ന്യൂഡൽഹി: അയോദ്ധ്യ കേസിൽ സുപ്രീം കോടതി സുപ്രധാന വിധിയാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നും മുസ്ലീങ്ങൾക്ക് അയോദ്ധ്യയിൽ പകരം അഞ്ചേക്കർ ഭൂമി കണ്ടെത്തിനൽകണമെന്നും സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. അയോദ്ധ്യ തർക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ഇതോടെ ഒന്നര നൂറ്റാണ്ടോളം നീണ്ട നിയമ പോരാട്ടങ്ങൾക്കാണ് അവസാനമായത്.
2010 സെപ്തംബർ 30ന് ആയിരുന്നു അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. 2.77 ഏക്കർ വരുന്ന വിവാദ ഭൂമി മൂന്നായി പകുത്തുകൊണ്ടായിരുന്നു ആ വിധി. രാം ലല്ലയ്ക്കും, നിർമോഹി അഖാഡയ്ക്കുംക്കും സുന്നി വഖഫ് ബോർഡിനും തർക്കഭൂമി തുല്യമായി പങ്കിടുകയായിരുന്നു അന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചത്. നാല് ഹർജികളാണ് അന്ന് കോടതി പരിഗണിച്ചത്. ഭൂമി മൂന്നായി വിഭജിക്കണമെന്നു ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാൻ, സുധീർ അഗർവാളും വിധിച്ചപ്പോൾ ഭൂമി മുഴുവനും ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതെന്നു ജസ്റ്റിസ് ധരംവീർ ശർമ വിധിച്ചു. എന്നാൽ, അലഹബാദ് ഹൈക്കോടതിയുടെ ഈ വിധി പിന്നീട് സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
അന്നത്തെ കോടതിയുടെ വിധി പ്രകാരം വിഭജനം നടത്തുമ്പോൾ, ഇപ്പോൾ താൽക്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുള്ളതുമായ സ്ഥലം ഹിന്ദുക്കൾക്കും രാമ ഛബൂത്ര, സീതയുടെ അടുക്കള (സീത രസോയി) തുടങ്ങിയവ നിർമോഹി അഖാഡയ്ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന സന്യാസി വിഭാഗമാണു നിർമോഹി അഖാഡ. മസ്ജിദിന്റെ ചുറ്റുമതിലിനുള്ളിൽ ഹൈന്ദവ ആരാധനാ സ്ഥലവും നിലനിന്നുവെന്നതും രണ്ടിടത്തും പ്രാർത്ഥന നടന്നുവെന്നതും സവിശേഷവും അപൂർവവുമായ സ്ഥിതിവിശേഷമാണെന്നു ബെഞ്ചിന്റെ അദ്ധ്യക്ഷനായ ജസ്റ്റിസ് ഖാൻ നിരീക്ഷിച്ചിരുന്നു.
വിഗ്രഹങ്ങൾ ഇപ്പോഴത്തെ സ്ഥാനത്തു നിന്നു മാറ്റരുതെന്ന് ജസ്റ്റിസ് ഖാനും ജസ്റ്റിസ് അഗർവാളും വ്യക്തമാക്കി. മസ്ജിദ് നിർമിച്ചതു മുഗൾ ചക്രവർത്തി ബാബറാണെന്നു ജഡ്ജിമാരായ ഖാനും ശർമയും നിരീക്ഷിച്ചു. ക്ഷേത്രം തകർത്തിട്ടല്ല, ക്ഷേത്രാവശിഷ്ടങ്ങൾക്കു മുകളിലാണു പള്ളി നിർമിച്ചതെന്നു ജസ്റ്റിസ് ഖാൻ വ്യക്തമാക്കി. മസ്ജിദ് നിർമിച്ചതു മുഗൾ ചക്രവർത്തി ബാബറാണെന്നു ജഡ്ജിമാരായ ഖാനും ശർമയും നിരീക്ഷിച്ചു.
അതേസമയം, അലബഹാദ് ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരെ മൂന്ന് കക്ഷികളും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് 2011 മേയ് 8നാണ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തത്. തർക്ക ഭൂമി വീതിച്ചുനൽകാൻ കക്ഷികൾ ആരും തന്നെ ആവശ്യപ്പെട്ടിരുന്നില്ലെന്ന നിരീക്ഷണം ആയിരുന്നു സുപ്രീം കോടതി മുന്നോട്ടു വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |