മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ വിഗതകുമാരന്റെ നിർമ്മാതാവും സംവിധായകനും മുഖ്യ നടനുമൊക്കെയായ ജെ.സി. ഡാനിയേലിന്റെ സിമന്റിൽ നിർമ്മിച്ച പ്രതിമയുമായി ഇളയ പുത്രൻ ഹാരീസ് ഡാനിയേൽ അലഞ്ഞു നടക്കേണ്ടി വരുന്നത് മലയാള സിനിമാ ലോകത്തിനു മാത്രമല്ല സാംസ്കാരിക കേരളത്തിന് ഒന്നാകെ വലിയ മാനക്കേടാണ്. സർക്കാരും ചലച്ചിത്ര അക്കാഡമിയും എത്രയോ മുമ്പേ ആ ദൗത്യം ഏറ്റെടുക്കേണ്ടതായിരുന്നു. അതു ചെയ്തില്ലെന്നു മാത്രമല്ല, പ്രതിമ സ്ഥാപിക്കാൻ ഏതാനും അടി മണ്ണിനായി അലയേണ്ട ഗതികേടിൽ നിന്ന് ഡാനിയേലിന്റെ എൺപത്തിനാലുകാരനായ പുത്രനെ വിളിച്ച് കാര്യങ്ങൾ ചോദിച്ചറിയാനുള്ള മഹാമനസ്കത പോലും കാണിക്കാത്തത് നന്ദികേടു തന്നെയാണ്.
ഡാനിയേലിന്റെ 'വിഗതകുമാരൻ" മലയാളത്തിലെ ആദ്യത്തെ ചിത്രം തന്നെയാണ്. ആ നിലയ്ക്കാണ് ജെ.സി. ഡാനിയേൽ മലയാള സിനിമയുടെ പിതാവായി വാഴ്ത്തപ്പെടുന്നതും. കുടുംബത്തിന്റെ ഭാവി പോലും നോക്കാതെ ഉള്ളതെല്ലാം വിറ്റുപെറുക്കി സിനിമയെടുക്കാൻ ഇറങ്ങിത്തിരിച്ച ഡാനിയേലിന്റെ ജീവിതം ദുരന്തപര്യവസായിയായാണ് അവസാനിച്ചത്. സർവതും മുടക്കി താൻ നിർമ്മിച്ച സിനിമയുടെ ഒരു പ്രിന്റ് പോലും ഇന്ന് ശേഷിക്കുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട് വലിയ തകർച്ചയും പ്രതിബന്ധങ്ങളും നേരിടേണ്ടിവന്ന അദ്ദേഹത്തിന് ഒന്നും സൂക്ഷിച്ചുവയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ പിതാവിന്റെ സ്മരണയ്ക്കായി, അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാനായി പലരുടെയും മുന്നിൽ അപേക്ഷയുമായെത്തുന്ന പുത്രൻ ഹാരീസ് ഡാനിയേലാണ് എന്തെന്നറിയാത്ത പ്രായത്തിൽ വിഗതകുമാരന്റെ ഫിലിം റോളുകൾ കത്തിച്ചുകളഞ്ഞത്. അറിയാത്ത പ്രായത്തിൽ ചെയ്തുപോയ ആ മഹാപരാധത്തിന് പ്രായശ്ചിത്തം കൂടിയായിട്ടാണ് ഇപ്പോൾ അദ്ദേഹം പിതാവിന്റെ പ്രതിമ നിർമ്മിച്ച് കോട്ടയം നഗരത്തിലെവിടെയെങ്കിലും അതു സ്ഥാപിക്കാൻ ഇത്തിരി സ്ഥലം കിട്ടുമോ എന്നന്വേഷിച്ച് അലയുന്നത്. 'അക്ഷരനഗരി" എന്ന് പട്ടം ചാർത്തി നിൽക്കുന്ന പട്ടണത്തിൽ മലയാള സിനിമയുടെ പിതാവിന് ഒരിടം നൽകാൻ ഇതേവരെ സംഘടനകളോ സ്ഥാപനങ്ങളോ സിനിമയെ സ്നേഹിക്കുന്ന വ്യക്തികളോ സർക്കാർ തന്നെയോ മുന്നോട്ടുവന്നിട്ടില്ലെന്നാണു മനസിലാകുന്നത്. അറിയപ്പെടുന്നവരുടെയും അറിയപ്പെടേണ്ടതില്ലാത്തവരുടെയും പ്രതിമകൾ നിരനിരയായി കാണാത്ത ഒരിടവും സംസ്ഥാനത്തില്ല. എന്നിട്ടും സിനിമ ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ കരുതുന്ന മലയാളികൾക്ക് മലയാള സിനിമയുടെ പിതാവിനെ എങ്ങനെ അവഗണിക്കാൻ കഴിയുന്നു എന്നത് ആശ്ചര്യമാണ്.
ജെ.സി. ഡാനിയേലിന്റെ പിതാവ് ജ്ഞാനാഭരണത്തിന്റെ ജന്മനാട് ചങ്ങനാശേരിയിലായതിനാലാണ് പ്രതിമ കോട്ടയത്ത് എവിടെയെങ്കിലും സ്ഥാപിക്കണമെന്ന മോഹവുമായി ഹാരീസ് ഡാനിയേൽ കഴിയുന്നത്. ആളുകളുടെ കണ്ണെത്തുന്ന ഏതെങ്കിലുമൊരു പൊതുസ്ഥലത്താണ് പ്രതിമ ഉയരേണ്ടതെന്നതിനാൽ സർക്കാർ കനിഞ്ഞാലേ കാര്യം നടക്കുകയുള്ളൂ. ആരും ആവശ്യപ്പെടാതെ തന്നെ സാംസ്കാരിക വകുപ്പ് സ്വയം ഏറ്റെടുക്കേണ്ട ദൗത്യമായിരുന്നു ഇത്. മലയാള സിനിമയുടെ പൈതൃക സൂക്ഷിപ്പുകാരായ ചലച്ചിത്ര അക്കാഡമിയുണ്ട്. അവരുടെ കീഴിൽ തിരുവനന്തപുരം ഉൾപ്പെടെ എത്രയോ സ്ഥലത്ത് സ്വന്തം തിയേറ്ററുകൾ ഉണ്ട്. തലസ്ഥാനത്ത് കലാഭവനും, ടാഗോർ തിയേറ്ററും എന്തിന് അതിവിശാലമായ ചിത്രാഞ്ജലിയുമൊക്കെ ഉണ്ട്. അവിടെ എവിടെയെങ്കിലും മലയാള സിനിമയുടെ പിതാവിന് ഏതാനും അടി മണ്ണ് വിട്ടുനൽകാൻ എന്താണു തടസം? മലയാള സിനിമയുടെ ചരിത്രത്തിൽ ജെ.സി. ഡാനിയേലിനുള്ള സ്ഥാനം ആർക്കും നിഷേധിക്കാനാവില്ല. അത് അറിഞ്ഞുകൊണ്ടു തന്നെയാണ് സർക്കാർ രണ്ട് പതിറ്റാണ്ടിനു മുൻപ് ഡാനിയേലിന്റെ പേരിൽ മലയാള സിനിമയിലെ ഏറ്റവും ഉയർന്ന പുരസ്കാരം ഏർപ്പെടുത്തിയതെന്ന കാര്യം മറക്കുന്നില്ല. അന്ന് ഈ തീരുമാനത്തെ എതിർക്കാനും ധാരാളം പേരുണ്ടായി എന്നതു വസ്തുതയാണ്. ഏതു നല്ല കാര്യം നടക്കുമ്പോഴും ഒപ്പം വിവാദമുണ്ടാക്കാനുള്ള മലയാളികളുടെ സഹജവാസനയായി അതിനെ കണ്ടാൽ മതി. കോട്ടയത്തു തന്നെ എവിടെയെങ്കിലും പ്രതിമ സ്ഥാപിക്കണമെന്നാണ് ഹാരീസ് ഡാനിയേലിന് ആഗ്രഹമെങ്കിൽ പുതുപ്പള്ളിക്കടുത്തുള്ള കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം പല സ്ഥാപനങ്ങളുമുണ്ട്. ഇത്തരം വിഷയങ്ങളിൽ സർക്കാരാണ് തീരുമാനമെടുക്കേണ്ടത്. ഏതായാലും ഡാനിയേൽ പ്രതിമയുമായി വന്ദ്യവയോധികനായ പുത്രൻ നാട്ടിലുടനീളം കറങ്ങി നടക്കേണ്ട സ്ഥിതിവിശേഷമുണ്ടാകുന്നത് സാംസ്കാരിക കേരളത്തിന് അപമാനകരമാണ്. പ്രതിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് പത്തുവർഷമായത്രേ ഹാരീസും ഡാനിയേൽ ട്രസ്റ്റ് ഭാരവാഹികളും അലയാൻ തുടങ്ങിയിട്ട്. സർക്കാർ ഔചിത്യപൂർവമായ ഒരു തീരുമാനം എടുക്കുക തന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |