തിരുവനന്തപുരം: സ്വകാര്യ ടൂറിസ്റ്റ് ഹൈടെക് ബസുകളിൽ ലൈറ്റ്- സൗണ്ട് ഡെക്കറേഷനുമൊക്കെയായി കണ്ണഞ്ചിപ്പിക്കുന്ന സെറ്റപ്പ് ഒരുക്കാൻ ചെലവിടുന്നത് ലക്ഷങ്ങൾ! എക്‌ട്രാ ലൈറ്റും മ്യൂസിക് സംവിധാനവുമൊക്കെ ഒരുക്കിവരുമ്പോൾ ബസിന്റെ വിലയോളം തന്നെ ചെലവ് വരുമത്രേ. എക്സ്ട്രയായി ഇത്രയും വലിയ തുക ചെലവാക്കുന്നത് വിനോദ യാത്രയ്ക്കടക്കം പോകുന്നവരെ ആർഷിക്കാൻ വേണ്ടിമാത്രമാണ്. ആലപ്പുഴയിൽ ഇത്തരത്തിൽ വാഹനങ്ങൾ ഡെക്കറേറ്റ് ചെയ്യാൻ മാത്രം ഒരു കേന്ദ്രമുണ്ടത്രേ. മുന്തിയ ഇനം ലൈറ്റ് ബസിൽ ഘടിപ്പിക്കുന്നതിന് മാത്രമാവും കാൽക്കോടിയിലേറെ രൂപ. ബസിന്റെ യഥാർത്ഥ വയറിംഗുകൾ ഇളക്കിമാറ്റി പ്രത്യേക വയറിംഗ് കിറ്ര് ഘടിപ്പിച്ചാണ് പുതിയ സംവിധാനങ്ങൾ ഒരുക്കുന്നത്. ബസിന്റെ സാധാരണ ബാറ്ററി കൊണ്ടുമാത്രം ഈ ലൈറ്റുകളൊക്കെ പ്രവർത്തിപ്പിക്കാനാവില്ല. അതിനാൽ, ശബ്ദ ശല്യമില്ലാത്ത ജനറേറ്ററുകൾവരെ ചില ബസുകളിൽ ഘടിപ്പിക്കാറുണ്ട്. ലേസർ ലൈറ്റുകളും ശബ്ദവിന്യാസങ്ങളോടും കൂടിയ ബസുകളാണ് വിനോദയാത്രയ്ക്ക് പല സ്കൂൾ- കോളേജ് വിദ്യാർത്ഥികളും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ദിവസം കൊല്ലത്ത് ഒരു സ്കൂൾ വളപ്പിൽ ഇത്തരമൊരു ബസ് നടത്തിയ അഭ്യാസ പ്രകടനം നാടിനെയാകെ അമ്പരിപ്പിച്ചു. അതിന് പിന്നാലെ ഇത്തരം ബസുകൾക്കെതിരെ നടപടി കർശനമാക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ഓപ്പറേഷൻ തണ്ടർ എന്ന് പേരിലുള്ള പരിശോധന കർശനമാക്കാനാണ് തീരുമാനം. പിടിക്കപ്പെട്ടാൽ നിസാര തുക പിഴയായി ഒടുക്കി രക്ഷപ്പെടാനും അനുവദിക്കില്ല. അനുവദനീയമായതിനെക്കാൾ ശക്തിയുള്ള വെളിച്ച- ശബ്ദ സംവിധാനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കാനാണ് മോട്ടോർ വകുപ്പിന്റെ തീരുമാനം.
എക്സ്ട്രാ ഫിറ്റിംഗ്സ്
ലേസർ ലൈറ്റുകൾ
സ്‌മോക്കർ (പുക)
വലിയ മ്യൂസിക് സിസ്റ്റം
കാഴ്ച മറയ്ക്കും വിധം ഗ്ളാസുകളിലെ സ്റ്റിക്കറിംഗ്
ബസിന് മുന്നിലും പിന്നിലും തീവ്രതയേറിയ എൽ.ഇ.ഡി വിളക്കുകൾ
മ്യൂസിക് ഹോണുകൾ
അപകട സാദ്ധ്യത
10,000 മുതൽ 20,000 വാട്‌സ് വരെയുള്ള മ്യൂസിക് സിസ്റ്റങ്ങളാണ് ചില ബസുകളിൽ ഉപയോഗിക്കുന്നത്. ഇതിൽ 15 മുതൽ 20വരെ സ്പീക്കറുകളും ഉണ്ടാകും. ബസിലെ വലിയ ശബ്ദംകാരണം എതിരെ വരുന്ന വാഹനങ്ങൾ ഹോൺ മുഴക്കിയാൽപോലും ഡ്രൈവർമാർ അറിയില്ല. കണ്ണഞ്ചിപ്പിക്കുന്ന ലേസർ ലൈറ്റുകളും എതിരെ വരുന്ന വാഹനങ്ങളെ അപകടപ്പെടുത്താൻ ഇടയാക്കും.
....................................................
ഫലം കാണാതിരുന്ന പരിശോധന
ഹൈടെക് ടൂറിസ്റ്റ് ബസുകളിലെ എക്സ് ട്രാ ലൈറ്റുകൾക്കും മ്യൂസിക് സംവിധാനങ്ങൾക്കുമെതിരെ മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ വർഷം പരിശോധന നടത്തിയിരുന്നെങ്കിലും ശിക്ഷ പിഴയിൽ മാത്രമൊതുങ്ങി. അഞ്ഞൂറോ ആയിരമോ രൂപ പിഴ ഒടുക്കിയാൽ തീരാവുന്ന കുറ്രമായി ഇതിനെ കണ്ടതിനാൽ നിയമ വിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനവും നീക്കം ചെയ്യാൻ പലരും തയാറായില്ല.
''
ഓപ്പറേഷൻ തണ്ടറിൽ കുടുങ്ങുന്ന ബസുകളുടെ ഫിറ്റ്നസ് റദ്ദാക്കാനാണ് തീരുമാനം. വാഹനത്തിന്റെ ശബ്ദ- ലൈറ്റ് സംവിധാനങ്ങൾ യഥാർത്ഥ രൂപത്തിലാക്കി എത്തിച്ചാലേ ഫിറ്റ്നസ് പുന:സ്ഥാപിക്കൂ. സീറ്റുകൾ ഇളക്കി മാറ്റി എക്സ് ട്രാ സീറ്റുകൾ ഫിറ്ര് ചെയ്യുന്നവരിൽ നിന്ന് ബസ് രജിസ്റ്റർ ചെയ്ത ദിവസം മുതലുള്ള പിഴയും പലിശയും ഈടാക്കും. ഓട്ടത്തിനിടയിലും പാർക്ക് ചെയ്തിരിക്കുന്ന സ്ഥലങ്ങളിലും എത്തി പരിശോധന നടത്താൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ
.................................................................
കഴിഞ്ഞവർഷം നടപടിയെടുത്ത വാഹനങ്ങൾ
(ആർ.ടി. ഓഫീസ് അടിസ്ഥാനത്തിൽ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |