തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം യോജിച്ച് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിസഭാംഗങ്ങളും കക്ഷിനേതാക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തുമെന്ന് മന്ത്രി ഇ.പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോപം സംഘടിപ്പിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിസഭാംഗങ്ങളും കക്ഷിനേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും.
നാനാത്വത്തില്‍ ഏകത്വം എന്ന ആത്മാവില്‍ ജീവിക്കുന്ന ജനാധിപത്യ ഇന്ത്യയുടെ കഴുത്തറക്കാന്‍ ഒരുങ്ങുന്ന നീചശക്തികള്‍ക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. പൗരത്വ ഭേദഗതി ബില്‍ ഉപയോഗിച്ച് മുസ്ലിം സമുദായത്തെ വേട്ടയാടാനും വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്താനുമാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്. മതനിരപേക്ഷത ജീവശ്വാസമായ ഇന്ത്യന്‍ ജനതയുടെ ഐക്യത്തെ തകര്‍ക്കുന്നവര്‍ക്കെതിരെ ഐക്യപ്പെടുകയാണ് കേരളം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
ചരിത്രബോധം അകലെ നിര്‍ത്തിയിരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ അവ പൊടിതട്ടിയെടുക്കണം. സ്വാതന്ത്ര്യ സമരവും ബ്രിട്ടീഷ് സാമ്രാജത്വത്തിനെതിരെയുള്ള പോരാട്ടങ്ങളും പരിശോധിച്ചാല്‍ ആരാണ് ഈ രാജ്യത്ത് അര്‍ഹതപ്പെട്ടവര്‍ എന്ന് മനസ്സിലാകും. അതിനപ്പുറം മറ്റൊരു രേഖയും ഈ രാജ്യത്തിന്റെ പൗരന്‍മാരായി നില്‍ക്കാന്‍ നിങ്ങള്‍ ആട്ടിപ്പായിക്കാന്‍ ശ്രമിക്കുന്ന വിഭാഗങ്ങള്‍ക്ക് വേണ്ട. ഒപ്പം സ്വന്തം ചരിത്രം പരിശോധിച്ചാല്‍ ആരാണ് ഈ രാജ്യത്തിന് അന്യം നില്‍ക്കുന്നതെന്നും ആരാണ് ഈ രാജ്യത്തെ ഒറ്റിക്കൊടുത്തവരെന്നും അറിയാം. ആരാണ് രേഖകള്‍ കൊണ്ട് വന്ന് പൗരത്വം തെളിയിക്കേണ്ടതെന്നും മനസ്സിലാകും. ജനങ്ങളെ മറന്ന് അധികാരമത്തില്‍ ഏകാധിപതികളായവരാരും ലോകം ജയിച്ചിട്ടില്ല എന്ന് മാത്രമല്ല ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് എല്ലാകാലവും അവരുടെ സ്ഥാനം. ഇത്തരത്തില്‍ ഭരണഘടനാ വിരുദ്ധമായ നിയമത്തിന് കേരളത്തില്‍ സ്ഥാനമില്ല. അത് കേരളത്തില്‍ നടപ്പാക്കനാവാത്തതുമാണെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
സാംസ്‌കാരിക-കലാ-സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ടികളിലും സംഘടനകളിലും പെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതിയുടെ പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാകും. പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും ഐക്യപ്പെടാന്‍ മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |