തിരുവനന്തപുരം: മലയാള കവിതയ്ക്ക് നവീനാനുഭവം നൽകിയ കവിയാണ് അയ്യപ്പപ്പണിക്കരെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അഞ്ചാമത് സ്വാതി - അയ്യപ്പപ്പണിക്കർ പുരസ്‌കാരം കവി റഫീക്ക് അഹമ്മദിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
കവിതയുടെ ഉപാസകനായിരുന്നു അയ്യപ്പപ്പണിക്കർ. മലയാള കവിതയെ ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും നയിച്ച അദ്ദേഹം സ്വന്തം നിലപാടുകൾ തുറന്നു പറയാൻ മടിച്ചില്ല. കവിതയിലൂടെ എങ്ങനെ രാഷ്ട്രീയം പറയാമെന്ന് അദ്ദഹം കാണിച്ചുതന്നു. കവിതകളിലൂടെ നവീനാനുഭവം പകരുന്ന കവിയാണ് റഫീക്ക് അഹമ്മദും- കടകംപള്ളി പറഞ്ഞു.
കവിയും ചലച്ചിത്ര സംവിധായകനുമായ ശ്രീകുമാരൻ തമ്പി അനുസ്മരണ പ്രഭാഷണം നടത്തി. അയ്യപ്പപ്പണിക്കർക്കു പിന്നാലെ നടന്ന എല്ലാവർക്കും അയ്യപ്പപ്പണിക്കരാകാൻ കഴിഞ്ഞില്ലെന്നും വൃത്തമില്ലാത്ത ഗദ്യം മുറിച്ചുവച്ചാൽ കവിതയാകുമെന്ന് ധരിക്കുന്നവർ ഒരുപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംവേദനമാണ് സാഹിത്യത്തിന്റെ പ്രധാന ലക്ഷ്യം. എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ എഴുതുന്ന കവിയാണ് റഫീക്ക് അഹമ്മദ്. പാരമ്പര്യത്തെ പാടെ നിക്ഷേധിക്കാതെ ആധുനികതയെ പുണരുന്ന രചനകളാണ് റഫീക്കിന്റേതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.
എഴുത്തുകാരന് ഇത് നല്ല കാലമല്ലെന്ന് പുരസ്കാരം സ്വീകരിച്ച് റഫീക്ക് അഹമ്മദ് പറഞ്ഞു. കഥയിൽ ഒരു പേരെഴുതിയാൽപ്പോലും അത് മതത്തിന്റെ അടയാളമായി കാണുന്നു. മതവികാരം വ്രണപ്പെടുന്നു. ഇത്രപെട്ടന്ന് വ്രണപ്പെടുന്നതാണോ മതവിശ്വാസം? ഇത് എഴുത്തിനെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. എൻ.കൃഷ്ണപിള്ള സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ഡോ.അജയപുരം ജ്യോതിഷ്‌കുമാർ അദ്ധ്യക്ഷനായി. കോർഡോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺ എ ഉണ്ണിത്താൻ ആശംസയർപ്പിച്ചു. സ്വാതി സെക്രട്ടറി എം. പ്രേംകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ആർ. രമേശ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |