തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില ആക്രമണങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോളേജിലെ 13 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് കേസ്. പരിക്കേറ്റ കെ.എസ്.യു പ്രവർത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
അതേസമയം, പൊലീസിനെ ആക്രമിച്ചതിന് എസ്.എഫ്.ഐ,കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസെടുത്തു. യൂണിവേഴ്സിറ്റി കോളേജിൽ നടന്നത് ആൾക്കൂട്ട ആക്രമണമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.സി.പി.എം സഹായത്തോടെ ഗുണ്ടകൾ തങ്ങുന്ന ഇടമായി ക്യാമ്പസുകൾ മാറിയെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു പ്രവർത്തകനും, എം.എ വിദ്യാർത്ഥിയുമായ നിതിൻ രാജിനെ എസ്.എഫ്.ഐ പ്രവർത്തകർ മർദിച്ചത്. ഏട്ടപ്പൻ മഹേഷ് എന്ന എസ്.എഫ്.ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മർദനം. ആക്രമണത്തിൽ നിതിന്റെ മുഖത്തും കൈയിലും സാരമായി പരിക്കേറ്റു,കൂടാതെ തടയാൻ ശ്രമിച്ച സുഹൃത്തിനെയും ഇവർ മർദിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെ ഏട്ടപ്പന്‍ മഹേഷ് നിതിനെയും സുഹൃത്തിനെയും ഹോസ്റ്റല്‍ മുറിയില്‍ കയറി ഭീഷണിപ്പെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മർദ്ദനത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച കോളേജിൽ കെ.എസ്.യു. പഠിപ്പുമുടക്കിയിരുന്നു. ഇന്നലെ ക്യാമ്പസിൽ എസ്.എഫ്.ഐ - കെ.എസ്.യു സംഘർഷവുമുണ്ടായി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന് ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റിരുന്നു.സംഭവമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്ര് കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |