ജനാധിപത്യം ഒരു വലിയ വാഗ്ദാനമാണെന്നാണ് പ്രശസ്ത ചിന്തകനും ദാർശനികനുമായ ജാക്വസ് ദെറിദ പറയുന്നത്. സ്വാതന്ത്ര്യവും, സമത്വവും,നീതിയും, സാഹോദര്യവുമാണ് ഈ വാഗ്ദാനത്തിലെ ഏറ്റവും സുപ്രധാന ഇനങ്ങൾ. ഇതു തന്നെയാണ് ഇന്ത്യൻ ഭരണഘടന നൽകുന്ന വാഗ്ദാനങ്ങളും. മതനിരപേക്ഷതയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും വ്യക്തിയുടെ അന്തസും ഉയർത്തി പിടിക്കുമെന്നും അത് സൂചിപ്പിക്കുന്നു. ഇത്തരം വാഗ്ദാനങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ ലംഘനമായാണ് പൗരത്വ പ്രശ്നം ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്.
ദേശീയ പൗരത്വ രജിസ്റ്റർ
ദേശീയ ജനാധിപത്യ സഖ്യം അധികാരത്തിൽ വന്നതിനു ശേഷം പൗരത്വത്തെ സംബന്ധിക്കുന്ന രണ്ട് സുപ്രധാന നിയമങ്ങളാണ് പാസാക്കിയത്.ദേശീയ പൗരത്വ രജിസ്റ്ററിനെ സംബന്ധിക്കുന്നതും ഇപ്പോഴത്തെ പൗരത്വ ഭേദഗതി നിയമവും.ഈ രണ്ട് നിയമങ്ങളേയും ഒരുമിച്ചു പരിഗണിച്ചെങ്കിൽ മാത്രമേ പരത്വത്തെ സംബന്ധിക്കുന്ന ചർച്ച പൂർണമാവുകയുള്ളു.
രണ്ട് നിയമങ്ങളും പരസ്പര പൂരകങ്ങളായി വർത്തിക്കുന്നു. പൗരത്വ രജിസ്റ്ററിന്റെ ലക്ഷ്യം, ആരാണ് പൗരൻ ആരാണ് പൗരൻ അല്ലാത്തത് എന്ന് കണ്ടു പിടിക്കുക എന്നതാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യം മറ്റൊന്നാണ്. രാജ്യത്തിന് പുറത്തുള്ളവർക്ക് ചില ഉപാധികളുടെ അടിസ്ഥാനത്തിൽ പൗരത്വം നൽകുക എന്നത്.ആദ്യത്തേത് അകത്തുള്ളവരിൽ ചിലരെ പുറത്താക്കാൻ ശ്രമിക്കുന്നെങ്കിൽ, രണ്ടാമത്തേത് പുറത്തുള്ളവരിൽ ചിലരെ അകത്താക്കാൻ ശ്രമിക്കുന്നു.
പൗരത്വ രജിസ്റ്റർ ആദ്യം നടപ്പിലാക്കിയത് അസാമിലാണല്ലോ. അതിപ്പോൾ ദേശവ്യാപകമായി നടപ്പിലാക്കുമെന്നാണ് ആദ്യന്തര വകുപ്പു മന്ത്രി അമിത് ഷാ പറയുന്നത്.ഇതിനർത്ഥം നാം ഓരോരുത്തരും നമ്മളുടെ പൗരത്വം തെളിയിക്കണമെന്നാണ്. അതുവരെ നമ്മുടെ പൗരത്വം താൽക്കാലികമാണ്. പൗരത്വ രജിസ്റ്റർ തയ്യറാക്കാൻ തുനിയുന്ന ഭരണകൂടം നമ്മൾ ഓരോരുത്തരോടും ചോദിക്കുന്ന ചോദ്യങ്ങൾ ഇവയാണ്.'നിങ്ങൾക്ക് എങ്ങനെ അറിയാം നിങ്ങൾ ഇന്ത്യൻ പൗരനാണെന്ന്? നിങ്ങൾ ഇന്ത്യൻ പൗരനാണെങ്കിൽ അത് തെളിയിക്കാൻ നിങ്ങളുടെ കൈവശം ഞങ്ങൾ നിശ്ചയിച്ചിട്ടുള്ള ഏതേത് രേഖകളാണ് ഉള്ളത്?' 'നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' പണ്ട് കടമ്മനിട്ട ചോദിച്ചതു പോലെയാണ് കാര്യങ്ങളുടെ പോക്ക്.
ഒറ്റനോട്ടത്തിൽ ഇത് വലിയൊരു പ്രശ്നമായി തോന്നില്ലെങ്കിലും, കാര്യത്തിലേക്ക് കടക്കുമ്പോൾ അത് ഉയർത്താൻ പോകുന്ന വെല്ലുവിളി ഭയാനകമാണ്. വിദ്യാഭ്യാസവും സമ്പത്തുമുള്ള ഒരു ചെറുപക്ഷത്തെ മാറ്റി നിർത്തിയാൽ സാധാരണ ജനങ്ങൾക്ക്, അവർ ഇന്ത്യാക്കാരാണെന്നതിന് എന്ത് തെളിവാണ് കൈവശമുള്ളത്? പ്രത്യേകിച്ച് മുതിർന്ന തലമുറയിൽപ്പെട്ടവർക്ക്. നമ്മൾ പൗരന്മാരാണെന്ന് തെളിയിക്കണമെങ്കിൽ ചുരുങ്ങിയ പക്ഷം നമ്മളുടെ അച്ഛനും അമ്മയ്ക്കും ഇന്ത്യൻ പൗരത്വം ഉണ്ടെന്ന് തെളിയിക്കേണ്ടി വരും എന്നകാര്യം ഓർക്കുക.അഷ്ടിക്ക് വകയില്ലാത്ത സാധാരണക്കാരിൽ എത്ര പേരുടെ ജനനമാണ് ഏതെങ്കിലും സർക്കാരാഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടാവുക. വോട്ടേഴ്സ് ലിസ്റ്റിൽ പോലും പേരില്ലാത്ത എത്രയോ ലക്ഷം പേർ ഇന്ത്യയിലുണ്ടെന്ന കാര്യവും ആലോചനാമൃതം തന്നെ.
നാം ഈ പ്രശ്നത്തെ കേരളത്തിന്റെ പരിസരത്തിൽ നിന്ന് മാത്രമല്ല നോക്കേണ്ടത്.മറിച്ച് ഇന്ത്യയുടെ പശ്ചാത്തലത്തിൽ വേണം വിലയിരുത്തേണ്ടത്. തെരുവിൽ സഞ്ചരിക്കാനോ മാന്യമായി വസ്ത്രം ധരിക്കാനോ പോലും അവകാശമില്ലാത്ത ദളിത് പിന്നോക്ക വിഭാഗങ്ങളിൽപ്പെടുന്ന എത്ര പേർക്കാണ് സ്വന്തം പൗരത്വം തെളിയിക്കാൻ ആവശ്യമായ രേഖകൾ കൈവശമുണ്ടാവുക? മുസ്ലീംങ്ങളുടെ കാര്യവും വളരെ വിഭിന്നമല്ല. ഇത്തരമൊരു കണക്കെടുപ്പ് നടത്തുമ്പോൾ ഭരണകൂടം മന:പൂർവം നടത്തിയേക്കാവുന്ന മാനിപ്പുലേഷന്റെ സാധ്യതയേയും നിസാരവൽക്കരിക്കാനാവില്ല. അങ്ങനെ സംഭവിക്കുന്ന വേളയിൽ കോടതി കയറി ഇറങ്ങാനുള്ള സമ്പത്തും സമയവും എത്ര സാധാരണക്കാർക്കാണുള്ളത്? ഏതെങ്കിലും കാരണവശാൽ പൗരത്വം തെളിയിക്കാൻ കഴിയാതെ വന്നാലോ? നമ്മൾ പ്രത്യേക 'ക്യാമ്പിലേക്ക് ' മാറ്റപ്പെടും.
അസാമിൽ ഇത് നടപ്പിലാക്കിയപ്പോൾ അവിടുത്തെ മുഴുവൻ ജനങ്ങളും ( 3.3 കോടി) പൗരത്വം തെളിയിക്കാൻ നെട്ടോട്ടം ഓടിയത് ഓർക്കുക. അവസാനം 19 ലക്ഷം പേരാണ് പട്ടികയിൽ നിന്ന് പുറത്തായത്.ഇവരെ പാർപ്പിക്കാൻ പ്രത്യേക ക്യാമ്പുകൾ തയ്യാറാക്കി വരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരക്കാർ ഇന്ത്യൻ ഭരണഘടനക്കും അത് നൽകുന്ന പൗരത്വാവകാശങ്ങൾക്കും വെളിയാലാണെന്ന കാര്യവും ഓർക്കുന്നത് നന്നായിരിക്കും.
പൗരത്വ ഭേദഗതി നിയമം
തുടക്കത്തിൽ സൂചിപ്പിച്ചതു പോലെ അന്യരാജ്യങ്ങളിൽ ഉള്ളവർക്ക് ഇന്ത്യൻ പൗരത്വം നൽകുക എന്നതാണ് നിയമത്തിന്റെ ലക്ഷ്യം.ഇതിന് പ്രധാനമായും മൂന്ന് ഉപാധികളാണ് മുന്നോട്ടുവച്ചിരിക്കുന്നത്: പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ ഉള്ള മത പീഢനത്തിന്റ ഇരകളായവർ;ഇത്തരക്കാർ ഹൈന്ദവ, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ മതങ്ങളിൽ പെട്ടവരായിരിക്കണം; 2014 ഡിസംബർ 31 നോ അതിന് മുൻപോ ഇന്ത്യയിൽ പ്രവേശിക്കുകയും സ്ഥിരമായി ഇവിടെ താമസിക്കുകയും വേണം.
മതാധിഷ്ടിത പൗരത്വം
നിയമത്തിന്റെ ഏറ്റവും വലിയ പ്രതിലോമത അത് പൗരത്വത്തെ മതാധിഷ്ഠിതമാക്കിയിരിക്കുന്നു എന്നതാണ്. മുൻപ് സൂചിപ്പിച്ച രാജ്യങ്ങളിലെ മുസ്ലീംങ്ങളെ പൗരത്വത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഇതിന് ഭരണകൂടം പറയുന്ന ന്യായീകരണം ഈ രാജ്യങ്ങളിൽ മുസ്ലിംങ്ങൾ പീഢിപ്പിക്കപ്പെടുന്നില്ല എന്നതാണ്. എന്നാൽ ഇതിന് വാസ്തവവുമായി യാതൊരു ബന്ധവുമില്ലെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിന്റെ അനുഭവം വെളിപ്പെടുത്തുന്നു.ഇതു തന്നെയാണ് പാകിസ്ഥാനിലെ അഹമ്മദീയരുടെയും ഷിയാ മുസ്ലിംങ്ങളുടെയും കാര്യം. ഈ രാജ്യങ്ങളിലെ ലിബറൽ മുസ്ലിംങ്ങളുടെ കാര്യം പറയുകയും വേണ്ട.
പാകിസ്ഥാനും അഫ്ഘാനിസ്ഥാനും ബംഗ്ലാദേശും ഒഴികെയുള്ള അയൽ രാജ്യങ്ങളെ പട്ടികയിൽ നിന്നൊഴിവാക്കിയതും സംശയം ജനിപ്പിക്കുന്നു. ഇതിന് ഭരണകൂടത്തിന്റെ വിശദീകരണം ഇവ മാത്രമേ ദക്ഷിണേഷ്യയിൽ മതാധിഷ്ഠിത രാജ്യങ്ങളായി അവശേഷിക്കുന്നുള്ളു എന്നതാണ്.അങ്ങനെയെങ്കിൽ, വജ്ര യാന ബുദ്ധിസത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചിരിക്കുന്ന ഭൂട്ടാന്റെ കാര്യമോ? ക്രൈസ്തവർക്ക് പ്രാർത്ഥനാ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന രാജ്യമാണ് ഭൂട്ടാൻ. ചില ചോദ്യങ്ങളും ഇവിടെ ഉയരുന്നു: മത പീഢനത്തിന്റെ മാനദണ്ഡം ഒരു രാജ്യത്തിന് ഔദ്യോഗിക മതം ഉണ്ടെന്നതോ ഇല്ലെന്നതോ ആണോ? മതാധിഷ്ഠിത ഭരണം ആണെങ്കിലും അല്ലെങ്കിലും പീഢനം പീഢനം തന്നെയല്ലേ?
ഭരണഘടനയും അന്താരാഷ്ട്ര നിയമങ്ങളും
നിയമത്തിലെ ഭേദഗതി ഇന്ത്യൻ ഭരണഘടനയുടെയും രാജ്യാന്തര നിയമങ്ങളുടെയും ലംഘനത്തേയും കുറിക്കുന്നു. ഭരണഘടനയുടെ 14ാം വകുപ്പ് നിയമത്തിന് മുന്നിൽ തുല്യതയും തുല്യ പരിരക്ഷയും ഉറപ്പാക്കുമ്പോൾ, പുതിയ നിയമം മുസ്ലീംങ്ങളെ അതിൽ നിന്ന് ഒഴിവാക്കുന്നു. മാത്രമല്ല,1996ൽ സുപ്രീം കോടതി നടത്തിയൊരു നിരീക്ഷണവും ഇവിടെ പ്രസക്തമാണ്. ഭരണഘടനയുടെ 21ാം വകുപ്പ് ഇന്ത്യൻ പൗരന്മാർ അല്ലാത്തവർക്ക് പോലും ബാധകമാണെന്നാണ് കോടതി പറഞ്ഞത്. ഇതിനർത്ഥം ഭരണഘടനയുടെ അന്തസത്തയ്‌ക്ക് നിരക്കാത്തതാണ് പൗരത്വ ഭേദഗതി എന്നാണ്.
മറുവശത്ത് ഇന്ത്യ ഒപ്പുവച്ച പല രാജ്യാന്തര കരാറുകളുടെയും പ്രത്യക്ഷവും പരോക്ഷവുമായ ലംഘനമായും അത് നിൽക്കുന്നു. സുരക്ഷിതവും സ്ഥിരവും ചിട്ടയോടെയുമുള്ള കുടിയേറ്റത്തെ സംബന്ധിക്കുന്ന അന്താരാഷ്ട്ര ഉടമ്പടി, സിവിലും രാഷ്ട്രീയവുമായ അവകാശങ്ങളെ സംബന്ധിക്കുന്ന ഉടമ്പടി, വർണ്ണവിവേചനം ഇല്ലാതാക്കാനുള്ള ഉടമ്പടി തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.
എല്ലാം പറഞ്ഞു കഴിയുമ്പോൾ ചില സുപ്രധാന ചോദ്യങ്ങൾ അവശേഷിക്കുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും മൗലികമായ സമസ്യ പൗരത്വ പ്രശ്നമാണോ? വർദ്ധിച്ചു വരുന്ന ദാരിദ്ര്യവും കാർഷിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വഷളായിക്കൊണ്ടിരിക്കുന്ന സമ്പദ്ഘടനയുടെയും പ്രശ്നങ്ങളല്ലേ ഭരണകൂടം അടിയന്തിരമായി പരിഹരിക്കേണ്ടത്? ഇവയ്ക്കുള്ള പോംവഴിയാണോ പൗരത്വ നിയമങ്ങൾ? ബി.ജെ.പി. എന്ന രാഷ്ടീയ പാർട്ടിക്ക് അധികാരം നിലനിർത്താനും ഹിന്ദു മുസ്ലിം ചേരികളായി രാഷ്ട്രത്തെ കീറി മുറിക്കാനും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും സാധാരണ ജനങ്ങളെ, പ്രത്യേകിച്ച് ദളിത് പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളെ, അപകട മുനമ്പിലേക്ക് തള്ളിവിടാനുമല്ലാതെ ഇന്ത്യ വർത്തമാനകാലത്ത് നേരിടുന്ന കാതലായൊരു പ്രശ്നത്തിനും പരിഹാരമല്ല പുതിയ പൗരത്വ നിയമങ്ങൾ.
ഇന്ത്യയിൽ ചിലർ നിയമങ്ങളാൽ ഭരിക്കപ്പെടുന്നു, മറ്റു ചിലർ നിയമങ്ങൾക്ക് മുകളിൽ ജീവിക്കുന്നു. ഇനിയും ചിലരുണ്ട്, മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർ. അവർ യാതൊരു നിയമങ്ങളുമില്ലാതെ ഭരിക്കപ്പെടുന്നു. അവസാനം പറഞ്ഞവരെയാണ് ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും ചേർന്ന് വരിഞ്ഞ് മുറുക്കാൻ പോകുന്നത്. ഇതെല്ലാം കാണുമ്പോൾ പണ്ട് സ്വാതന്ത്ര്യത്തെക്കുറിച്ച് വൈലോപ്പിള്ളി പറഞ്ഞത് ഓർമ്മ വരുന്നു.' ഈ സ്വാതന്ത്ര്യം എന്തൊരു പരിഹാസം'. ഇന്നദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കിൽ ഒരു പക്ഷേ പൗരത്വത്തെക്കുറച്ചും ഇത് പറയുമായിരുന്നു. ഈ പൗരത്വം എന്തൊരു പരിഹാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |