു പ്രവർത്തകർ പറയുന്നു.എന്നാൽ തങ്ങൾ വിദ്യാർത്ഥിനിയെ മർദിച്ചിട്ടില്ലെന്നാണ് എസ്.എഫ്.ഐ ജില്ലാ നേതൃത്വം പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുമെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. തന്നെ ആക്രമിച്ച എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ആൻലിയ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |