കോഴിക്കോട്: അയോദ്ധ്യ വിധിയെച്ചൊല്ലിയുള്ള ആശങ്കകൾ സി.പി.എം തുറന്നുകാട്ടുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഭരണഘടന സംരക്ഷണ സമിതി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല, മുത്തലാഖ് വിഷയങ്ങളിൽ വിശ്വാസത്തിന്റെ മുകളിലാണ് ഭരണഘടനയെന്ന നിലപാടെടുത്ത സുപ്രീം കോടതി അയോദ്ധ്യ കേസിൽ വിരുദ്ധമായ സമീപനമാണ് കൈക്കൊണ്ടത്. ഇത് പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുന്നുണ്ട്. ബാബറി മസ്ജിദ് പൊളിച്ചത് തെറ്റാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ അത് ചെയ്തവർക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചു. സർക്കാർ ഏർപ്പെടുത്തുന്ന ട്രസ്റ്റ് ക്ഷേത്രം നിർമ്മിക്കുമെന്ന് പറയുമ്പോൾ പള്ളി നിർമ്മാണത്തെക്കുറിച്ച് കോടതി പരാമർശിച്ചില്ല. ഭരണഘടന കടുത്ത വെല്ലുവിളി നേരിടുകയാണ്. ഹിന്ദുരാഷ്ട്ര വാദത്തിന് ബലം നൽകുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഈ വാദം ഗാന്ധിജിയും നെഹ്റുവും മറ്റും നിരാകരിച്ചതാണ്. അസമിൽ 20 ലക്ഷം പേർക്കാണ് പൗരത്വം ഇല്ലാതായത്. തെറ്റുകൾ തിരുത്തുമെന്ന് പറയുമ്പോഴും മുസ്ലീങ്ങളെ അവഗണിക്കുകയാണ്.
ആരെയും ഭീകരനാക്കി മുദ്ര കുത്താനാകുന്ന തരത്തിലാണ് യു.എ.പി.എ നിയമഭേദഗതി. സംസ്ഥാന സർക്കാരിനെ മറികടന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നടപടികളുമായി മുന്നോട്ടു പോകാനാവുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രം തയ്യാറാക്കിയ 'മാവോയിസം, യു.എ.പി.എ : ഇടതുപക്ഷ സമീപനം' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
എളമരം കരീം എം.പി അദ്ധ്യക്ഷനായിരുന്നു. കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജസ്റ്റിസ് കെ.ചന്ദ്രു, കെ.പി.രാമനുണ്ണി, പി.കെ. പാറക്കടവ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |