യുവസംവിധായകൻ ജയൻ നടുവത്താഴത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദ്യ മുഴുനീള ചലച്ചിത്രമാണ് 'ഇരുപത്തിയെട്ട്' . ചില മുഖ്യധാര സിനിമകളിലും , വെബ് സീരീസുകളിലും ഷോർട്ട് ഫിലിമുകളിലും ചെറിയ വേഷങ്ങളിൽ കഴിവ് തെളിയിച്ച അഭിനേതാക്കളെ ചേർത്ത് നിർത്തി ചിത്രീകരിച്ച ഈ സിനിമയുടെ നിർമാണചിലവ് മൂന്ന് ലക്ഷം രൂപ യിൽ താഴെ മാത്രമാണ്. എന്നാൽ സാങ്കേതികമായി വളരെ മികവ് പുലർത്തുകയും ചെയ്തിട്ടുണ്ട്. അഞ്ചു സുഹൃത്തുക്കൾ വർഷങ്ങൾ കഴിഞ്ഞു ഒരു പ്രത്യേക സാഹചര്യത്തിൽ കണ്ട് മുട്ടുമ്പോൾ അവർക്കിടയിൽ ഉരുത്തിരിയുന്ന അസാധാരണമായ സംഭവവികാസങ്ങൾ ആണ് കഥയ്ക്ക് ആധാരം.
ചീട്ടുകളിയുമായി സിനിമയ്ക്ക് ബന്ധമൊന്നുമില്ലെങ്കിലും കൂട്ടുകാരോടൊത്തുള്ള ഒരു ആവേശകരമായ 28 കളിയുടെ ആകാംഷകളിലേക്ക് രണ്ടാം പകുതി നമ്മളെ കൊണ്ടു പോകുന്നു. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിനോദ്, ജാക്ക്സൺ, അൻജിത്ത്,ശരത്ത്,പ്രവീൺ,അമിത എന്നിവർ വൈകാതെ തന്നെ മുഖ്യധാരാ സിനിമയിൽ വ്യക്തി മുദ്ര പതിപ്പിക്കും എന്ന പ്രതീക്ഷ നൽകുന്നു. തികച്ചും റിയലിസ്റ്റികായി അവതരിപ്പിച്ചിരിക്കുന്ന സംവിധാനശൈലിക്ക് ഇണങ്ങും വിധമാണ് സംഗീത് മാത്യൂസിന്റെ ഛായാഗ്രഹണം. കുറച്ച് നാൾ മുമ്പ് ഇന്റർനെറ്റ് തരംഗമായി മാറിയ 'റാവൺ' എന്ന ഹ്രസ്വ ചിത്രത്തിന്റെയും മറ്റ് നിരവധി തമിഴ്, മലയാളം സിനിമകളുടെ എഡിറ്റർ റിസാൽ ജൈനി, സംഗീതസംവിധായകൻ ശബരിശ് എന്നിവർ ഇരുപത്തിയെട്ടിന്റെ മികവ് വർദ്ധിപ്പിക്കുന്നു. പ്രമേയത്തിന് മാത്രം മുൻഗണന നൽകി, ഉയർന്നു വരുന്ന കലാകാരന്മാരെ കൈയൊതുക്കത്തോടെ ഉപയോഗിച്ചാൽ കുറഞ്ഞ ബജറ്റിലും നിലവാരമുള്ള ചലചിത്രം നിർമ്മിക്കാം എന്ന് സംവിധായകൻ തെളിയിക്കുന്നു.
സാമ്പത്തിക ലാഭം മാത്രം നോക്കാതെ, കല മൂല്യം മുന്നിൽ കണ്ടുകൊണ്ട് നിർമാതാക്കളായ പ്രവീണും, എം.എം.എൻ നും ഈ ചിത്രം നിർമിക്കാൻ തയ്യാറായതുകൊണ്ടാണ് ഈ ചിത്രം നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ സാധിച്ചത് .പരീക്ഷണചിത്രങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ത്രില്ലർ ചിത്രം ആണ് 28. ചലചിത്രം ഓൺലൈൻ പ്ലാറ്റഫോം WinterSunTVയിൽ ആണ് കാണാൻ സാധിക്കുക .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |