എഴുത്താണി കേക്ക് എന്ന് കേട്ടാൽ ഗൾഫിലും അമേരിക്കയിലുമുള്ള മലയാളികളുടെ വായിൽ കപ്പലോടും, കാരണം കൊല്ലം ജില്ലയിലെ എഴുത്താണി കടയെന്ന കൊച്ചു ഹോട്ടലിലെ വെട്ടുകേക്ക് പ്രവാസികളിലൂടെയാണ് ലോകം മുഴുവനും ഖ്യാതി പടർത്തിയത്. കടൽ കടന്ന ഈ രുചിക്ക് എഴുപത്തിയൊന്ന് വയസ് പ്രായമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഒരു പക്ഷേ പ്രയാസമാവും. ദിനം പ്രതി അയ്യായിരത്തോളം വെട്ടുകേക്കുകൾ ഈ കൊച്ചു കടയിൽ നിന്നും വിറ്റഴിയുന്നു എന്ന് അറിയുമ്പോൾ തന്നെ സംഭവം എത്ര സ്‌പെഷൽ ആണെന്ന് ഊഹിക്കാമല്ലോ. എഴുത്താണിക്കടയിലെ രുചി വിശേഷങ്ങൾ നേരിട്ടറിഞ്ഞ് അനന്തപുരിയിലെ രുചിക്കൂട്ടായ്മയിലൂടെ പങ്കു വച്ചിരിക്കുകയാണ് അരുൺ കടയ്ക്കൽ. എഴുത്താണിയുടെ രുചിവിശേഷം അരുണിന്റെ എഴുത്തിലൂടെ അറിയാം
എഴുത്താണിക്കട കടൽ കടന്ന രുചിയുടെ 71 വർഷങ്ങൾ !!
=====================
ബിരിയാണിയ്ക്ക് തലശ്ശേരി എന്ന പോലെ, ഹൽവയ്ക്ക് കോഴിക്കോട് എന്ന പോലെ വെട്ടു കേക്കിന്റെ തറവാടാണ് കൊല്ലം കേരളപുരത്തെ എഴുത്താണി എന്ന കട... കട എന്നൊക്കെ പറഞ്ഞാൽ ഒരു പേരു പോലും ഇല്ലാത്ത കട ഒരു ബോർഡു പോലും ഇല്ലാത്ത കട... ഇന്നും നീല പെയിന്റ് ഉള്ള തടിയുടെ പാളി അടപ്പാണ് ഉള്ളത്... ഇതുപോലെ ഒന്നുള്ളത് തിരുനെൽവേലി ഇരുട്ടുകടൈ ആണ് ഇന്നും തടിയുടെ ആ പഴയ അടപ്പു മാത്രം...
പിന്നെ പൊന്നുങ്കുടത്തിനു എന്തിനാ.... ആ അത് തന്നെ :)
അപ്പോ പിന്നെ എഴുത്താണി കടയെന്ന പേരോ? അത് തുടങ്ങിയ കാലം തൊട്ടേ നാട്ടുകാർ എങ്ങനെയോ ഇട്ട പേരാണ്.. (ഇപ്പോൾ ഇതിന്റെ പേരിൽ കടകൾ എഴുത്താണിക്കട എന്നൊക്കെ പേരു വച്ചു തുറന്നിട്ടുണ്ട്.. തിരുനെൽവേലി ഹൽവ പോലെ ഒറിജിനൽ ഒരിടത്തേ ഉള്ളു.. ഒറിജിനലിനു പേരില്ലാത്തോണ്ട് പലരും അത്രയും ദൂരം സഞ്ചരിച്ചു പുതിയ കടകളിൽ ചെന്നെത്താറുണ്ട്...) പഴയ എഴുത്താണിക്കട ചോദിച്ചറിയണം ഇല്ലേൽ old ezhuthanikkada എന്ന് ഗൂഗിൾ മാപ്പ് കാണിക്കും.
ചരിത്രം പറഞ്ഞാൽ സ്വാതന്ത്ര്യത്തിനും ഒരു വർഷത്തിന് ശേഷം, കൃത്യമായി പറഞ്ഞാൽ 1948 മീരൻ സാഹിബ് തുടങ്ങിയ നാടൻ ചായക്കട ഇപ്പോഴും അതിനെ ഭംഗിയും ഗൃഹാതുരതയും ചോരാതെ ഇപ്പോഴും പ്രവർത്തിക്കുന്നു... മീരാൻ സാഹിബിന്റെ മകനാണ് ഇപ്പോൾ ഇവിടെ കാര്യങ്ങളൊക്കെ നോക്കുന്നത്. ദിവസവും മൂവായിരം മുതൽ അയ്യായിരത്തിലധികം വെട്ടു കേക്കുകൾ ദിവസവും ഇവിടെ നിന്ന് വിറ്റു പോകുന്നുണ്ട്.... അതിശയോക്തി തോന്നിയോ ഞെട്ടണ്ട ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവർ തിരുവനന്തപുരം മുതൽ എറണാകുളം വരെ ഉള്ള എഴുത്താണി കേക്ക് ആരാധകരായിട്ടുള്ള പ്രവാസികൾ ഇതും പാക്ക് ചെയ്തല്ലാതെ ലീവ് കഴിഞ്ഞു പോകില്ല... തൃശൂരും കാസർഗോഡ് നീലേശ്വരം മഞ്ചേശ്വരം ഭാഗത്തും ഒക്കെ ഇത് സ്ഥിരം വാങ്ങുന്ന കട്ട ആരാധകർ ഉണ്ടെന്നു അറിയുമ്പോഴേ നമ്മളിൽ ചിലർക്കെങ്കിലും ഇതു വരെ അറിയാതെ പോയതിന്റെ അത്ഭുതവും വിഷമവും മനസ്സിലാവൂ... കൊല്ലം ഭാഗത്തു വയറ്റു പൊങ്കാല, കല്യാണം, പാലുകാച്ചൽ, പെണ്ണുകാണൽ തുടങ്ങി എല്ലാത്തിലും ഇവിടുത്തെ കേക്കും പ്രഥമ സ്ഥാനിയാണ്.. ഒരു 11 മണി മുതൽ ആണ് പ്രധാന സമയം തുടങ്ങുക രാത്രി 11 വരെ ഒക്കെ പോകും.
കോട്ടയം അയ്യപ്പാസ് പോലെയാണ് കട പുറത്ത് നിന്നു നോക്കിയാൽ പഴയ നാടൻ റേഷൻ കട പോലെ തോന്നും.. ഫാമിലി ആയി വരുമ്പോ ഉള്ളിൽ സ്ഥലം ഉണ്ടോ ഈ പെട്ടിക്കടയിൽ എന്ന് തോന്നും പക്ഷേ ഉള്ളിൽ ഒരേ സമയം 40 പേർക്ക് കഴിക്കാൻ ഉള്ള സ്ഥലം ഉണ്ട്..
ഇനി വിഷയത്തിലേക്ക് വരാം മെനു ഒന്നും ഇല്ല അവിടെ ഓരോ ആരാധകനും അവിടെ കിട്ടുക രണ്ടു കോമ്പിനേഷൻ ആണ്. (ഒരു വില വിവര പട്ടിക പ്രദർശിപ്പിച്ചിട്ടുള്ളതിൽ അപ്പവും ദോശയും കാണാമെങ്കിലും അവ ഉണ്ടാകില്ല.. സപ്ലൈയറോട് ചോദിച്ചപ്പോൾ ഇതാണ് സ്പെഷ്യൽ ഇവിടുത്തെ മെയിൻ ഇതാണ് എന്ന് മറുപടി. എനിക്ക് തോന്നുന്നത് മറ്റേതിനൊക്കെ ചിലവ് കുറവോ ആവശ്യക്കാർ കുറവോ ആകാം.. എന്തായാലും അറിയപ്പെടുന്നത് പൊറോട്ട ഇടിയപ്പം മട്ടൻ കേക്ക് എന്നിവക്കാണ് )
1. വേറെ ഒരിടത്തും കിട്ടാത്ത പുറം ക്രിസ്പി ആയ അകം പൂ പോലെ സോഫ്റ്റ് രുചിയുടെ കേദാരമായ വെട്ടു കേക്കും ഒന്നാന്തരം എഴുത്താണി സ്പെഷ്യൽ ചായയും
2. സോഫ്റ്റ് ആയ കുഞ്ഞൻ പൊറോട്ടയും (കോയിൻ പൊറോട്ടയെക്കാൾ വലുതും റെഗുലർ പൊറോട്ടയെക്കാൾ ചെറുതും ആണ് ) കിക്കിടിലം മട്ടൺ കറിയും.. പൊറോട്ട വേണ്ടാത്തവർക്ക് ഇടിയപ്പം, മട്ടൻ പറ്റാത്തവർക്ക് മുട്ടക്കറി.
ഇത്രയും ആണ് ഇവിടുത്തെ മെനു.. ചോറോ ബിരിയാണിയോ ദോശയോ പ്രതീക്ഷിച്ചു പോവണ്ട കിട്ടില്ല... ലാലേട്ടൻ പറയും പോലെ അതാ ശീലം... പക്ഷേ മതിയല്ലോ ആ കുഞ്ഞൻ പൊറോട്ടയുടെ പതു പതുപ്പിൽ കിടിലൻ മട്ടൻ കറി ഒഴിക്കണം കൂടെ എന്നിട്ട് ഒന്ന് കുതിർത്തു എടുത്തിട്ട് വെന്തു മസാല കയറിയ മട്ടൻ കഷണം ഉള്ളിൽ കയറ്റി വായിലേക്കൊന്നു വെച്ചു ചവക്കുമ്പോൾ രുചിയുടെ ആറാട്ടാണ്...
പപ്പടം ആണ് കൂടെ കൊടുക്കുക.. വേണ്ട എങ്കിൽ അവർ അത് വെക്കില്ല..
മട്ടൻ അവർ തന്നെ വാങ്ങി അറുത്തെടുത്ത് ആണ് കറി വെച്ച് വിളമ്പുന്നത്... ശുദ്ധത ഉറപ്പാക്കാൻ അതേ ഉള്ളു മാർഗം... മട്ടൻ കറി കുഞ്ഞൻ 4 പൊറോട്ടക്ക് ഉള്ളതാണ് ഒരുപാട് ഉണ്ടാകില്ല.. 140 രൂപയുടെ അളവാണ്..ഒരു 5-7 ചെറിയ കഷണങ്ങളെ ഉണ്ടാകൂ... മട്ടൻ 700 രൂപ ആകുമ്പോ കലർപ്പില്ലാതെ അത്രയല്ലേ പ്രതീക്ഷിക്കേണ്ടൂ.. അപ്പോ മട്ടൻ സ്നേഹികൾ രണ്ടു പ്ലേറ്റ് പറയുക..
ഇനി അത്രയും രൂപ ഇല്ലെങ്കിലോ, ആദ്യം വാങ്ങിയ മട്ടൻ കറി തീർന്നാലോ? പേടിക്കേണ്ട നല്ല ഒന്നാന്തരം മട്ടൻ ഗ്രേവി തരും ഫ്രീ ആയി.. വെള്ളം അല്ല കുറുകിയ ഒറിജിനൽ മട്ടൻ ഗ്രേവി.. ശെരിക്കും ആ ഗ്രേവി മാത്രം മതി അത്രക്ക് ഒറിജിനൽ ഗ്രേവിയാണ് അതുകൊണ്ട് എക്സ്ട്രാ പ്ലേറ്റ് വാങ്ങണം എന്ന ആ ടെൻഷൻ വേണ്ട...
പൊറോട്ടയും മട്ടനും കഴിച്ചു കളറായി ഇരിക്കുമ്പോൾ നിങ്ങൾ ഒന്നോ രണ്ടോ വെട്ടു കേക്കും ചായയും ഓർഡർ ചെയ്യണം.. അപ്പോ വരും താരം ഒരു പ്ളേറ്റിൽ വെട്ടുകേക്കുകളുടെ രാജാവ്...8 രൂപയാണ് കക്ഷിയുടെ വില എന്താണെന്നല്ലേ ഇത്ര വ്യത്യാസം.. പറയാം
താറാവിന്റെ മുട്ടയും ഏലക്കാപൊടിയും പഞ്ചസാരയും മൈദയും സോഡാപൊടിയും മാത്രമാണ് വെട്ടുകേക്കിന്റെ ചേരുവകൾ. ഇത്രയും ചേരുവകൾ നന്നായി കുഴച്ച്, കൂട്ടി യോജിപ്പിച്ച് നീളത്തിൽ, അല്പം കനത്തിൽ പരത്തി മുറിച്ചെടുത്തതിന് ശേഷം, മുറിച്ചെടുത്ത കഷ്ണത്തിൽ ചെറിയൊരു വെട്ടു നൽകിയാണ് തിളയ്ക്കുന്ന എണ്ണയിലേക്കിടുന്നത്. എണ്ണയിൽ വീണു കഴിയുമ്പോൾ, വെട്ടു നൽകിയ ഇരുകഷ്ണങ്ങളായിവന്ന സുന്ദരൻ ആണിവൻ സാധാരണ വെട്ടു കേക്കുകൾ നല്ല ഹാർഡ് ആയിരിക്കും കൂടുതൽ സോഫ്റ്റ് ആക്കാൻ മുട്ടയോ സോഡാപ്പൊടി കൂടുതൽ ചേർത്താൽ ഇതിലൊന്നിന്റെ ചുവ അധികരിച്ച് രുചി ചവർപ്പാകും.. ഇവിടെ അങ്ങനെ അല്ല ചെറിയ ഒരു പഞ്ചസാര/ശർക്കര പാനി പോലെ എന്തോ ഒന്ന് പുറത്തുണ്ട് അതാണ് ഇത്ര ക്രിസ്പി ആയ പുറവും പൂ പോലെയുള്ള അകവും... ആ അടിച്ചു പതപ്പിച്ചു ചായയും കൂടെ കേക്കും സുഖം അന്തസ്സ്...
വ്യക്തിപരമായി വഴിയോരക്കട വിജയണ്ണന്റെ ചായയും എഴുത്താണിക്കട ചായയും വിശ്വസിച്ച് രുചിയോടെ കുടിക്കാൻ ഇഷ്ടമാണ്..
ഡെയിലി 3000-5000 കേക്ക് വിൽക്കുന്നു എന്ന് പറയുമ്പോ ഊഹിക്കാമല്ലോ റേഞ്ച്... കണ്ണാടി കൂടിലെ കേക്ക് തീരുമ്പോൾ നല്ല അലുമിനിയം ചരുവത്തിൽ കൊണ്ടു വന്നു നിറയ്ക്കും വീണ്ടും..
അവസാനം ബിൽ ഒക്കെ ഒരു എഴുതിക്കൂട്ടൽ ആണ് വിലവിവരം പ്രദർശിപ്പിച്ചിട്ടുണ്ട്.. ആകെ ഒരു പോരായ്മ ഉള്ളത് ബിൽ കൊടുക്കാൻ ഒരല്പ നേരം തിരക്കിൽ വേണ്ടി വരും പ്രിന്റഡ് അല്ലാത്തോണ്ട്..
കൊട്ടാരക്കര - കൊല്ലം ദേശീയ പാതയിൽ ആണ് ഈ കട കുണ്ടറ നിന്നും 3 കിലോമീറ്റർ കൊല്ലം നഗരത്തിൽ നിന്നും പത്തു കിലോമീറ്ററോളം ദൂരം.
അപ്പോ ഈ വഴി ഓരോ രുചി പ്രേമിയും തേടണം... ഗൾഫ് രാജ്യങ്ങളും ജപ്പാനും അമേരിക്കയും വരെ അറിഞ്ഞ രുചി.. ഒറിജിനലും പകർപ്പും ഒക്കെ ചിത്രങ്ങളിൽ ഉണ്ട്.. ഇതൊരിക്കൽ എങ്കിലും കഴിച്ചിരിക്കണം അര നൂറ്റാണ്ടിനു മേലെ ഒന്നോ രണ്ടോ വിഭവങ്ങൾ കൊണ്ട് കേരളവും ഇന്ത്യയും കടന്ന് പുറം രാജ്യങ്ങൾ വരെ എത്തി എങ്കിൽ അവരുടെ കാര്യശേഷിയും രുചിയും ക്വളിറ്റിയും മാത്രമാണ് മാനദണ്ഡം...
അപ്പോ എങ്ങനാ പോകുവല്ലേ..
ലൊക്കേഷൻ
Ezhuthanikada - Old Restaurant
Kollam - Thirumangalam Rd, Keralapuram, Kerala 691014
094957 52897
https://maps.app.goo.gl/Js2gxBrLN7SU5sqS7
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |