തിരുവനന്തപുരം : വിവിധ മേഖലകളിൽനിന്നുള്ളവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് കരിയർ നയം പ്രഖ്യാപിക്കുന്നതോടെ വിദ്യാഭ്യാസ നൈപുണ്യ വികസന തൊഴിൽ മേഖലയിൽ കേരളം രാജ്യത്തിനു മാതൃകയാകുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കരിയർ നയത്തിന്റെ കരട് സമീപന രേഖ സംബന്ധിച്ച് തലസ്ഥാനത്ത് നടന്ന ഏകദിന ശിൽപശാലയുടെ സമാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രൂപീകരണം പൂർത്തിയാകുമ്പോൾ കരിയർ നയം പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. കരട് സമീപന രേഖ പൂർണതയിലെത്തുന്നതിന് സർക്കാരിന്റെ വിവിധ വകുപ്പുകളുമായും കൂടിയാലോചന നടത്തും. പൊതു - ഉന്നത വിദ്യാഭ്യാസ വകുപ്പുകളുമായി തുടർചർച്ചകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, അഡീ. ചീഫ് സെക്രട്ടറി സത്യജീത് രാജൻ, ജോർജ് കെ. ആന്റണി (കിലെ), എൻ.പി. ചന്ദ്രശേഖരൻ (കൈരളി), ജെ. പ്രസാദ് (എസ്.സി.ഇ.ആർ.ടി) അഹമ്മദ്കുട്ടി ഉണ്ണികുളം എന്നിവരായിരുന്നു ചർച്ചയുടെ മോഡറേറ്റർ പാനൽ അംഗങ്ങൾ. ആസൂത്രണ ബോർഡ് അംഗങ്ങൾ, വിദ്യാഭ്യാസ, തൊഴിൽ, നൈപുണ്യ വികസന, ആരോഗ്യ, നിയമ, കരിയർ മേഖലകളിലെ വിദഗ്ധർ, തൊഴിലാളി - സർവീസ് - യുവജന സംഘടനാ പ്രതിനിധികൾ, മാദ്ധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |