പ്രേമിച്ച് വിവാഹം കഴിക്കുന്നവരോടൊപ്പം തന്നെ വിവാഹശേഷം പ്രേമിച്ച് തുടങ്ങുന്നവർ ധാരാളമുള്ള സമൂഹമാണ് നമ്മുടേത്. രണ്ടാമത് പറഞ്ഞ വിഭാഗം ഉണ്ടാകുന്നത് തന്നെ പരിചയമില്ലാത്തവർ തമ്മിൽ വിവാഹം കഴിക്കുന്ന അറേഞ്ച്ഡ് മാര്യേജ് എന്ന സംവിധാനം കാരണമാണ്. വിവാഹശേഷമുള്ള പ്രണയമാണ് ആസിഫ് അലി നായകനായ നിസാം ബഷീർ ചിത്രം 'കെട്ട്യോളാണ് എന്റെ മാലാഖ'യുടെ പ്രമേയം. ഫീൽ ഗുഡ് ഗണത്തിൽ പെടുന്ന ഒരു ചെറിയ കുടുംബചിത്രമാണിത്.
വിവാഹത്തിനൊന്നും താത്പര്യമില്ലാതെ നടക്കുന്ന സ്ലീവാച്ചനാണ് കഥാനായകൻ. കൃഷിയൊക്കെ ചെയ്ത് വീട്ടിൽ അമ്മയുടെ കാര്യങ്ങളൊക്കെ നോക്കി പിന്നെ ബാക്കിയുള്ള സമയം നാട്ടിലെ സുഹൃത്തുക്കളുമായി ചിലവഴിച്ച് തീരുന്നതാണ് അയാളുടെ ഒരു ദിവസം. പെങ്ങമ്മാരും സ്നേഹിതരുമൊക്കെ വിവാഹകാര്യം പറയുമെങ്കിലും സ്ളീവാച്ചന് അത് ആവശ്യമാണെന്ന് തോന്നിയിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം സ്ലീവായുടെ അമ്മ അയാളില്ലാത്ത നേരത്ത് ബോധം കെട്ട് നിലത്ത് വിഴുന്നു. താനില്ലാത്തപ്പോൾ വീട്ടിൽ അമ്മയ്ക്ക് കൂട്ടായി അരുമില്ല എന്ന കാര്യം ആ സംഭവശേഷം സ്ളീവ മനസിലാക്കുന്നു. അന്നേവരെ വിവാഹമേ വേണ്ട എന്ന പറഞ്ഞ നടന്ന അയാൾ ഒരു പെൺകുട്ടിയെ ചെന്ന് കണ്ട് വിവാഹമുറപ്പിക്കുന്നു. വരനും വധുവും തമ്മിൽ ഒന്ന് പരസ്പരം മിണ്ടിയത് പോലുമില്ലെങ്കിലും വിവാഹം പെട്ടെന്ന് തന്നെ നടക്കുന്നു
അമ്മയോടും പെങ്ങളമാരോടുമല്ലാതെ പെണ്ണുങ്ങളോടൊന്നും ഇടപഴകിയിട്ടില്ലാത്ത സ്ളീവാച്ചന് ഭാര്യയായ റിൻസിയോട് എങ്ങനെ പെരുമാറണമെന്ന് ഊഹം പോലുമില്ലായിരുന്നു. ആ പേടി കാരണം റിൻസിയെ അയാൾ മനപ്പൂർവ്വം ഒഴിവാക്കാൻ നോക്കുന്നു. ഇത് അവരുടെ ബന്ധത്തിൽ തുടക്കത്തിൽ തന്നെ ചില ഉലച്ചിലുകളുണ്ടാക്കുന്നു. ഇങ്ങനെയായാൽ പന്തിയല്ല എന്ന മനസിലാക്കിയ സ്ളീവാ ഭാര്യയോട് ശാരീരികമായി അടുക്കാൻ ശ്രമിക്കുന്നത് പ്രശ്നം വല്ലാതെ വശളാക്കുന്നു. താറുമാറായ സ്ലീവായുടെ ജീവിതം അയാൾക്ക് തിരിച്ചുപിടിക്കാനാകുമോ എന്നതാണ് ചിത്രത്തിന്റെ ബാക്കിപ്പത്രം.
നായകകഥാപാത്രമായ സ്ളീവാച്ചൻ ആസിഫ് അലി ഭംഗിയാക്കി. ഒരൽപ്പം പഴഞ്ചൻ സ്വഭാവക്കാരനായ കഥാപാത്രത്തെ സ്വാഭാവികമായി അവതരിപ്പിക്കാൻ ആസിഫിന് കഴിഞ്ഞിട്ടുണ്ട്. ആസിഫ് അലിയെ കൂടാതെ നായികയായ വീണാ നന്ദകുമാർ, മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മനോഹരി ജോയ്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ് തുടങ്ങി എല്ലാവരുടെയും കാസ്റ്റിംഗ് കൃത്യമായിരുന്നു.
വില്ല്യം ഫ്രാൻസിസ് തയ്യാറാക്കിയ ഗാനങ്ങൾ ചിത്രത്തിന് ഉണർവ്വാണ്. അഭിലാഷ് ശങ്കറിന്റെ ഛായാഗ്രാഹണവും മികച്ചത് തന്നെ.
അജി പീറ്റർ തങ്കത്തിന്റെ ഒതുക്കമുള്ള തിരക്കഥ നന്നായി അവതരിപ്പിക്കാൻ നവാഗത സംവിധായകനായ നിസ്സാം ബഷീറിന് കഴിഞ്ഞു. ജീവിതപങ്കാളികൾ പരസ്പരം മനസിലാക്കി ജീവിക്കേണ്ടവരാണെന്നും സ്നേഹമാണ് എല്ലാത്തിനും പരിഹാരമെന്നും ചിത്രം പറയുന്നു. ദാമ്പത്യ ബന്ധത്തിലെ ലൈംഗിക പ്രശ്നങ്ങൾ മറച്ചുവയ്ക്കേണ്ടതല്ല സംസാരിക്കേണ്ടത് തന്നെയാണെന്ന് ചിത്രത്തിൽ അത് അർഹിക്കുന്ന പ്രാധാന്യത്തോടെ കാണിക്കുന്നുണ്ട്.
തമാശയുടെ മേമ്പൊടിയൊടെയുള്ള ചെറിയൊരു കുടുംബചിത്രമാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. നമ്മുടെ സമൂഹത്തിൽ പലരും അനുഭവിക്കുന്നതാണ് ചിത്രത്തിലെ കഥാപാശ്ചാത്തലം. അവതരണം, പ്രകടനം, കഥാസന്ദർഭങ്ങളൊക്കെ ചേർന്ന് രസകരമായ അനുഭവമാണ് ചിത്രം സമ്മാനിക്കുക.
വാൽക്കഷണം: കെട്ടിയോനും മാലാഖയാകണം
റേറ്റിംഗ്: 3/5
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |