ഗുവാഹത്തി: അസാമിൽ ഒറ്റദിവസം കൊണ്ട് മൂന്ന് സ്ത്രീകളെ ഉൾപ്പെടെ 5 പേരെ കൊലപ്പെടുത്തിയ കൊടും ഭീകരൻ 'ലാദനെ' ബി.ജെ.പി എം.എൽ.എ പിടികൂടി. അന്തരിച്ച കുപ്രസിദ്ധ ഭീകരൻ ഒസാമ ബിൻ ലാദനല്ല, ഇത് 'കാട്ടാന ലാദനാണ്'. അസാമിലെ ഗോൽപാര ജില്ലയിലാണ് ഈ കാട്ടാന ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയത്.
ഒടുവിൽ, സൂതിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയായ പദ്മ ഹസാരികയും സംഘവുമാണ് തിങ്കളാഴ്ച ഉച്ചയോടെ മയക്കു വെടിവച്ച് ആനയെ പിടികൂടിയത്. പരമ്പരാഗതമായി ആനയെ പിടികൂടാനും അവയെ ചട്ടം പഠിപ്പിക്കാനും വിദഗ്ദ്ധരാണ് പദ്മഹസാരികയുടെ കുടുംബം.
അഞ്ചുപേരെ കൊലപ്പെടുത്തിയ ശേഷം ആന കാടിനുള്ളിലേക്ക് മടങ്ങിപ്പോയെങ്കിലും ഗ്രാമവാസികൾ പേടിച്ച് വീടിന് പുറത്തിറങ്ങാതായി.
ആനയെ കണ്ടെത്താൻ കാടിനുള്ളിൽ ഡ്രോൺ കാമറ വഴി നിരീക്ഷണം നടത്താൻ അസാം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ വനംവകുപ്പിന് നിർദ്ദേശം നൽകി. പ്രയത്നത്തിനൊടുവിൽ കാടിനുള്ളിലൂടെ നീങ്ങുന്ന ആനയുടെ ദൃശ്യങ്ങൾ ലഭിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ടി.വി. റെഡ്ഡി ലാദനെ പിടികൂടാൻ എം.എൽ.എയുടെ സഹായം തേടി. തുടർന്ന്, തിങ്കളാഴ്ച പുലർച്ചെ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പിടികൂടുന്നതിനായി കാട്ടിലേക്ക് തിരിച്ചു. തന്റെ കുങ്കിയാനയെ ഉപയോഗിച്ചാണ് പദ്മ ലാദനെ തളച്ചത്. പിന്നീട് മയക്കുവെടിവച്ച് വനംവകുപ്പിന് കൈമാറി.
ആനയെ പിടികൂടിയ എം.എൽ.എയെ മുഖ്യമന്ത്രി സർബാനന്ദ സോനോവാളും അഭിനന്ദിച്ചു.
ഭീകരവാദ പ്രവർത്തനങ്ങളുമായി ഒസാമ ബിൻലാദൻ കുപ്രസിദ്ധനായ 2006 മുതലാണ് അസാമിൽ ആളെക്കൊല്ലി കാട്ടാനകൾക്ക് 'ലാദൻ" എന്ന് പേരിട്ട് തുടങ്ങിയത്. സോനിത്പുർ ജില്ലയിൽ 12 പേരെ കൊന്ന മറ്റൊരു ലാദനെ വെടിവച്ച് കൊന്നിരുന്നു.
ഇന്ത്യയിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആനയുടെ ആക്രമണത്തിൽ 2,300 ആളുകളാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |