ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന് ഒപ്പം നിന്ന് നേടാവുന്നത്ര സ്ഥാനമാനങ്ങൾ നേടിയിട്ട് സമുദായത്തെ തള്ളിപ്പറയുന്നവരെ തിരിച്ചറിയണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഊട്ടിവളർത്തിയ കുഞ്ഞിനെ കശാപ്പു ചെയ്യുന്ന സ്ഥിതിയാണ് ഇത്. എസ്.എൻ.ഡി.പി യോഗത്തിന്റെ 113-ാമത് വാർഷിക പൊതുയോഗത്തിൽ സ്വാഗത പ്രസംഗം നടത്തുകയായിരുന്നു വെള്ളാപ്പള്ളി.
എസ്.എൻ.ഡി.പി യോഗം റിസീവർ ഭരണത്തിലാവുമെന്നാണ് ചിലർ വാട്സ് ആപ്പ് വഴിയും മറ്റും പ്രചരിപ്പിക്കുന്നത്. അധികാരഭ്രാന്തിൽ സമചിത്തത തെറ്റിയവരാണ് ഇത്തരം പ്രചാരണങ്ങൾക്കു പിന്നിൽ. . സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ചില പരാതികളുടെ അടിസ്ഥാനത്തിൽ ഡി.ജി.പി കേസിന് നിർദ്ദേശിച്ചിട്ടുണ്ട്. കട്ടതിന്റെ ആഴവും പരപ്പും വലുതാണ്. അതിന് തന്നെ ചീത്ത പറഞ്ഞിട്ടു കാര്യമുണ്ടോ. കണ്ടവനെ നശിപ്പിച്ചിട്ട് കട്ടവൻ പുണ്യാളനാകാനുള്ള ശ്രമമാണ് ഇത്. സമുദായത്തെ തകർക്കാൻ ഇക്കൂട്ടർ ഡസൻ കണക്കിന് കേസുകളാണ് കൊടുത്തിട്ടുള്ളത്. ഇരുട്ടിന്റെ മറവിൽ നിന്ന് ഡ്യൂപ്പുകളെ ഉപയോഗിച്ചാണ് കേസുകൾ. ബ്രൂട്ടസിനെപ്പോലെ പിറകിൽ നിന്നാണ് ഇവർ കുത്തുന്നത്.
പിന്നാക്ക വിഭാഗങ്ങളെ ഒറ്റപ്പെടുത്തി അധികാരം പിടിച്ചടക്കി മുന്നോട്ടു പോകാനുള്ള ശ്രമമാണ് സവർണ വിഭാഗങ്ങൾ നടത്തുന്നത്. സംവരണ വിഷയത്തിൽ ചങ്ങനാശ്ശേരിയിൽ നിന്ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത് ഈഴവ സമുദായത്തിന് സംവരണം കൊടുക്കേണ്ടതില്ലെന്നാണ്. ഭൂപരിഷ്കരണം വന്നതോടെ നായർ സമുദായത്തിന്റെ സമ്പത്തെല്ലാം നഷ്ടമായെന്നും ഈഴവരെല്ലാം ജന്മിമാരായി മാറിയെന്നുമാണ് അവർ പറയുന്നത്. . തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 96 ശതമാനം ജീവനക്കാരും സവർണ വിഭാഗക്കാരാണ്. 12,000 ത്തോളം ജീവനക്കാരുള്ള സംസ്ഥാനത്തെ അഞ്ചു ദേവസ്വം ബോർഡുകളിൽ മുന്നാക്ക സമുദായ സംവരണം ഏർപ്പെടുത്താൻ ഒരു സമരവും വേണ്ടിവന്നില്ല. ഒരു കത്തുകൊടുത്തതോടെ തീരുമാനമായി. അധഃസ്ഥിതന്റെ വികാരം അറിഞ്ഞു ഭരണാധികാരികൾ പ്രവർത്തിക്കണമെങ്കിൽ അധികാര സ്ഥാനങ്ങളിൽ പ്രാതിനിദ്ധ്യം വേണം.
ശബരിമല വിഷയം വന്നപ്പോൾ, കോടതി തീരുമാനം നിരാശാജനകം എന്നാണ് താൻ പറഞ്ഞത്. ചങ്ങനാശ്ശേരിക്കാർ എന്തെല്ലാം പറഞ്ഞു. ഈഴവസമുദായാംഗങ്ങൾ പെട്ടെന്ന് വികാരം കൊള്ളുന്നവരാണ്. എടുത്തുചാടി സമര നേതാക്കളായി ഇറങ്ങി ജയിലിലും കേസിലും പോകേണ്ടെന്നു കരുതിയാണ് താൻ നിരാശാജനകം എന്നു മാത്രം പറഞ്ഞത്. എന്നിട്ടും തനിക്കെതിരെ എന്തെല്ലാം വിധത്തിലുള്ള ആക്രമണങ്ങളായിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും കോന്നിയിലും എൻ.എസ്.എസ് പരസ്യമായി യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങി. മറ്റു സമുദായങ്ങൾ അവരുടെ ഏകാധിപത്യം അംഗീകരിക്കാതിരുന്നതിനാൽ ചങ്ങനാശ്ശേരി സ്പോൺസർ ചെയ്ത രണ്ടു സ്ഥാനാർത്ഥികളും തോറ്റു. എന്നിട്ടും ബി.ജെ.പി എൻ.എസ്.എസിനെ തള്ളിപ്പറഞ്ഞില്ല. കോൺഗ്രസാണെങ്കിൽ സമദൂരമെന്ന് പറഞ്ഞ് അവരെ വെള്ളപൂശി. അതേ സമയം ശബരിമല വിഷയത്തിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ചു. ഇതെല്ലാം സമുദായാംഗങ്ങൾ തിരിച്ചറിയണം.
ചേർത്തല എസ്.എൻ.കോളേജ് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |