എം .വി. രാഘവൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് നവംബർ ഒൻപതിന് അഞ്ച് വർഷം തികയുകയാണ്. കേരള രാഷ്ട്രീയത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. എം.വി.ആർ ഒരു പ്രതീകമായിരുന്നു. ഈ കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവസ്ഥാന്തരങ്ങളുടെ പ്രതീകം!
ബാല്യത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട് തൊഴിലെടുക്കാനിറങ്ങേണ്ടിവന്ന ഒരു സാധാരണക്കാരൻ. തുടർന്ന് രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങി നേതൃപാടവം കൊണ്ടുമാത്രം പാർട്ടിയുടെ ഉന്നതങ്ങളിലെത്തി. വ്യക്തിപരമായ ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്ന പാവപ്പെട്ടവരും, സാധാരണക്കാരുമായ ജനങ്ങളോട് ഗൗരവഭാവമെല്ലാം വെടിഞ്ഞ് തുറന്ന് സംസാരിക്കുകയും, അവരുടെ പ്രശ്നങ്ങൾ തന്നാലാവും വിധം പരിഹരിക്കുകയും ചെയ്യുന്ന അത്താണിയായിരുന്നു അദ്ദേഹം. ഒരു പക്ഷേ, കേരളത്തിൽ ഒരു കമ്മ്യൂണിസ്റ്റ് നേതാവും ഇത്രയധികംപേരെ വ്യക്തിപരമായി നേരിട്ടു സഹായിച്ചുകാണുകയില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാനവികതയ്ക്ക് പ്രാധാന്യം കൊടുക്കണമെന്ന് ശക്തമായി എന്നും വാദിച്ചിരുന്നു. ഇടുങ്ങിയ കമ്മ്യൂണിസ്റ്റ് - സെക്ടേറിയൻ സമീപനങ്ങൾക്ക് എന്നും എതിരുമായിരുന്നു. രാഷ്ട്രീയരംഗത്ത് വളരെ വിവാദം സൃഷ്ടിച്ച ബദൽ രേഖയാണ് സി.എം.പി രൂപവത്കരണത്തിന്റെ അടിസ്ഥാന ശില. സഹകരണ-തുറമുഖ വകുപ്പ് മന്ത്രി എന്ന നിലയിൽ സംസ്ഥാനത്തെ സഹകരണപ്രസ്ഥാനത്തിന്റെയും, വിഴിഞ്ഞം തുറമുഖം അടക്കമുള്ള തുറമുഖങ്ങളുടെയും വികസനത്തിനായി എം.വി.ആർ വഹിച്ച പങ്ക് ഏവരും അംഗീകരിക്കുന്നതാണ്. വിഴിഞ്ഞം ഹാർബറിന്റെ പ്രധാനശില്പി എം.വി. രാഘവനാണ്. സഹകരണമേഖലയിലുള്ള പരിയാരം മെഡിക്കൽ കോളേജ് അടക്കമുള്ള ഡസൻ കണക്കിന് സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ സ്മാരകങ്ങൾ തന്നെയാണ്.
എം.വി.രാഘവനെ പോലെയുള്ള കറകളഞ്ഞ മനുഷ്യസ്നേഹികളായ കമ്മ്യൂണിസ്റ്റുകാരാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം. എം.വി.ആറിൽ നിന്നും രാഷ്ട്രീയ കേരളത്തിന് വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ട്. രാജ്യത്തെ കമ്മ്യൂണിസ്റ്റുകാർക്കും, ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും എം.വി.ആർ എന്നും ഒരു മാതൃകയായിരിക്കും.
(ലേഖകൻ എം.വി രാഘവനോടൊപ്പമുള്ള സി.എം.പിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. ഫോൺ : 9847132428, ഇ-മെയിൽ : advgsugunan@gmail.com)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |