തിരുവനന്തപുരം: അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിട്ട എം. സ്വരാജ് എം.എൽ.എക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകി. യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബുവാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. 'വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരുവിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ, നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരിക്കുന്നുവോ?' എന്നാണ് വിധി വന്നതിന് ശേഷം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചത്. നിരവധി പേരാണ് കമന്റ് ബോക്സിൽ സ്വരാജിന് വിമർശിച്ച് രംഗത്തെത്തിയത്.
അതേസമയം വിധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റിലായി. തൃശൂർ ശ്രീനാരായണപുരത്തെ വെമ്പല്ലൂർ കോളനിപ്പടിയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ പടക്കം പൊട്ടിക്കുകയായിരുന്നു. ഇവരിലൊരാളാണ് മതിലകം പൊലീസിന്റെ പിടിയിലായത്.
അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനമോ മതസ്‌പർധ വളർത്തുന്ന മറ്റ് പരിപാടികളോ പ്രകടനങ്ങളോ പാടില്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം ശ്രീരാമ ജന്മഭൂമിക്ക് നീതിയെന്ന് പ്രദേശിക ഭാഷയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട മഹാരാഷ്ട്രയിലെ സഞ്ജയ് രാമേശ്വർ ശർമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശ്രീരാമ ജന്മഭൂമിക്ക് നീതി ലഭിച്ച ശേഷം മാത്രമേ ദീപാവലി ആഘോഷിക്കുകയുള്ളുവെന്നും, ചരിത്രത്തിലെ കറുത്ത കല ഇത് നീക്കം ചെയ്യുമെന്നുമായിരുന്നു അമ്പത്തിയാറുകാരനായ സഞ്ജയ് രാമേശ്വർ ഫേസ്ബുക്കിൽ കുറിച്ചത്. ഐ.പി.സിയുടെ 153(1)(B), 188 വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |