കരുണയും സ്‌നേഹവും ആർദ്രതയും വാക്കുകൾ കൊണ്ട് അനുഭവിപ്പിച്ച മലയാളത്തിന്റെ പ്രിയ കഥാകാരൻ ടി. പദ്മനാഭൻ നവതിയുടെ നിറവിലാണ്. 1931ലെ വൃശ്ചികമാസത്തിൽ ഭരണി നക്ഷത്രത്തിൽ പിറന്ന പ്രകാശം പരത്തുന്ന കഥാകാരൻ എന്നും മലയാളത്തിന്റെ അഭിമാനമാണ്. നാളെ നവതിയിലേക്ക് കടക്കുന്ന ടി. പദ്മനാഭനുമൊത്തുള്ള നിമിഷങ്ങൾ...
മരണത്തിന്റെ നിഴലിൽ നിസഹായനായ ആ നായ മൂന്ന് രാപ്പകൽ കഴിച്ചുകൂട്ടി. നിരത്തുവക്കിലെ ഒരു മാവിന്റെ ചുവട്ടിലാണ് 'ശേഖൂട്ടി' തളർന്നു വീണത്. അവിടെ നിന്ന് അവൻ പിന്നീട് എണീക്കുകയുണ്ടായില്ല. ടി പദ്മനാഭന്റെ ശേഖൂട്ടി എന്ന കഥ ആരംഭിക്കുന്നതിങ്ങനെയാണ്. തന്റെ കർത്തവ്യങ്ങളെല്ലാം ചിട്ടയോടെ ചെയ്ത ഒരു നായ ഒടുവിൽ തളർന്നു വീണപ്പോൾ, അതിന്റെ ദയനീയാവസ്ഥയെ കഥയിലൂടെ വിവരിക്കുകയാണ് പത്മനാഭൻ. ശേഖൂട്ടി സഞ്ചരിച്ച ജീവിതവഴികളിലൂടെ കൂട്ടിക്കൊണ്ടു പോകുമ്പോൾ വായനക്കാരന്റെ ഉള്ളിൽ കാരുണ്യത്തിന്റെ ഉറവ പൊടിയുന്നു..
കണ്ണൂർ പള്ളിക്കുന്ന് രാജേന്ദ്ര നഗർ ഹൗസിംഗ് കോളനിയിലെ പതിനഞ്ചാം നമ്പർ വീടിനു മുന്നിൽ തലയുയർത്തി നിൽക്കുന്ന മുരിങ്ങ മരച്ചില്ലുകളിലൂടെ ചാഞ്ഞിറങ്ങുന്ന വെയിൽനാളങ്ങൾ. ഗേറ്റ് തുറന്ന് മുറ്റത്ത് കടന്നതോടെ പൂച്ചകളും പട്ടികളും തൊട്ടുരുമ്മി നിന്നു. അപ്പോൾ എവിടെ നിന്നോ കുറെ പക്ഷികളും കാക്കകളും പറന്നെത്തി. പട്ടികളും പൂച്ചകളും കൂട്ടിക്കൊണ്ടു പോകുന്നത് വീട്ടുകാരന്റെയടുത്തേക്കാണ്. വീട്ടുകാരൻ വാതിൽ തുറന്ന് പുറത്ത് വന്ന് പട്ടികളോട് പറഞ്ഞു. ഇനി പൊയ്‌ക്കോളൂ. അവ വാലു മടക്കി ഗേറ്റിന് പുറത്തേക്ക് പോയി. കഥാകൃത്ത് ടി.പത്മനാഭന്റെ രാപ്പകലുകളിൽ നിഴലായി നിൽക്കുന്നത് ഇവയാണ്. അദ്ദേഹത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹം ആവോളം അനുഭവിച്ചു കഴിയുകയാണ് അവ. പടിവാതിലിൽ കണ്ടപാടെ കൈപിടിച്ച് ക്ഷണിച്ച് അകത്തേക്ക് കൂട്ടി. നടുമുറിയിലെ മേശയിലും ടീപ്പോയിയിലും പത്രങ്ങളും പ്രസിദ്ധീകരണങ്ങളും. തപാലിൽ വന്ന ചിലത് കവർ പൊട്ടിച്ചതും അല്ലാത്തതും. അലമാരയിൽ എണ്ണിയാലൊടുങ്ങാത്ത പുരസ്‌കാരങ്ങളും ബഹുമതി പത്രങ്ങളും.
പിറന്നാൾ ആഘോഷിക്കാറില്ല
അറുപതായാൽ ഷഷ്ഠിപൂർത്തി, എഴുപതിൽ സപ്തതി, എൺപതായാൽ അശീതി... അങ്ങനെ ആഘോഷിക്കുന്നവർ നിരവധിയുണ്ട്. ഞാൻ ഇതൊന്നും അങ്ങനെ ആഘോഷിച്ചിട്ടില്ല. എന്നാൽ നവതിക്ക് ഇത്തവണ ആഘോഷമുണ്ട്. ഞാൻ മുൻകൈയടുത്തല്ല. ലോകത്തിന്റെ വിവിധ കോണുകളിൽ കഴിയുന്ന മരുമക്കളുടെ നിർബന്ധം. അവരെല്ലാം ഒത്തുകൂടുന്നുണ്ട്. അതുകൊണ്ട് അവരുടെ സൗകര്യത്തിനായി ഡിസംബർ 28ന് നവതി ആഘോഷം നടക്കും. കുറച്ചു പേരെ ക്ഷണിക്കുന്നുണ്ട്. കൊഴുപ്പിക്കാൻ മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ തായമ്പകയും മറ്റു പരിപാടികളും വിഭവസമൃദ്ധമായ സദ്യയുമൊക്കെയുണ്ടാകും. പിറന്നാളിൽ പയ്യന്നൂർ പോത്താംകണ്ടത്തിൽ സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ നേതൃത്വത്തിൽ കലാമണ്ഡലം ഗോപിയുടെ കഥകളിയും. സദ്യയും ഒരുക്കുന്നുണ്ട്.
എന്നും സംതൃപ്തി
ജീവിതത്തിൽ എന്നും സന്തോഷവും സംതൃപ്തിയും തന്നെ. വലിയ വിഷമമൊന്നും തോന്നിയിട്ടില്ല. എന്നെക്കാൾ പ്രായം കുറഞ്ഞ ചിലരുടെ മുന്നിൽ ഞാൻ ഇരുന്നിട്ടില്ല. അവരോടുള്ള ആദരവ് അത്ര മാത്രമാണ്. സി.പി.എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി അത്തരക്കാരിലൊരാളാണ്. പൊതുപ്രവർത്തകർ മാതൃകയാക്കേണ്ട ജീവിതം. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും അത്രയും വിശുദ്ധി കാത്തുസൂക്ഷിച്ച നേതാവാണ് അദ്ദേഹം. പേരു പോലെ പാലൊളി തൂകുന്ന ജീവിതം. എന്നാൽ ഇന്ന് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എത്ര പേർക്ക് വിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ട്. അങ്ങനെയൊരു തലമുറ ചുരുങ്ങി വരികയാണ്. അപമാനകരമാണ്. യുവതലമുറയുടെ പല രീതികളോടും ഇപ്പോൾ പൊരുത്തപ്പെടാൻ കഴിയുന്നില്ല. അതു രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഒരു പോലെ തന്നെ. ഒരുപക്ഷേ എന്റെ പ്രായത്തിന്റെ തകരാറാണോ എന്നറിയില്ല.
സാരഥിയായി രാമചന്ദ്രൻ
സാരഥിയായി എന്നും രാമചന്ദ്രനുണ്ടാകണം. അതു പള്ളിക്കുന്ന് മുതൽ ഏതു വിദേശയാത്ര വരെയും രാമചന്ദ്രൻ കൂടെ വേണമെന്നത് നിർബന്ധമാണ്. കണ്ണൂർ ജില്ലയിലെ പരിപാടികൾക്കെല്ലാം രാമചന്ദ്രന്റെ ഓട്ടോയിലാണ് പോകാറുള്ളത്. രാമചന്ദ്രന്റെ ഓട്ടോറിക്ഷ എനിക്ക് ബെൻസ് കാർ പോലെയാണ്. നിങ്ങൾ കാറൊന്നും കൊണ്ടുവരണ്ട, ഞാൻ എന്റെ ബെൻസിൽ വന്നോളും. ഏതെങ്കിലും ചടങ്ങിലേക്ക് ക്ഷണിക്കാനെത്തുന്ന സംഘാടകരോട് പറയും. ഇതു കേട്ട അവർ അന്തം വിട്ടിരിക്കും. ബെൻസൊക്കെ ആകുമ്പോൾ വലിയ ചെലവായിരിക്കുമല്ലോ? ചെലവ് കേട്ട് നിങ്ങൾ ഭയപ്പെടേണ്ട, അതൊക്ക ഞാൻ മാനേജ് ചെയ്‌തോളാം. സംഘാടകർ ഇറങ്ങാൻ നേരം റോഡിൽ നിർത്തിയിട്ട രാമചന്ദ്രന്റെ ഓട്ടോറിക്ഷ കാണിച്ച് പറയും. അതാണ് എന്റെ ബെൻസ്. കഴിഞ്ഞ ഇരുപത് വർഷമായി എന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയുന്ന ആളാണ് രാമചന്ദ്രൻ. എന്റെ എല്ലാ യാത്രകളിലും അവൻ കൂടെയുണ്ടാകും. ഏതാണ്ട് എല്ലാ വിദേശരാജ്യങ്ങളും രാമചന്ദ്രൻ ഇപ്പോൾ കണ്ടു കഴിഞ്ഞു.
എന്നെക്കാൾ എഴുതിയവർ നിരവധി
മലയാള ചെറുകഥയുടെ കുലപതി എന്ന വിശേഷണം ഇഷ്ടം തന്നെയാണ്. ഏറ്റവും മികച്ചത് എന്റേതാണെന്ന ആത്മവിശ്വാസവും ആത്മാഭിമാനവും എനിക്കുണ്ട്. എഴുപത് വർഷത്തിനിടെ 180 കഥകൾ മാത്രമാണ് ഞാനെഴുതിയത്. അഞ്ഞൂറും ആയിരവും കഥകൾ എഴുതിയ യുവകഥാകൃത്തുക്കൾ നമ്മുടെ നാട്ടിലുണ്ട്. അവരോട് സഹതാപം മാത്രമേയുള്ളൂ. എഴുത്തിന്റെ ബാഹുല്യം കൊണ്ടല്ല. കഥകളുടെ മേന്മ കൊണ്ട് പറഞ്ഞു പോയതാണ്. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാർഡുകളുൾപ്പെടെ പ്രധാന പുരസ്‌കാരങ്ങൾ എനിക്ക് കിട്ടിയിട്ടുണ്ട്. 1954 ലാണ് കേന്ദ്ര സാഹിത്യ അക്കാഡമി നിലവിൽ വന്നത്. ഒരു മലയാള ചെറുകഥാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിക്കാൻ 42 വർഷം കാത്തിരിക്കേണ്ടി വന്നു. 1996 ൽ എന്റെ ഗൗരി എന്ന ചെറുകഥയ്ക്കാണ് ആ അംഗീകാരം ലഭിച്ചത്. എനിക്ക് എഴുത്തിലും ജീവിതത്തിലും സംതൃപ്തി പകരുന്ന ഇതുപോലുള്ള എത്രയോ മുഹൂർത്തങ്ങളുണ്ട്.
ആരും തിരിഞ്ഞു നോക്കാറില്ല
അത്യാവശ്യം എഴുതാനറിയുന്നവരെ മനസറിഞ്ഞ് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഇന്ന് അവരിൽ ചിലർ ഈ രംഗത്ത് പ്രശസ്തരുമാണ്. എഴുത്തിന്റെ ബാലപാഠം പോലും അറിയാത്തവരെ തെറി പറഞ്ഞ് പുറത്താക്കിയിട്ടുമുണ്ട്. എന്നാൽ എഴുത്തിൽ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാൻ മടിക്കാറില്ല. അതിൽ സന്തോഷമേയുള്ളൂ. സ്‌നേഹിക്കാൻ ആൾക്കാർ ഇഷ്ടം പോലെയുണ്ട്. വിളിച്ചാൽ ഓടിയെത്തുന്ന മരുമക്കളും ബന്ധുക്കളും എനിക്കുണ്ട്. ഭാര്യ മരിച്ചതും മക്കളില്ലാത്ത വിഷമവുമൊക്കെ അപ്പോൾ ഞാൻ മറക്കുന്നു.
അഭിമാന മുഹൂർത്തം
കഴിഞ്ഞ വർഷം ഡിസംബർ 13ന് കോട്ടയം എം.ജി സർവകലാശാലയിൽ നടന്ന ഡി ലിറ്റ് ബിരുദദാന ചടങ്ങ് ഒരിക്കലും മറക്കാനാവാത്ത ഒന്നായിരുന്നു. എന്നോടൊപ്പം ലോകത്തിലെ ഏറ്റവും വലിയ ധനികനും ഉദാരമതിയുമായ എം.എ. യൂസഫലിയെയും ഡി ലിറ്റ് ബിരുദം നൽകി ആദരിച്ചിരുന്നു. ഡി ലിറ്റ് നൽകിക്കൊണ്ട് യൂണിവേഴ്സിറ്റി ചാൻസലർ കൂടിയായ അന്നത്തെ ഗവർണർ പി.സദാശിവം ചെയ്ത പ്രസംഗം അഭിമാനത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ. രണ്ട് സാമ്രാജ്യത്തിന്റെ സ്ഥാപകരും അധിപതികളുമാണ് ഇവർ. യൂസഫലി വ്യവസായ സാമ്രാജ്യത്തിന്റെ അധിപനാണെങ്കിൽ പത്മനാഭൻ എഴുത്തിന്റെ സാമ്രാജ്യത്തിന്റെ അധിപനാണ്. ഈ പ്രസംഗം കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നിയിട്ടുണ്ട്. ചടങ്ങ് കഴിഞ്ഞ് സെനറ്റ് ഹാളിലേക്ക് ഗവർണർ, വൈസ് ചാൻസലർ, പ്രൊ.വൈസ് ചാൻസലർ തുടങ്ങിയ പ്രഗത്ഭർക്കൊപ്പം പോകുമ്പോൾ സദസ് മുഴുവൻ വലിപ്പ ചെറുപ്പമില്ലാതെ എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. ആ രംഗം ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. സ്‌നേഹത്തോടെയുള്ള അവരുടെ ആതിഥ്യം എനിക്ക് കിട്ടിയ എത്രയോ അവാർഡുകളെക്കാൾ മഹത്തരമാണ്.
മിത്രങ്ങൾ, ശത്രുക്കൾ
മിത്രങ്ങളെക്കാൾ ശത്രുക്കളാണ് കൂടുതലും. ഞാൻ ആരെയും മിത്രമോ, ശത്രുവോ ആക്കാറില്ല. പ്രശസ്ത നിരൂപകൻ ഡോ. എം.തോമസ് മാത്യു പറഞ്ഞതാണ് ഓർമ്മ വരുന്നത്. എന്നെ കുറിച്ച് ഗവേഷണം നടത്തി അദ്ദേഹം എഴുതിയ ആത്മാവിന്റെ മുറിവുകൾ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു. ഒരു ദിവസം ഒരു ശത്രുവിനെ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിൽ പത്മനാഭന് ഉറക്കം വരില്ലെന്ന്. എനിക്ക് തോന്നിയത് ഞാൻ വിളിച്ചു പറയും. അത് ചിലപ്പോൾ അവർ ഉദ്ദേശിച്ചതു പോലെ വരില്ല. അത് എഴുത്തുകാരനായാലും അല്ലെങ്കിലും. ആരുടെ മുഖത്ത് നോക്കി തെറി പറയാൻ എനിക്ക് യാതൊരു മടിയുമില്ല. ആരെയും സുഖിപ്പിക്കാൻ എന്നെ കിട്ടില്ല. മനസിലൊന്നു വച്ച് പുറത്ത് മറ്റൊന്ന് പറയുന്ന ശീലം എനിക്കില്ല. നിലപാട് കുറെ മൃദുവാക്കാൻ ആഗ്രഹിക്കാറുണ്ട്. പക്ഷേ സഹജമായ ഭാവം മാറ്റാനാകില്ലല്ലോ. ഏറ്റവും വലിയ വളം നിർമ്മാണ കമ്പനിയായ എഫ്.എ.സി.ടിയിലാണ് ഞാൻ ജോലി ചെയ്തിരുന്നത്. അതിന്റെ ചെയർമാനും എം.ഡിയുമായി സംസാരിക്കുമ്പോൾ പോലും എന്റെ സഹജഭാവം കയറി വരും. ഒരു തവണ അദ്ദേഹം പറഞ്ഞു. മിസ്റ്റർ പത്മനാഭൻ നിങ്ങൾ അതിരു കടക്കുന്നു. അപ്പോഴും എനിക്ക് മറുപടിയുണ്ടായിരുന്നു. സർ, പുള്ളിപ്പുലിക്ക് അതിന്റെ പുള്ളി മാറ്റാൻ കഴിയില്ലല്ലോ? അന്നു രാത്രി ഞാൻ സുഖമായി ഉറങ്ങി. പറയേണ്ടത് പറഞ്ഞില്ലെങ്കിൽ പിന്നെ മനസിൽ അസ്വസ്ഥത നിറയും. പറഞ്ഞ് തീർന്നാൽ പിന്നെ മനസമാധാനമായി. എന്റേതാണ് ശരി, ഞാൻ ചെയ്യുന്നതാണ് ശരി എന്ന വാശിയൊന്നുമില്ല. പക്ഷേ പറയേണ്ടത് മനസിൽ വെക്കാറില്ല. ആരായാലും മുഖത്ത് നോക്കി പറയും. അതിന്റെ അനന്തര ഫലങ്ങളൊന്നും അപ്പോൾ ആലോചിക്കാറില്ല. പക്ഷെ എന്റെയടുത്ത് തെറ്റു പറ്റിയാൽ അതു ചൂണ്ടിക്കാട്ടിയവരോട് എനിക്ക് സ്‌നേഹമേയുള്ളൂ. സ്വന്തം കാര്യ സാദ്ധ്യത്തിനു വേണ്ടി വിശ്വാസങ്ങളെ ഒരിക്കലും ബലി കൊടുക്കാറില്ല. ഇത്തരം സ്വഭാവങ്ങൾ കൊണ്ട് ഭൗതികമായ നിരവധി നഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. എന്നാൽ പ്രതികരിക്കുന്ന കാര്യത്തിൽ ഞാൻ ലാഭനഷ്ടങ്ങൾ നോക്കാറില്ല. ചില വലിയ പുരസ്‌കാരങ്ങൾ പോലും ഇങ്ങനെ നഷ്ടമായിട്ടുണ്ട്. എനിക്ക് അതു കിട്ടില്ലെന്നു അറിഞ്ഞിട്ടും ശൈലി മാറ്റാൻ ഞാൻ തയ്യാറായിട്ടില്ല. കാണുന്ന എല്ലാവരെയും സ്‌നേഹിക്കാൻ എനിക്ക് അറിയില്ല. എന്നോട് സംസാരിക്കാൻ ഭയമാണെന്നൊക്കെ ചിലർ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഭയക്കേണ്ട കാര്യമൊന്നുമില്ലെന്നും ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്. ആരെയും സുഖിപ്പിച്ചിട്ട് സംസാരിക്കാറില്ല. അതെന്റെ ശക്തിയും ദൗർബല്യവുമാണ്.
നന്ദി എല്ലാവരോടും
നന്ദിയും കടപ്പാടും എല്ലാവരോടുമുണ്ട്. ആരോടും നന്ദികേട് കാണിക്കാറില്ല. അങ്ങനെ കാണിക്കുന്നവൻ മനുഷ്യനല്ല, മൃഗമാണ് എന്നു പറഞ്ഞാൽ മൃഗത്തിനും അപമാനമാണ്. എല്ലാവരും മറ്റുള്ളവരിൽ നിന്നും സഹായം തേടുന്നവരാണ് എന്ന ബോദ്ധ്യം എനിക്കുണ്ട്. എന്നെ സഹായിച്ചവരെ ഞാൻ എന്നും ഓർക്കാറുമുണ്ട്. ഇതിനിടെ തളിപ്പറമ്പ് മൂത്തേടത്ത് സ്‌കൂളിന്റെ ജൂബിലി ആഘോഷത്തിന് പോയപ്പോൾ നിയമപഠനകാലത്തെ പഴയ സഹപാഠിയായ അഡ്വ. ശ്രീധരൻ നമ്പ്യാരെ കാണാനിടയായി. അറുപത് വർഷത്തിലേറെയായി ഞങ്ങൾ നേരിട്ട് കണ്ടിട്ട്. 1953 ൽ കാശ്മീരിൽ യാത്ര പോയത് ശ്രീധരൻ നമ്പ്യാരുടെ വൂളൻ സ്യൂട്ടും കൗമുദി ബാലകൃഷ്ണൻ തന്ന 300 രൂപയും കൊണ്ടായിരുന്നു. തണുത്ത് വിറച്ച സമയത്ത് ശ്രീധരൻ നമ്പ്യാരുടെ വൂളൻ സ്യൂട്ടില്ലെങ്കിൽ ഒരു പക്ഷെ കാശ്മീരിൽ നിന്നു തിരിച്ചെത്തില്ലായിരുന്നു. മഖൻ സിംഗിന്റെ മരണം പോലുള്ള കഥകൾ രൂപപ്പെട്ടതും ഈ യാത്രയിൽ നിന്നായിരുന്നു. കൗമുദി ബാലകൃഷ്ണന്റെ സഹായവും നമ്പ്യാരുടെ വൂളൻ സ്യൂട്ടുമില്ലെങ്കിൽ ഞാൻ അന്നു കാശ്മീർ കാണില്ലായിരുന്നു. ശ്രീധരൻ നമ്പ്യാരോട് പഴയ കഥ പങ്കുവയ്ക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും ജൂബിലി ആഘോഷത്തിന്റെ തിക്കിലും തിരക്കിലും പെട്ട് അയാൾ അകന്നു പോയിരുന്നു. അതെനിക്ക് വല്ലാത്ത വിഷമമായി. പറയാൻ ബാക്കിവച്ചതിന് ഇനി ഒരു അവസരം കിട്ടുമോ ആവോ? ഒരു മരുഭൂമി യാത്രയിൽ ഒരിറ്റ് വെള്ളം തന്നാൽ അതിനു എത്ര വിലയുണ്ടെന്ന് പറയാൻ കഴിയുമോ? മരിക്കുമെന്ന അവസ്ഥയിൽ കിട്ടുന്ന ഒരിറ്റ് വെള്ളത്തിന് എത്ര കോടികളുടെ വില പറയാൻ കഴിയും? മലയാളിയുടെ മുഖമുദ്ര നന്ദികേടാണ്. അങ്ങനെയുള്ള എത്രയോ അനുഭവങ്ങളുണ്ട്. സാഹിത്യകാരനും നന്ദികേട് ആകാം. പക്ഷെ ഞാൻ ആ ഗണത്തിൽപെടുന്നതല്ല.
ഒറ്റപ്പെടൽ കൂടെപ്പിറപ്പ്
എന്നും ഒറ്റപ്പെടൽ തന്നെയാണ് കൂടപ്പിറപ്പ്. എന്നും ആത്മാവിൽ ഒറ്റപ്പെട്ടവൻ തന്നെയാണ് ഞാൻ. എന്നാൽ ഒറ്റപ്പെടാൻ വേണ്ടി ഒരിക്കലും ആ രീതിയിൽ പോകാറില്ല. എഴുത്തുകാരനായതു കൊണ്ട് അൽപ്പം ഒറ്റപ്പെടൽ ആകാം എന്ന ചിന്ത ഒരിക്കലുമുണ്ടായിട്ടില്ല. അതു സ്വാഭാവികമായുണ്ടാകുന്നതാണ്. ഈ ഒറ്റപ്പെടൽ ഒരിക്കലും ഒരു ഭാരമായി തോന്നിയിട്ടുമില്ല. ഒറ്റപ്പെട്ടവന്റെ കലാപമാണ് ചെറുകഥ എന്നാരോ പറഞ്ഞിട്ടുണ്ട്.
വിശ്വാസത്തെ അംഗീകരിക്കണം
വിശ്വാസം ആവശ്യമാണ്. പക്ഷെ അതു അയൽവാസിക്ക് ശല്യമാകരുത്. അത്തരമൊരു വിശ്വാസത്തെ അംഗീകരിക്കാവുന്നതാണ്. വിശ്വാസികൾക്കുള്ള ഇടമാണ് ശബരിമല, ആക്ടിവിസ്റ്റുകൾക്കുള്ളതല്ല. ബിന്ദു അമ്മിണി ശബരിമലയിൽ കയറിയപ്പോൾ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ.ബാലനും സ്വീകരിച്ച നിലപാടുകൾ അംഗീകരിക്കാവുന്നതാണ്. യാത്ര പറഞ്ഞിറങ്ങുമ്പോൾ പട്ടിക്കൂട്ടങ്ങളും പൂച്ചകളും കയറി വന്നു. മുരിങ്ങമരത്തിൽ വെയിൽ ചാഞ്ഞു തുടങ്ങിയിരുന്നു. പത്മനാഭന്റെ കഥയുടെ സൗരഭ്യം പരത്തി മന്ദാരപ്പൂക്കൾ മുറ്റത്ത് വിടർന്നു നിന്നു...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |