കൊട്ടിയം: മതിയായ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന വെളിച്ചെണ്ണ വിൽപ്പന കേന്ദ്രത്തിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ നിരവധി ബ്രാൻഡുകളുടെ പായ്ക്കറ്റുകളിൽ വെളിച്ചെണ്ണ നിറച്ച് വിൽപ്പന നടത്തുന്നതായി കണ്ടെത്തി. ഇവയിൽ മിക്കതിലും രേഖപ്പെടുത്തിയിട്ടുള്ളത് ചക്കിലാട്ടിയ വെളിച്ചെണ്ണയെന്നാണ്. ഉമയനല്ലുർ പാർക്ക് മുക്കിലുള്ള ഗോഡൗണിൽ നിന്നാണ് വെളിച്ചെണ്ണയും പാമോയിലും പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ചത്.ഗോഡൗണിലും സമീപത്തെ വീട്ടിലുമായി ടാങ്കുകളിലായിരുന്നു വെളിച്ചെണ്ണ സൂക്ഷിച്ചിരുന്നത്. വെളിച്ചെണ്ണ നിറച്ചു വിൽപ്പന നടത്തുന്നതിനായി വച്ചിരുന്ന പ്ലാസ്റ്റിക് കന്നാസുകളും കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായ നിലയിലുള്ള ഒരു ഓയിലും കണ്ടെത്തിയിട്ടുണ്ട്.ഇതിന് വെളിച്ചെണ്ണയുടെ യാതൊരു ഗന്ധവുമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കേരളത്തിൽ വില്പന നടത്തുന്ന നിരവധി ബ്രാൻഡുകളുടെ പായ്ക്കറ്റുകളും ലേബലുകളും ഇവിടെയുണ്ടായിരുന്നു. സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. തൃക്കോവിൽവട്ടം പഞ്ചായത്തിൽപ്പെട്ട മുഖത്തല ഇ.എസ്.ഐ ജംഗ്ഷനടുത്തുള്ള ഒരു കടയിൽ നിന്നും വെള്ളിയാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അയ്യായിരത്തിൽപ്പരം ലിറ്റർ വെളിച്ചെണ്ണ പിടികൂടിയിരുന്നു. ഭക്ഷ്യ സുരക്ഷാ വിഭാഗം അസി.കമ്മിഷണർ ശ്രീകല, ഫുഡ് സേഫ്റ്റി ഓഫീസർമാരായ മാനസ, റസീമ, വിനോദ്, നോഡൽ ഓഫീസർ ചിത്ര, ഓഫീസ് അസിസ്റ്റന്റ് മോനു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |