കോട്ടയം: എം.ജി സർവകലാശാല എം.ടെക് പരീക്ഷയുടെ ഉത്തര കടലാസുകൾ സിൻഡിക്കേറ്റംഗ ഡോ.പ്രഗാഷ് പരിശോധിച്ചതിനെതിരെ ചാൻസലർ കൂടിയായ ഗവർണർ ആരീഫ് ഖാൻ വിശദീകരണമാവശ്യപ്പെട്ടതോടെ കെട്ടടങ്ങിയെന്നു കരുതിയ എം.ജി മാർക്കു ദാന വിവാദം വീണ്ടും ചൂടുപിടിച്ചു.
എം.ടെക് പരീക്ഷയുടെ ഉത്തരക്കടലാസുകൾ സിൻഡിക്കേറ്റംഗം പരിശോധിച്ചതിൽ വിശദമായ റിപ്പോർട്ടാണ് വൈസ് ചാൻസലർ ഡോ.സാബുതോമസിനോട് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. സേവ് ക്യാമ്പസ് കമ്മിറ്റി നൽകിയ പരാതി പരിഗണിച്ചാണ് ഗവർണർ വി.സിയുടെ വിശദീകരണം തേടിയത്. ബി.ടെക് സപ്ലിമെന്ററി പരീക്ഷ തോറ്റവർക്ക് അഞ്ച് മാർക്ക് കൂട്ടിയിട്ടു കൊടുത്ത് നിരവധി പേരെ വിജയിപ്പിച്ചത് വിവാദമായതോടെ മാർക്ക് ദാനം സിൻഡിക്കേറ്റ് റദ്ദാക്കിയിരുന്നു. നടപടി ക്രമങ്ങൾ പാലിക്കാതുള്ള സിൻഡിക്കേറ്റ് നടപടിക്കെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമർശനം ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് സിൻഡിക്കേറ്റംഗത്തിന്റെ നടപടി കൃത്യമായി അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടത്.
എം.ജി സർവകലാശാലയിൽ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു. അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് സമ്മതിച്ചു . തെറ്റു തിരുത്താന്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിനെ മറ്റുള്ളവ ഏതു തരത്തിൽ വ്യാഖ്യാനിക്കുന്നു എന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |