ന്യൂഡൽഹി: നൂറ്റാണ്ടോളം പഴക്കമുള്ള അയോദ്ധ്യ തർക്ക ഭൂമിക്കേസിൽ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തിൽ വിധി പറയുന്ന ജഡ്ജിമാരുടെ സുരക്ഷ വർദ്ധിപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പറയുന്നത്. ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുൾ നസീർ എന്നിവരാണ് അഞ്ചംഗ ബെഞ്ചിലെ മറ്റംഗങ്ങൾ.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയായാണ് വർദ്ധിപ്പിച്ചത്. ഇന്ത്യയിലെ വ്യക്തികൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷ കാറ്റഗറിയാണ് സെഡ് പ്ലസ്. ബാക്കിയുള്ള ജഡ്ജിമാരുടെയും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 10.30ന് പ്രത്യേക സിറ്റിംഗ് ചേർന്നാണ് കേസിൽ വിധിപറയുക. രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അയോദ്ധ്യയിൽ 4000 അർദ്ധസൈനികരെ കേന്ദ്രം വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാൻ 12,000 പൊലീസുകാരെ യു.പി സർക്കാരും നിയോഗിച്ചിട്ടുണ്ട്. അയോദ്ധ്യയിൽ ഡിസംബർ അവസാനം വരെ നിരോധനാജ്ഞ നിലവിലുണ്ട്. സോഷ്യൽ മീഡിയയെ നിരീക്ഷിക്കാൻ 16000 സന്നദ്ധപ്രവർത്തകരുണ്ട്. അധിക്ഷേപകരവും പ്രകോപനകരവുമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം നടപടിയുണ്ടാകും.
വിധി പറയുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കാസർകോട് ജില്ലയിലെ അഞ്ച് പൊലീസ് സ്‌റ്റേഷൻ പരിധികളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മഞ്ചേശ്വരം, കുമ്പള, ചന്ദേര, ഹൊസ്ദുർഗ്,കാസർകോട് എന്നീ പൊലീസ് സ്‌റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |