സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വികസനം മുരടിക്കാതിരിക്കാൻ സംസ്ഥാനസർക്കാർ ആവിഷ്ക്കരിച്ച കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിനെ (കിഫ്ബി) സർക്കാർ രൂപീകരിച്ച അന്നു മുതൽ ഇക്കഴിഞ്ഞ മസാല ബോണ്ട് ഇഷ്യൂ വരെ കിഫ്ബിയെ നിരന്തരം വിവാദങ്ങൾ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. നിയമസഭയിലെ നിരന്തരവിമർശനങ്ങൾക്ക് പുറമെ ഏറ്റവുമൊടുവിൽ പ്രതിപക്ഷം കൊണ്ടുവന്ന ധവളപത്രം വരെ കിഫ്ബിയെ വിമർശിക്കുകയാണ്. ഇതെല്ലാം പൊതുജനങ്ങൾക്കിടയിൽ കിഫ്ബിക്ക് സംശയത്തിന്റെ പുകമറയാണ് നൽകുന്നത്. എന്നിരുന്നാലും കിഫ്ബിയുടെ പ്രവർത്തനശൈലിയേയോ, അത് സംസ്ഥാനത്തിന് എങ്ങിനെ ദോഷമായി വരുമെന്നോ പറയാൻ വിമർശിക്കുന്നവർക്ക് കഴിയുന്നില്ല.
രാഷ്ട്രീയപരമായ എതിർപ്പുകൾക്ക് അപ്പുറം സാമൂഹിക, സാമ്പത്തിക, അക്കാദമിക് തലങ്ങളിലെ വിദഗ്ധരും കിഫ്ബിയെ നിരീക്ഷിച്ച് വരികയാണ്.കേരളത്തിലെ അടിസ്ഥാന സൗകര്യവികസന രംഗത്ത് അഞ്ച് വർഷം കൊണ്ട് 50,000 കോടി രൂപയുടെ നിക്ഷേപമാണ് കിഫ്ബിയുടെ ലക്ഷ്യം. 45000 കോടിരൂപയുടെ പദ്ധതികൾക്ക് ഇതിനകം അനുമതി നൽകികഴിഞ്ഞു. ഇത്രയും തുക സമാഹരിക്കാനാകുമോ, പദ്ധതികളിൽ നിന്നും വരുമാനം ആർജ്ജിച്ച് വായ്പ തിരിച്ചടക്കാനാകുമോ, അല്ലെങ്കിൽ കേരളം ഭീമമായ കടക്കെണിയിൽ അകപ്പെടില്ലേ തുടങ്ങിയ നിരവധി വിഷയങ്ങളാണ് വിമർശകർ ഉന്നയിക്കുന്നത്.
കിഫ്ബി അനുയോജ്യമാതൃക
സംസ്ഥാനത്തിന്റെ വരുമാനം മാത്രം ഉപയോഗിച്ച് വികസനം സാധ്യമല്ലെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. കൂടാതെ കേന്ദ്ര ധന ഉത്തരവാദിത്ത നിയമം (എഫ്.ആർ.ബി.എം ആക്ട്്) കാരണം സംസ്ഥാന വരുമാനത്തിന്റെ മൂന്ന് ശതമാനത്തിലധികം വായ്പ എടുക്കാൻ സർക്കാരിന് കഴിയുകയുമില്ല.
അതിനെ മറികടക്കുന്നതിനും ബജറ്റിന് പുറത്ത് വായ്പയെടുത്ത് വികസനം സാധ്യമാക്കുന്നതിനും ഒരു സ്‌പെഷൽ പർപ്പസ് വെഹിക്കിൾ (എസ്.പി.വി) എന്ന സംവിധാനത്തിലേക്കാണ് ധനമന്ത്രി തോമസ് ഐസക്ക് കിഫ്ബിയെ പരിവർത്തനം ചെയ്തത്. വൻകിട പദ്ധതികൾക്കായി ഫണ്ട് സമാഹരിക്കുകയും അതിനെ ആസൂത്രിതമായി വിനിയോഗിച്ചുകൊണ്ട് അതിവേഗത്തിൽ കേരളത്തിലെ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുന്നതിനുമാണിതിലൂടെ ലക്ഷ്യമിടുന്നത്.
ജനസംഖ്യാ വർധനവിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകേണ്ടതുണ്ട്.അടിസ്ഥാന സൗകര്യവികസനമെന്നത് സാമ്പത്തിക വളർച്ചയുടെ അടിത്തറയായതിനാൽ അതൊരിക്കലും അവഗണിക്കാനാവില്ല.കിഫ്ബിയുടെ പ്രസക്തിവർദ്ധിക്കുന്നത് ഇൗ സാഹചര്യത്തിലാണ്.കാരണം വികസന രംഗത്തെ കേരളത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കണമെങ്കിൽ നവീനമായ ഇത്തരം ആശയങ്ങൾ സ്വീകരിച്ചേ മതിയാകൂ. അടിസ്ഥാന സൗകര്യവികസനത്തിനായി രാജ്യാന്തര തലത്തിൽ വായ്പാസാധ്യതകളെ ഉപയോഗിക്കുന്ന മാതൃകയാണ് ഇവിടെ കിഫ്ബിയും അവലംബിക്കുന്നത്. ഇതിനുള്ള സാങ്കേതിക നിയമ യോഗ്യതകൾ സംസ്ഥാനത്തിന് നൽകികൊണ്ട് വായ്പാശേഷി വർദ്ധിപ്പിക്കുന്ന രീതിയാണ് അത് സ്വീകരിച്ചിരിക്കുന്നത്.വിദേശ രാജ്യങ്ങളിൽ കിഫ്ബി പോലുള്ള നിരവധി ഇൻഫ്രാസ്ട്രക്ചർ ഫിനാൻസിംഗ് കമ്പനികളുണ്ട്.
വൻതോതിൽ കടമെടുക്കുന്നതിൽ അപകടമുണ്ടെങ്കിലും ബജറ്റിലൂടെ ഒരിക്കലും നടപ്പാക്കാനാകാത്ത പദ്ധതികൾ കേരളത്തിൽ യാഥാർത്ഥ്യവൽക്കരിക്കുന്നതിനായി ദീർഘവീക്ഷണത്തോടെ കിഫ്ബിയെ രൂപപ്പെടുത്തിയ ധനമന്ത്രി ഡോ.തോമസ് ഐസക്ക് സ്തുത്യർഹമായ ചുവടുവെയ്ക്കപാണ് സംസ്ഥാനവികസനമേഖലയിൽ നടത്തിയിരിക്കുന്നത്. അതേസമയം കേരളത്തിന്റെ ഇന്നത്തെ സാഹചര്യത്തിൽ കിഫ്ബിക്ക് വിജയം കൈവരിക്കാനായില്ലെങ്കിൽ അത് സംസ്ഥാനത്തിന് ഏൽപ്പിക്കുന്ന ആഘാതം അതീവ ഗുരുതരമായിരിക്കും.അതുകൊണ്ട് തന്നെ കിഫ്ബി പദ്ധതികൾ വിജയിപ്പിക്കേണ്ടത് സംസ്ഥാനത്തെ ജനങ്ങളുടെ കൂടി കടമയായി മാറികഴിഞ്ഞു.
പണം കണ്ടെത്താൻ നിരവധിവഴികൾ
പരമ്പരാഗത മാർഗങ്ങളിൽ നിന്ന് രാജ്യത്തെയും വിദേശത്തെയും ബോണ്ട് മാർക്കറ്റുകൾ, നബാർഡ്, ബാങ്കുകൾ തുടങ്ങിയ വ്യത്യസ്ത സ്രോതസുകളിൽ നിന്നും അഞ്ച് വർഷം കൊണ്ട് 50,000 കോടി രൂപ സമാഹരിക്കാനാണ് കിഫ്ബി ലക്ഷ്യമിടുന്നത്. മസാല ബോണ്ട് ഇഷ്യൂവിലൂടെ മാത്രം 5000 കോടിയാണ് ലക്ഷ്യം. ഇക്കഴിഞ്ഞ മാർച്ചിൽ 2600 കോടിയുടെ ആദ്യഘട്ട ഇഷ്യൂ നടത്തിയെങ്കിലും 9.72 ശതമാനം പലിശക്ക് 2150 കോടി രൂപ മാത്രമാണ് സമാഹരിച്ചത്.
കേന്ദ്രസർക്കാർ എസ്.എൽ.ആർ ബോണ്ട് മുഖേന വായ്പ എടുക്കുന്നത് 8.3 ശതമാനത്തിനാണെന്നും, 35000 ഹെക്ടർ ലാൻഡ് അസറ്റുള്ള ആന്ധ്രാപ്രദേശ് കാപ്പിറ്റൽ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി ആഭ്യന്തര വിപണിയിൽ നിന്ന് 10.32 ശതമാനത്തിനാണ് വായ്പ എടുത്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി ഇതിനെ ചെറുത്തത്. മസാല ബോണ്ടിൽ കനേഡിയൻ കമ്പനിയായ സി.ഡി.പി.ക്യു നിക്ഷേപം നടത്തിയതിന് എതിരെയായിരുന്നു മറ്റൊരു വിമർശനം.
സി.ഡി.പി.ക്യുവെന്നത് ഒരു പെൻഷൻ ഫണ്ടായതിനാൽ ഏറ്റവും കൂടുതൽ ഉറപ്പായ വരുമാനം ലഭിക്കുന്ന പദ്ധതി ആയതിനാലാണ് അവർ മസാല ബോണ്ടിൽ നിക്ഷേപം നടത്തിയതെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. പ്രവാസി ചിട്ടിയിലൂടെ ലഭിക്കുന്ന തുകയും കിഫ്ബിയുടെ ബോണ്ടിലാണ് കെ.എസ്.എഫ്.ഇ നിക്ഷേപിക്കുന്നത്. കിഫ്ബിക്ക് ലഭിക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ ഫണ്ട് ഇതായിരിക്കുമെന്നാണ് നിഗമനം.
കഴിഞ്ഞ വർഷം ഒക്‌റ്റോബറിൽ ആരംഭിച്ച പ്രവാസി ചിട്ടിയിലൂടെ 10,000 കോടി രൂപ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇതേവരെ ലഭിച്ചത് വെറും 17 കോടി മാത്രമാണ്. വരും വർഷങ്ങളിൽ ഇത് ആനുപാതികമായി കൂടിയേക്കുമെന്നാണ് പ്രതീക്ഷ.നബാർഡിന്റെ നിഡ സ്‌കീം മുഖേനയുള്ള വായ്പയാണ് മറ്റൊരുമാർഗം. ഇതുവരെ 565കോടിലഭിച്ചു.4000 കോടി രൂപയാണ് ലക്ഷ്യം.
കൂടാതെ ബാങ്കുകളുടെ കൺസോർഷ്യം മുഖേന 2500 കോടി രൂപയുടെ വായ്പ എടുക്കാനും കിഫ്ബി ധാരണയിൽ ഏർപ്പെട്ടിട്ടുണ്ട്. ഓരോ ലിറ്റർ പെട്രോളും ഡീസലും വിൽക്കുമ്പോഴുള്ള ഒരു രൂപ സെസ്സും കൂടാതെ മോട്ടോർ വാഹന നികുതിയുടെ പകുതിയുമാണ് സർക്കാരിൽ നിന്നും കിഫ്ബിക്ക് ലഭിക്കുന്ന സ്ഥിരവരുമാനം. ഇത് ട്രഷറിയിൽ നിന്നും ഉടനടി കിഫ്ബിക്ക് ലഭിക്കുന്നതിനായി കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഒരു എസ്‌ക്രോ അക്കൗണ്ട് സംവിധാനവും നടപ്പാക്കിയിട്ടുണ്ട്.
ഗുണനിലവാരമുറപ്പിച്ച് മുന്നോട്ട്
പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കിഫ്ബിക്ക് ഇതുവരെയുള്ളത്. അതുകൊണ്ട് തന്നെ ഭരണ പ്രതിപക്ഷങ്ങളുടെ വിമർശനം ഒരുപോലെ ഉയരുന്നുമുണ്ട്. ഗുണനിലവാരമില്ലെന്ന പേരിൽ ചില പദ്ധതികൾക്ക് കിഫ്ബി സ്റ്റോപ്പ് മെമ്മോ നൽകിയത് വൻ വിവാദത്തിനിടയാക്കി.വളരെ ആധുനികമായ സംവിധാനമാണ് ഗുണനിലവാരമുറപ്പിക്കാൻ കിഫ്ബി ഏർപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |