
കോഴിക്കോട്: ക്രിസ്മസ്- പുതുവത്സര ഉത്സവസീസണിൽ കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ഗുജ്റാത്തിൽ നിന്നും വഡോദര- കോട്ടയം സ്പെഷ്യലും തെലങ്കാനയിൽ നിന്നും ചെർലപ്പള്ളി- മംഗലാപുരം സ്പെഷ്യലുമാണ് പ്രഖ്യാപിച്ചത്. രണ്ട് ട്രെയിനുകളും മലബാർ വഴിയാണ്.
വഡോദര സ്പെഷ്യൽ
ജനുവരി 10 വരെ മൂന്ന് ശനിയാഴ്ചകളിലും വഡോദരയിൽ നിന്നും കോട്ടയത്തേക്ക് ട്രെയിൻ സർവീസുണ്ടായിരിക്കും. രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്ച രാത്രി ഏഴുമണിക്ക് കോട്ടയത്തെത്തും. ഞായറാഴ്ച രാത്രി ഒമ്പതരയ്ക്ക് കോട്ടയത്തു നിന്നും പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 6.30ന് വഡോദരയിൽ തിരിച്ചെത്തും. കാസർകോട്, കണ്ണൂർ, തലശേരി, കോഴിക്കോട്, തിരൂർ, ഷൊർണ്ണൂർ, തൃശൂർ, ആലുവ, എറണാകുളം നോർത്ത് സ്റ്റോപ്പുകളുണ്ട്.
ചെർലപ്പള്ളി സ്പെഷ്യൽ
24,28 തീയതികളിൽ രാത്രി 11.30ന് ചെർലപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന ട്രെയിൻ 26നും 28നും രാവിലെ 6.05ന് മഗലാപുരത്ത് എത്തിച്ചേരും. 26,30 തീയതികളിൽ രാവിലെ 9.55ന് മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് വൈകിട്ട് 5ന് ചെർലപ്പള്ളിയിലെത്തും. പാലക്കാട്, ഷൊർണ്ണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശേരി, കണ്ണൂർ, കാസർകോട് സ്റ്റോപ്പുകളുണ്ട്.
കോച്ചുകൾ കൂട്ടി
തിരക്കുള്ള ദിവസങ്ങളിൽ മംഗലാപുരം- ചെന്നൈ എഗ്മോറിലും മംഗലാപുരം- തിരുവനന്തപുരം എക്സ്‌പ്രസിലും കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദിയിലും തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദിയിലും ഓരോ കോച്ചുകൾ വീതം കൂട്ടിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |