ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എം.ജിയുടെ പ്രഥമ ഇലക്ട്രിക്ക് വാഹനമായ എം.ജി സെഡ് എക്സ് ഇ.വി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കരുത്ത് വെളിവാക്കുന്ന ലുക്കും ആകർഷകമായ ഡിസൈനും കൈമുതലായുള്ള ഈ വാഹനം എം.ജി മോട്ടോർസ് ഇന്ത്യ പുറത്തിറക്കുന്ന രണ്ടാമത്തെ വാഹനമാണ്. എം.ജി ഇന്ത്യയിൽ ഇറക്കുന്ന ഈ വാഹനം യു.കെയിൽ പ്രചാരത്തിലുള്ള അതേ എം.ജി സെഡ് എക്സ് ഇ.വി തന്നെയാണ്. എന്നാൽ ഗുജറാത്തിലെ ഹലോൽ പ്ലാന്റിൽ അസംബിൾ ചെയ്‌തെടുക്കുന്ന ഈ ഇലക്ട്രിക്ക് വാഹനത്തിന് വില കൂടുതലായിരിക്കാൻ സാദ്ധ്യതയുണ്ട്. ഇന്ത്യയിൽ ഹ്യുണ്ടായി കോണയോടും അതേ ശ്രേണിയിലുള്ള മറ്റ് വാഹനങ്ങളോടുമായിരിക്കും എം.ജി സെഡ് എക്സ് ഇ.വി മത്സരിക്കുക.
എം.ജി സെഡ് എക്സ് ഇ.വിയുടെ മികച്ച ബിൽഡ് ക്വാളിറ്റി തന്നെയാണ് ആദ്യത്തെ കാഴ്ച്ചയിൽ നമ്മുടെ ശ്രദ്ധയിൽ പെടുക. ഒറ്റനോട്ടത്തിൽ സബ് കോംപാക്റ്റ് എസ്.യു.വി എന്നാണ് ആദ്യം തോന്നുകയെങ്കിലും ഈ വാഹനം കോംപാക്റ്റ് എസ്.യു.വി വിഭാഗത്തിലാണ് പെടുന്നത്. ഹ്യുണ്ടായി ക്രെറ്റയെക്കാൾ നീളമുള്ള സെഡ് എക്സ് ഇ.വി പക്ഷെ എം.ജി ഹെക്ടറിനേക്കാൾ വലിപ്പം കുറവാണ്. വൈഡ് ക്രോം സ്റ്റഡ് ഗ്രില്ലാണ് വാഹനത്തിന്റെ മുൻപിലായി കാണുക. അഗ്രസീവ് ആയ പ്രൊജക്ടർ ഹെഡ് ലാംപുകളും മുൻപിലുണ്ട്. വീലുകൾക്ക് മുകളിലായുള്ള പ്രൊജക്ടഡ് മസിൽസ് ഈ അഗ്രസീവ് ലുക്ക് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
എടുത്ത് പറയേണ്ടത് ഇന്റീരിയറിനെ കുറിച്ചാണ്. ഡിസൈനിൽ കാര്യമായ വ്യത്യസ്തതയൊന്നും കൊണ്ടുവരാതെ തന്നെ കാറിനകത്ത് പ്രീമിയം ലുക്ക് വരുത്താൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. അധികം വെന്റുകളോ ബമ്പുകളോ ഇല്ലാതെയാണ് എം.ജി കാറിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ജെറ്റ് ബ്ലാക്ക് നിറവും ഇടയ്ക്ക് സിൽവർ ഇൻസേർട്ടുകളും ഈ ഇന്റീരിയറിൽ കാണാം. 44.5 കിലോവാട്ട് ബാറ്ററി പായ്ക്കുള്ള കാറിൽ ഒറ്റച്ചാർജിൽ 340 കിലോമീറ്റർ സഞ്ചരിക്കാനാകും. 50 കിലോവാട്ട് ചാർജർ കൊണ്ട് 40 മിനിട്ടിനുള്ളിൽ 80 ശതമാനത്തോളം ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കും. ഇന്ത്യയിൽ അഞ്ച് നഗരങ്ങളിലാണ് ഈ വാഹനം ആദ്യം പുറത്തിറക്കുക. ഡൽഹി എൻ.സി.ആർ, ഹൈദരാബാദ്, മുംബയ്, ബംഗളുരു അഹമ്മദാബാദ് എന്നിവയാണ് ഈ നഗരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |