ബംഗളൂരു:കർണാടകയിൽ മുൻ ബിജെപി എംഎൽഎ കോൺഗ്രസിൽ ചേർന്നു.. നാല് തവണ ബിജെപി ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയായ രാജു കാഗെയാണ് മറുകണ്ടം ചാടിയത്.. കർണാടകയിൽ കുമാരസ്വാമി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിനെ തുടർന്ന് സ്പീക്കർ അയോഗ്യരാക്കിയ 17 വിമത എംഎൽഎമാർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന സുപ്രീംകോടതി വിധി വന്നതിനുപിന്നാലെയാണ് മുൻ എംഎൽഎയുടെ പാർട്ടിമാറ്റം.. കോൺഗ്രസ്- ജെഡിഎസ് സഖ്യം വിട്ടുവന്ന വിമത എംഎൽഎമാരിൽ ഒരാളായ ശ്രീമന്ത് പാട്ടീലിനെ, രാജു കാഗെയുടെ സ്ഥിരം മണ്ഡലമായിരുന്ന കാഗ്‌വാഡിൽനിന്ന് മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനമാണ് പാർട്ടിമാറ്റത്തിന് രാജുവിനെ പ്രേരിപ്പിച്ചത്.. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാഗ്‌വാഡിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസ് എംഎൽഎയായിരുന്ന ശ്രീമന്ത് പാട്ടീലിനോട് രാജു കാഗെ പരാജയപ്പെട്ടിരുന്നു..പ്രത്യേകിച്ച് ഒരു നിബന്ധനകളും കൂടാതെ ഞാൻ കോൺഗ്രസിൽ ചേരുന്നു.. ഞാൻ ബിജെപിക്കുവേണ്ടി കഠിനാ്ദധ്വാനം ചെയ്തു.. നാലുതവണ വിജയിച്ചു.. പക്ഷേ, മന്ത്രിസഭയിൽ എനിക്ക് സ്ഥാനമില്ല..അതുകൊണ്ട് ഞാൻ പാർട്ടിവിടുന്നു- രാജു കാഗെ പറഞ്ഞു..വിമത എംഎൽഎമാർ ഇന്നലെ ബിജെപിയിൽ ചേർന്നിരുന്നു.. ഡിസംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഇവർ ബിജെപി ടിക്കറ്റിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ..
കർണാടകയിൽ വിമതന്മാർ ബി.ജെ.പി സ്ഥാനാർത്ഥികൾ
കോൺഗ്രസിൽ നിന്നും ജെ.ഡി.എസിൽ നിന്നും കൂറുമാറിയെത്തിയ വിമത നേതാക്കളെ കർണാടകയിൽ ഡിസംബർ അഞ്ചിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 13 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. വിമത നേതാക്കൾ കോൺഗ്രസ്, ജെ.ഡി.എസ് ബാനറിൽ മുൻപ് മത്സരിച്ച അതേ മണ്ഡലങ്ങളിൽ തന്നെയാണ് ബി.ജെ.പി സ്ഥാനാർത്ഥികളാകുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള റാണിബെന്നൂരിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സ്വതന്ത്രനായി മത്സരിച്ചു ജയിച്ച് പിന്നീട് കോൺഗ്രസിൽ ചേർന്ന ആർ.ശങ്കറാണ് 2018ൽ ഇവിടെ ജയിച്ചത്.
കൂറുമാറ്റ നിരോധന നിയമപ്രകാരം സ്‌പീക്കർ 17 എം.എൽ.എമാരെ അയോഗ്യരാക്കിയ നടപടി ശരിവച്ച സുപ്രീംകോടതി അവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തടസമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം. കോടതി വിധിക്കു പിന്നാലെ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ റോഷൻ ബെയ്ഗ് ഒഴികെയുള്ള വിമത നേതാക്കൾ ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നിരുന്നു. റോഷൻ ബെയ്ഗിന് അംഗത്വം നൽകാതിരുന്നതിന് ബി.ജെ.പി വിശദീകരണം നൽകിയിട്ടില്ലെങ്കിലും ഉയർന്ന അഴിമതി ആരോപണങ്ങളും മറ്റുമാണ് കാരണമെന്ന് സൂചനയുണ്ട്.
വിമതർക്ക് സീറ്റ് നൽകിയത് ലജ്ജാകരം: കെ.സി വേണുഗോപാൽ
ന്യൂഡൽഹി: അയോഗ്യത ശരിവെച്ച സുപ്രീം കോടതി ഉത്തരവ് വന്നിട്ടും കൂറുമാറിയ മുഴുവൻ എം.എൽ.എ മാർക്കും സ്ഥാനാർത്ഥിത്വം നൽകിയതിലൂടെ ലജ്ജയില്ലാത്ത പാർട്ടിയായി ബി.ജെ. പി അധഃപതിച്ചുവെന്ന് എ.ഐ. സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ഈ കുതിരക്കച്ചവടത്തിനു കർണാടകയിലെ ജനങ്ങൾ ഉപതിരഞ്ഞെടുപ്പിൽ തക്ക മറുപടി നൽകും. ജനാധിപത്യ മാർഗത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് -ജെ.ഡി.എസ് സഖ്യസർക്കാരിനെ പണമൊഴുക്കിയാണ് ബി.ജെ.പി അട്ടിമറിച്ചത്. സുപ്രീം കോടതി വിധി വന്ന് മണിക്കൂറുകൾക്കകം അയോഗ്യരാക്കപ്പെട്ട മുഴുവൻ എം.എൽ. എമാർക്കും സ്ഥാനാർത്ഥിത്വം നൽകിയും മന്ത്രിസ്ഥാനം നൽകുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിലൂടെ കൂറുമാറ്റത്തെയും, കുതിരക്കച്ചവടത്തെയും പരസ്യമായി പിന്തുണയ്ക്കുന്ന പാർട്ടിയായി ബി ജെ പി അധഃപ്പതിച്ചു. കുതിരക്കച്ചവടവും, കൂറുമാറ്റലും പ്രഖ്യാപിത പ്രത്യയ ശാസ്ത്രമായി മാറ്റിയ ബി.ജെ.പിക്ക് രാഷ്ട്രീയ ധാർമ്മികതയെക്കുറിച്ചു സംസാരിക്കാൻ അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |