കോട്ടയം : നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോന്നി ഒഴികെ നാല് മണ്ഡലങ്ങളിലും എൻ.ഡി.എയുടെ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വട്ടിയൂർക്കാവ് അടക്കമുള്ള മണ്ഡലങ്ങളിൽ ബി.ജെ.പി, ബി.ഡി.ജെ.എസ് കൂട്ടായ്മയുണ്ടായില്ല. എൻ.ഡി.എയുടെ പ്രവർത്തനം പഞ്ചായത്ത് തലത്തിൽ സജീവമാക്കേണ്ടതുണ്ടെന്നും ബി.ഡി.ജെ.എസ് സംസ്ഥാന എക്സിക്യുട്ടീവ് യോഗ തീരുമാനം വിശദീകരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
കോന്നിയിൽ ബി.ഡി.ജെ.എസും ബി.ജെ.പിയും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിനാലാണ് വോട്ടിംഗ് ശതമാനം വർദ്ധിച്ചത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമുള്ള സംവിധാനമായി എൻ.ഡി.എമാറി. ഇതിന് മാറ്റം വന്നാലെ അധികാരത്തിലെത്താനാവൂ. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാവില്ല. ഇക്കാര്യത്തിൽ മറ്റ് മുന്നണികളെ മാതൃകയാക്കണം. പാലായിൽ ബി.ഡി.ജെ.എസ് വോട്ടുകൾ ചോർന്നിട്ടില്ല. അവിടെ താൻ പങ്കെടുത്ത പാർട്ടി തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ല. എൻ.ഡി.എ സജീവമാക്കേണ്ടത് ബി.ജെ.പിയെപ്പോലെ ബി.ഡി.ജെ.എസിന്റെയും ആവശ്യമാണ്. അതിനായി എന്ത് വിട്ടുവീഴ്ചകൾക്കും തയ്യാറാണ്. പദവികൾ സംബന്ധിച്ച പരാതിയില്ല. ഡിസംബർ 5 ന് പാർട്ടിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കുമെന്നും തുഷാർ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.പത്കുമാർ, സംഗീതാ വിശ്വനാഥൻ, ജനറൽ സെക്രട്ടറിമാരായ സുഭാഷ് വാസു, ടി.വി ബാബു, അനുരാഗ് പാലക്കാട്, ഉണ്ണികൃഷ്ണൻചാലക്കുടി, ഗോപകുമാർ എറണാകുളം ട്രഷറർ എ.ജി.തങ്കപ്പൻ തുടങ്ങിയവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |