
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജനുവരി 24ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 2045-ൽ പൂർത്തിയാക്കാൻ വിഭാവനം ചെയ്ത പദ്ധതികൾ 17 വർഷം മുൻപേ, 2028-ൽ തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നാടിന്റെ വികസനക്കുതിപ്പിന് വേഗം കൂട്ടാൻ എൽ.ഡി.എഫ് സർക്കാർ പുലർത്തുന്ന ഇച്ഛാശക്തിയ്ക്ക് അടിവരയിടുന്ന നേട്ടമാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം യാഥാർത്ഥ്യമാകരുതെന്ന് ആഗ്രഹിച്ചവർ പലതായിരുന്നു. എന്നാൽ ഇത്തരം ഗൂഢശ്രമങ്ങളെയെല്ലാം അതിജീവിച്ചാണ് നാടിന്റെ ഈ സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കിയതെന്ന് പിണറായി വിജയൻ പറഞ്ഞു. അതേസമയം വിഴിഞ്ഞത്തോടുള്ള കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക അവഗണനകൾ ഇപ്പോഴും തുടരുകയാണ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (VGF) ഗ്രാന്റായി നൽകണമെന്ന സാമാന്യ തത്വത്തിന് വിരുദ്ധമായി, അത് പലിശ സഹിതം പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന വിചിത്രമായ നിബന്ധനയാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്. നിലവിലെ നിബന്ധനകൾ അംഗീകരിച്ചാൽ കേന്ദ്രം നൽകുന്ന 817.80 കോടി രൂപയ്ക്ക് പകരമായി ഏതാണ്ട് 12,000 കോടി രൂപ വരെ തിരിച്ചടയ്‌ക്കേണ്ടി വരുന്ന സാഹചര്യം കേരളത്തിന് മേൽ അടിച്ചേൽപ്പിക്കുകയാണ്. തൂത്തുക്കുടി പോലുള്ള തുറമുഖങ്ങൾക്ക് നൽകാത്ത നിബന്ധനകൾ കേരളത്തിന് മേൽ മാത്രം അടിച്ചേൽപ്പിക്കുന്നത് രാഷ്ട്രീയ പകപോക്കലണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കേന്ദ്ര സർക്കാരിന് പ്രതിവർഷം 6000 കോടി രൂപയുടെ അധിക വരുമാനം വിഴിഞ്ഞം തുറമുഖം വഴി ലഭിക്കുമെന്നിരിക്കെയാണ് സംസ്ഥാനത്തിന് മേൽ കേന്ദ്രം അധിക ബാദ്ധ്യത ചുമത്തുന്നത്. കേരളവും വിജിഎഫ് ഗ്രാന്റ് വിഴിഞ്ഞത്തിനായി നല്‍കുന്നുണ്ട്. അതിനു പുറമേ സംസ്ഥാന സർക്കാർ ഇതുവരെ 4777.14 കോടി രൂപയാണ് ഈ പദ്ധതിക്കായി നേരിട്ട് മുടക്കിയത്. ഇതിൽ ബ്രേക്ക് വാട്ടറിനായി 1726.34 കോടിയും, ഭൂമി ഏറ്റെടുക്കാൻ 1115.73 കോടിയും, റെയിൽ കണക്ടിവിറ്റിക്കായി 1213.66 കോടിയും, സോഷ്യൽ വെൽഫെയർ പാക്കേജിനായി 123.6 കോടി രൂപയും ഉൾപ്പെടുന്നു. കേവലം ഒരു വർഷത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവർത്തനം കൊണ്ട് തന്നെ ലോകത്തെ വിസ്മയിപ്പിച്ച നേട്ടങ്ങളാണ് വിഴിഞ്ഞം കൈവരിച്ചത്. : വെറും 10 മാസം കൊണ്ട് 10 ലക്ഷം കണ്ടെയ്‌നറുകൾ എന്ന നാഴികക്കല്ല് പിന്നിട്ട വിഴിഞ്ഞം, ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രാഫിക് വളർച്ചയുള്ള തുറമുഖമായി മാറിക്കഴിഞ്ഞു.
രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ ശേഷി 10 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു-വിലേക്ക് ഉയരും. 9700 കോടി രൂപയുടെ നിക്ഷേപത്തിൽ 2000 മീറ്റർ ബെർത്ത് സജ്ജമാകും. മൂന്ന് കിലോമീറ്റർ നീളമുള്ള ബ്രേക്ക് വാട്ടർ നാല് കിലോമീറ്ററായും വികസിപ്പിക്കും. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നീ അത്യാധുനിക സൗകര്യങ്ങൾ കൂടി വരുന്നതോടെ ലോകത്തെ മുൻനിര ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബുകൾക്ക് വിഴിഞ്ഞം ശക്തമായ വെല്ലുവിളിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |