തിരുവനന്തപുരം: മാവോയിസത്തിന്റെ പേരിലും യു.എ.പി.എയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും സി.പി.എമ്മിനേയും എൽ.ഡി.എഫ് സർക്കാരിനേയും ദുർബലപ്പെടുത്താനുള്ള വലതുപക്ഷത്തിന്റെയും ഇടതു തീവ്രവാദ ശക്തികളുടെയും നിലപാടിനെതിരെ പ്രചരണയോഗങ്ങൾ സംഘടിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിൽ അട്ടിമറി പ്രവർത്തനം നടത്താൻ എക്കാലത്തും മാവോയിസ്റ്റുകൾ ശ്രമിക്കുന്നുണ്ട്. ബംഗാളിലെ ഇടതുസർക്കാരിനെ താഴെയിറക്കാൻ മമതാ ബാനർജിയെ മുന്നിൽ നിറുത്തിയ വിശാല അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായിരുന്നു മാവോയിസ്റ്റുകൾ. അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ശാരീരികമായി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച മാവോയിസ്റ്റുകൾ, മമതാ ബാനർജിയെ മുഖ്യമന്ത്രിയാക്കുന്നതിനായി ഏതറ്റംവരെയും പോകുമെന്ന് പ്ര്യഖ്യാപിച്ചിരുന്നു. കേരളത്തിൽ 1967 ലെ ഐക്യമുന്നണി സർക്കാരിനെ ദുർബലപ്പെടുത്താൻ നക്‌സലെറ്റുകൾ നടത്തിയ പ്രവർത്തനവും പ്രസക്തമാണ്.
ഇടതുപക്ഷത്തിനും സി.പി.എമ്മിനുമെതിരെ ശക്തമായ നിലപാടെടുക്കുന്ന മാവോയിസ്റ്റുകൾ മാർക്സിസം- ലെനിനിസം പിന്തുടരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, ഭീകരസംഘടന മാത്രമാണ്. ഇവരുടെ ഉന്മൂലന സിദ്ധാന്തത്തിന്റെ പ്രയോഗം വർഗ്ഗശത്രുക്കൾക്കെതിരാകുന്നതിനു പകരം സി.പി.എം ഉൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങളെ ആക്രമിക്കാനും ദുർബലപ്പെടുത്താനും എതിരാളികൾക്ക് അവസരം നൽകിയതാണ് അനുഭവം. സി.പി.എം പ്രവർത്തകരും ഉൾപ്പെടുന്ന സാധാരണക്കാരെ കൊലപ്പെടുത്തുന്നതിനാണ് മാവോയിസ്റ്റുകൾ തയ്യാറായത്. ഈ ചിന്താധാര ആധുനിക കേരളം തള്ളിക്കളഞ്ഞതാണ്.
ജനാധിപത്യ സംവിധാനത്തിൽ ഉണ്ടാകാൻ പാടില്ലാത്ത, പൗരാവകാശങ്ങൾക്കു നേരെയുള്ള കടന്നാക്രമണമാണ് യു.എ.പി.എ എന്ന നിലപാടാണ് സി.പി.എമ്മിന്. ഈ നിയമനിർമ്മാണ ഘട്ടത്തിലും ഭേദഗതികളുടെ സന്ദർഭത്തിലും പാർലമെന്റിലും പുറത്തും തുടച്ചയായി എതിർപ്പ് രേഖപ്പെടുത്തിയിട്ടുള്ളത് ഇടതുപക്ഷം മാത്രമാണ്. എന്നാൽ കോൺഗ്രസ്സും ബി.ജെ.പിയും കൈകോർത്ത് പാസ്സാക്കിയ ഈ കേന്ദ്ര നിയമം ഇന്ന് രാജ്യവ്യാപകമായി ബാധകമാണ്. സംസ്ഥാന വിഷയമായിരുന്ന ക്രമസമാധാന മേഖലയിൽ കേന്ദ്രത്തിന് നേരിട്ട് ഇടപെടാൻ ഈ നിയമം അവസരം നൽകുന്നു. ഈ പരിമിതിക്ക് അകത്തു നിന്നും ജനാധിപത്യ കാഴ്ചപ്പാടോടെ നിയമത്തെ സമീപിക്കാനാണ് ഇടതു സർക്കാരുകൾ ശ്രമിക്കുന്നത്. പന്തീരങ്കാവ് സംഭവത്തിലും സത്യസന്ധമായി അന്വേഷണം നടത്തി യു.എ.പി.എ ദുരുപയോഗിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |