വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മൂന്നുവർഷം മുൻപ് തുടക്കം കുറിച്ചപ്പോൾ ആയിരം ദിവസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. പിറവിയെടുക്കാൻ തന്നെ മൂന്ന് പതിറ്റാണ്ടിലേറെ കാത്തിരിക്കേണ്ടി വന്ന തുറമുഖത്തിന്റെ തലവര ഇനിയും നേരെയായിട്ടില്ലെന്നാണ് മനസിലാക്കേണ്ടത്. കാലാവധി ഇതിനകം നീട്ടിക്കൊടുത്തിട്ടും ഫലമുണ്ടായില്ല.
ആയിരം ദിവസമെത്തുമ്പോൾ ആദ്യത്തെ കപ്പൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തുമെന്ന സ്വപ്നം അതിന് മുൻപേ തന്നെ പൊലിഞ്ഞു പോയിരുന്നു. നിർമ്മാണ ജോലികളിലെ മെല്ലെപ്പോക്കും പ്രതികൂല കാലാവസ്ഥയുമൊക്കെ ചേർന്ന് ലക്ഷ്യം അകന്നകന്നു പോവുകയായിരുന്നു. തുറമുഖം നിർമ്മിക്കാനും പിന്നീട് അതിന്റെ നടത്തിപ്പിനും കരാർ ഏറ്റെടുത്ത അദാനികമ്പനിയോട് അത്ര പ്രതിപത്തി ഇല്ലാത്തതിനാൽ ഒൗദ്യോഗിക കേന്ദ്രങ്ങൾ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ അത്ര വലിയ ആവേശമൊന്നും കാണിക്കാതിരുന്നതും പ്രശ്‌നമായി ശേഷിക്കുന്നു. ഇത്തരത്തിലൊരു വമ്പൻ പദ്ധതിയുടെ പ്രവർത്തന പുരോഗതി തുടർച്ചയായി വിലയിരുത്താനുള്ള ഒരു സംവിധാനവും സർക്കാർ തലത്തിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഉണ്ടായിരുന്നുവെങ്കിൽ ഇതിനകം അനേകം തവണ നിർമ്മാണ ജോലികൾ സ്‌തംഭനാവസ്ഥയിലെത്തുമായിരുന്നില്ല
. പ്രാരംഭ കരാറുകൾ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് തുടങ്ങിവച്ചത്. ഇപ്പോഴത്തെ സർക്കാരാണ് വലിയ പ്രതീക്ഷ ജനിപ്പിച്ച് നിർമ്മാണം തുടങ്ങിയത്. കരാർ പ്രകാരം ഇൗ ഡിസംബർ നാലിന് ഒന്നാംഘട്ടം പൂർത്തീകരിക്കേണ്ടതായിരുന്നെങ്കിലും പ്രധാന നിർമ്മാണങ്ങൾ പകുതി പോലും ആയിട്ടില്ല. കരാർ ലംഘിച്ച അദാനി കമ്പനിയെ ശിക്ഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. സർക്കാർ പ്രതിനിധികളാകട്ടെ ഇനിയൊരു കരാർ നീട്ടൽ ഇല്ലെന്നും ഒൻപത് മാസംകൊണ്ട് പണി തീർക്കുന്നില്ലെങ്കിൽ പ്രതിദിനം 12 ലക്ഷം രൂപ നിരക്കിൽ പിഴ കെട്ടിവയ്ക്കേണ്ടിവരുമെന്ന് കാണിച്ച് തുറമുഖ നിർമ്മാണ കമ്പനിക്ക് നോട്ടീസ് നൽകി കൈയും കെട്ടിയിരിക്കുന്നു. എന്തുകൊണ്ടാണ് പദ്ധതി ഇങ്ങനെ എങ്ങുമെത്താതെ നീണ്ടുനീണ്ടു പോകുന്നതെന്ന് വസ്തുനിഷ്ഠമായി വിലയിരുത്തേണ്ട ധാർമ്മിക ബാധ്യതകൂടി സർക്കാരിനില്ലേ? തുറമുഖം നിർദ്ദിഷ്ട ലക്ഷ്യത്തിലെത്തണമെന്ന ശാഠ്യം ഉണ്ടായിരുന്നുവെങ്കിൽ അതിന് അനുസരണമായ താത്പര്യം കൂടി എടുക്കേണ്ടതല്ലേ? സർക്കാരിനെയും അദാനി കമ്പനിയെയും ഒരുപോലെ ഭത്‌സിക്കുന്ന പ്രതിപക്ഷ നേതാവും അദ്ദേഹത്തിന്റെ പാർട്ടിയും തുറമുഖം വേഗം പൂർത്തിയാക്കാൻ ക്രിയാത്മകമായ എന്തെങ്കിലും ഇടപെടൽ നടത്തിയതായി അറിവില്ല. വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വിശിഷ്യാ തലസ്ഥാന ജില്ലയുടെ സർവതോന്മുഖമായ വികസനത്തിന് ഏറെ അനുയോജ്യമാണെന്നു ബോദ്ധ്യമായിട്ടും ഇവിടെ ഒരു കക്ഷിയും ആത്മാർത്ഥതയോടെ അതിനായി മുന്നോട്ടു വരുന്നില്ലെന്നത് വളരെ ദുഃഖകരമാണ്.
വിമർശനങ്ങൾ കൊണ്ടുമാത്രം ഒരു പദ്ധതിയും ഉയർന്നു വരില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ ക്രിയാത്മകമായി ഇടപെട്ട് പരിഹാരംകൂടി നിർദ്ദേശിക്കാൻ കഴിയണം. ഏത് പദ്ധതിയും നാടിനും ജനങ്ങൾക്കും വേണ്ടിയുള്ളതാണെന്ന ബോദ്ധ്യത്തോടെയാകണം കുറ്റപ്പെടുത്തലും വിമർശനവുമൊക്കെ.
പുതുക്കിയ കരാർ പ്രകാരം അടുത്ത ഡിസംബർ മാസം വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർത്തീകരിക്കേണ്ടതാണ്. ലക്ഷ്യപ്രാപ്‌തിക്ക് ഇനിയും വെല്ലുവിളികൾ ഏറെയാണ്. മൂന്നുകിലോമീറ്റർ ദൈർഘ്യം വരുന്ന പുലിമുട്ടു നിർമ്മാണം തന്നെയാണ് അതിൽ പ്രധാനം. കരിങ്കല്ലുക്ഷാമം ആദ്യംതൊട്ടേ പ്രശ്നമായിട്ടും യഥാസമയം സർക്കാരിന്റെ ഇടപെടൽ വേണ്ടപോലെ ഉണ്ടായില്ല. ആവശ്യത്തിന് പാറ കിട്ടാതെ പുലിമുട്ട് പൂർത്തിയാക്കാനാവില്ലല്ലോ. മൂന്ന് സ്വകാര്യ ക്വാറികളിൽനിന്ന് കല്ലെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ അതു പോരാതെ വന്നാൽ മറ്റു സ്രോതസുകൾ അന്വേഷിക്കേണ്ടി വരും. പ്രതിദിനം പതിനായിരം ടൺ കല്ല് എത്തിച്ചാലേ പുലിമുട്ടിന്റെയും ബർത്തിന്റെയും നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനാവൂ. നിലവിൽ മൂവായിരം ടണ്ണാണത്രെ എത്തിക്കുന്നത്. ഇങ്ങനെ പോയാൽ നീട്ടിയ കാലാവധിക്കുള്ളിൽ പണി പൂർത്തിയാക്കുക ദുഷ്‌കരമാകും. പണികൾ വിലയിരുത്താനും പോരായ്മകൾ അപ്പപ്പോൾ പരിഹരിക്കാനും സർക്കാർ തലത്തിൽ മോണിട്ടറിംഗ് സംവിധാനം ഏർപ്പെടുത്താൻ ആലോചനയുണ്ട്. വൈകാതെ അതിനുള്ള നടപടി ഉണ്ടാകണം. അത്തരത്തിലൊരു സംവിധാനം ആദ്യമേ ഉണ്ടായിരുന്നുവെങ്കിൽ പല ഘട്ടങ്ങളിലും അനുഭവപ്പെട്ട നിർമ്മാണ സ്തംഭനം ഒഴിവാക്കാനാകുമായിരുന്നു. പ്രതികൂല കാലാവസ്ഥ ഒഴിഞ്ഞ് അന്തരീക്ഷം പ്രസന്നമായ സ്ഥിതിക്ക് ഇനിയുള്ള മാസങ്ങൾ പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയണം. തുറമുഖത്തിന്റെ പ്രവർത്തനത്തിനാവശ്യമായ മറ്റു നിർമ്മാണ ജോലികൾക്കും പതിന്മടങ്ങുവേഗം കൈവരേണ്ടതുണ്ട്.
തുറമുഖത്തേക്കുള്ള റെയിൽപ്പാത, ആറുവരി പാത എന്നിവയുടെ രൂപരേഖ പോലുമായിട്ടില്ല. തുറമുഖത്തിന്റെ പണി അടുത്ത ഡിസംബറിൽ തീർന്നാലും യാത്രാമാർഗങ്ങൾ പൂർത്തിയായിട്ടില്ലെങ്കിൽ പിന്നെയും കാത്തിരിക്കേണ്ടിവരും. അദാനിയല്ല റെയിൽവേ പാതയും റോഡും നിർമ്മിക്കേണ്ടത്. സർക്കാരിന്റെ പരിധിയിൽ വരുന്നതാണ് അതെല്ലാം. തുറമുഖ നിർമ്മാണം കാലാവധി കഴിഞ്ഞും നീണ്ടുപോയാൽ അദാനിയെ ശിക്ഷിക്കാനൊരുങ്ങുന്നവർ അനുബന്ധ നിർമ്മാണങ്ങൾ യഥാകാലം പൂർത്തിയാക്കാൻ മനസ് വയ്‌ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |